സ്കലോണിയുടെ വമ്പന്‍ ടാക്റ്റിക്കല്‍ ഡിസിഷന്‍ വരുന്നു? ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന, എതിരാളി പോളണ്ട്

ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല

fifa world cup 2022 argentina vs poland match today do or die match for lionel messi

ദോഹ: ഖത്തറില്‍ നില്‍ക്കണോ പോണോയെന്ന് അറിയാനുള്ള ജീവന്മരണ പോരാട്ടത്തിന് അര്‍ജന്‍റീന ഇന്ന് ഇറങ്ങും. പോളണ്ടാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ഇതിനകം ഇതിഹാസങ്ങളായി മാറിക്കഴിഞ്ഞ ലിയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. രണ്ട് ടീമുകള്‍ക്കും ഒറ്റ ലക്ഷ്യം മാത്രമാണ്, മൂന്ന് പോയിന്‍റ്.

ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനില
നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോൾ സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി.

തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ രക്ഷക്കെത്തിയ നായകൻ മെസിയുടെ ഇടങ്കാലിലേക്കാണ് അർജന്‍റീന ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്. ഒപ്പമുള്ളവർ പ്രതീക്ഷയ്ക്കൊത്ത് പന്ത് തട്ടാത്തതിനാൽ മെസിക്ക് കൂടുതൽ ഊർ‍ജവും മികവും പുറത്തെടുക്കേണ്ടിവരും. മെക്സിക്കോയ്ക്കെതിരെ ടീം ഉടച്ചുവാർത്ത കോച്ച് ലിയോണൽ സ്കലോണി പോളണ്ടിനെതിരെയും അർജന്‍റൈന്‍ ഇലവനിൽ മാറ്റം വരുത്തുമെന്നുറപ്പ്.

പ്രതിരോധത്തിൽ ഗോൺസാലോ മോണ്ടിയേലിന് പകരം നഹ്വേൽ മൊളീനയെത്തും. ഫോം നഷ്ടമായ ലിയാൻഡ്രോ പരേഡസ് പുറത്തിരിക്കാനാണ് സാധ്യത. പകരം എൻസോ ഫെർണാണ്ടസിന് ആദ്യ ഇലവനില്‍ തന്നെ അവസരം കിട്ടിയേക്കും. പൗളോ ഡിബാലയ്ക്കും ഇന്ന് അവസരം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ലാറ്റാരോ മാര്‍ട്ടിനസ് പകരം ജൂലിയന്‍ അല്‍വാരസിനെ മുന്നേറ്റ നിരയില്‍ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും ഇന്‍റര്‍ മിലാന്‍ തന്നെയാകും ആദ്യ ഇലവനില്‍ എത്തിയേക്കുക.

അല്‍വാരസിന് രണ്ടാം പകുതിയില്‍ ടീമിനെ കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ രണ്ട് മത്സരങ്ങളിലും സാധിച്ചിരുന്നു. ഡിബാലയെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തിനെത്തിയ സ്കലോണിയോട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊരു ടാക്റ്റിക്കല്‍ ഡിസിഷനാണ്. എല്ലാ ടീമംഗങ്ങളെയും പോലെ കളിക്കാൻ അവനും തീർച്ചയായും കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അടുത്ത മത്സരത്തില്‍ കാണാം എന്നാണ് സ്കലോണി മറുപടി പറഞ്ഞു. ക്ലബ് ഫുട്ബോളിലെ സ്കോറിംഗ് മികവ് ലെവൻഡോവ്സ്കി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പോളണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios