വിനീഷ്യസിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ വിളിക്കാത്ത അതിഥിയായി പൂച്ച, വലിച്ചെറിഞ്ഞ് പ്രസ് ഓഫീസര്‍, വിവാദം
വാര്‍ത്താ സമ്മേളനത്തിനിടെ പൂച്ചയെ വലിച്ചെറിഞ്ഞതിനെക്കുറിച്ച് ചോദിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനോട് ആദ്യം പേര് ചോദിച്ച ടിറ്റെ, പൂച്ചയെ എറിഞ്ഞയാളോട് അന്വേഷിക്കൂ എന്ന് മറുപടി നൽകി.
ദോഹ: ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇന്ന് ക്രൊയേഷ്യയെ നേരിടാനിറങ്ങുന്നതിന് മുന്നോടിയായി ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വിളിക്കാത്ത അതിഥിയായി മൈക്കിന് അടുത്തെത്തി ഇരിപ്പുറപ്പിച്ച പൂച്ചയെ പിടിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് ബ്രസീല്‍ ടീമിന്‍റെ പ്രസ് ഓഫീസര്‍. ഇന്നലെ വിനീഷ്യസ് ജൂനിയര്‍ വാര്‍ത്താ സമ്മേളനത്തിനിടിയില്‍ സംസാരിക്കുന്നതിനിടെയാണ് പൂച്ച മൈക്കിന് അടുത്തെത്തി ഇരിപ്പുറപ്പിച്ചത്.
ഇത് കണ്ട ബ്രസീല്‍ ടീമിന്‍റെ പ്രസ് ഓഫീസര്‍ പൂച്ചയെ താഴേക്ക് എടുത്തിടുകയായിരുന്നു. ഇത് കണ്ട വിനീഷ്യസ് ചിരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ മൃഗസ്നേഹികള്‍ പ്രതിഷേധം അറിയിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ വിസമ്മതിച്ചു.വാര്‍ത്താ സമ്മേളനത്തിനിടെ പൂച്ചയെ വലിച്ചെറിഞ്ഞതിനെക്കുറിച്ച് ചോദിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനോട് ആദ്യം പേര് ചോദിച്ച ടിറ്റെ, പൂച്ചയെ എറിഞ്ഞയാളോട് അന്വേഷിക്കൂ എന്ന് മറുപടി നൽകി.
പൂച്ചയെ പിടിച്ച് ടേബിളിന് താഴേക്ക് വലിച്ചെറിഞ്ഞ പ്രസ് ഓഫീസറുടെ നടപടിയില്‍ ബ്രസീല്‍ ആരാധകരും പ്രതികരണവുമായി എത്തിയിരുന്നു. പൂച്ചയെ പിടിച്ച് വലിച്ചെറിയേണ്ടായിരുന്നുവെന്നും അതിനെ താഴേക്ക് ഇറക്കി വിട്ടാല്‍ മതിയായിരുന്നുവെന്നുമാണ് ആരാധകരുടെ പ്രതികരണം.
ലോകകപ്പില്‍ ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്‍റെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളാണ് ക്രോയേഷ്യ. ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയും നെതര്‍ലന്‍ഡ്സും തമ്മില്‍ ഏറ്റുമുട്ടും. ഇന്നത്തെ ക്വാര്‍ട്ടറില്‍ വിജയിക്കുന്നവരാകും സെമിയില്‍ ഏറ്റമുട്ടുക. അതുകൊണ്ടുതന്നെ ബ്രസീല്‍-അര്‍ജന്‍റീന സ്വപ്ന സെമിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ എത്തുന്ന നെതര്‍ലന്‍ഡ്സമായുള്ള പോരാട്ടം അര്‍ജന്‍റീനക്കും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളുമായുള്ള പോരാട്ടം ക്രൊയേഷ്യക്കും എളുപ്പമാകില്ല.