11 ലോകകപ്പുകള്‍ നേരില്‍ക്കണ്ട ബ്രസീല്‍ ആരാധകന് ഗിന്നസ് റെക്കോര്‍ഡ്

നാലു വര്‍ഷത്തിനുശേഷം അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും പങ്കെടുക്കണമെന്നാണ് സബ്രൂസിയുടെ ആഗ്രഹം.

Brazilian man sets Guinness World Record for watching most world Cups

ദോഹ: 11 ലോകകപ്പുകള്‍ നേരില്‍ക്കണ്ട 75കാരനായ ബ്രസീലിയന്‍ ആരാധന് ഗിന്നസ് റെക്കോര്‍ഡ്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള ഡാനിയേല്‍ സബ്രൂസിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1978ലെ അര്‍ജന്‍റീന ലോകകപ്പ് മുതല്‍ ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ മുടങ്ങാതെ എല്ലാ ലോകകപ്പുകളും നേരില്‍ കണ്ട ആരാധകനാണ് സബ്രൂസി. ബ്രസീലിലെ കാര്‍ണിവല്‍ സമയത്ത് പരമ്പരാഗത സംസ്കാരത്തിന്‍റെ ഭാഗമായി ധരിക്കാറുള്ള വധുവിന്‍റെ വസ്ത്രം ധരിച്ചാണ് സബ്രൂസി എല്ലാ ലോകകപ്പുകളും കണ്ടിട്ടുള്ളത് എങ്കിലും ഖത്തറില്‍ മാത്രം അതിന് ചെറിയൊരു വ്യത്യാസമുണ്ടായി. ആതിഥേയ രാജ്യത്തിന്‍റെ സംസ്കാരത്തിന് അനുസരിച്ച് വസ്ത്രധാരണത്തില്‍ ചെറിയൊരു മാറ്റം സബ്രൂസി വരുത്തി.

നാലു വര്‍ഷത്തിനുശേഷം അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും പങ്കെടുക്കണമെന്നാണ് സബ്രൂസിയുടെ ആഗ്രഹം. കൂടുതല്‍ പേരെ ലോകകപ്പ് കാണാന്‍ പ്രേരിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ഇതുവഴി ഓരോ രാജ്യത്തെയും സംസ്കാരങ്ങളും സാഹചര്യങ്ങളും എല്ലാം മനസിലാക്കാന്‍ അവസരം ലഭിക്കുമെന്നും സബ്രൂസി പറയുന്നു. ഭാവിയില്‍ തന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും സബ്രൂസി പറയുന്നു.

ലോകകപ്പ് ഫൈനല്‍: മെസി മാജിക്കിലും സ്കലോണിയുടെ തന്ത്രങ്ങളിലും പ്രതീക്ഷ അര്‍പ്പിച്ച് അര്‍ജന്‍റീന

ഖത്തര്‍ ലോകകപ്പില്‍ നാളെയാണ് കിരീടപ്പോരാട്ടം. ഇന്ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റു മുട്ടുമ്പോള്‍ നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയും ഫ്രാന്‍സുമാണ് ഏറ്റുമുട്ടുന്നത്. മൂന്നാം കിരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 36 വര്‍ഷത്തിനുശേഷം ആദ്യ കിരീടമാണ് അര്‍ജന്‍റീന ലക്ഷ്യം വെക്കുന്നതെങ്കില്‍ ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാവാനാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 8.30 ന് തുടങ്ങുന്ന ഫൈനല്‍ പോരാട്ടം കാണാനും സബ്രൂസി എത്തും.

Latest Videos
Follow Us:
Download App:
  • android
  • ios