'ഫൈനലുകളില്‍ മുഹമ്മദ് സിറാജ് തീപ്പൊരി'; പാക് താരം ഉമര്‍ അക്‌മല്‍ പ്രശംസിച്ച ട്വീറ്റ് എവിടെപ്പോയി? Fact Check
സിറാജിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്‌തിരുന്നോ ശരിക്കും ഉമര്‍? നമുക്ക് പരിശോധിക്കാം
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ലങ്കാവധം പൂര്‍ത്തിയാക്കി ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചിരുന്നു പേസര്‍ മുഹമ്മദ് സിറാജ്. കലാശപ്പോര് 10 വിക്കറ്റിന് ജയിച്ച് ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ഏഴ് ഓവറില്‍ സിറാജ് 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. ഇതിന് ശേഷം വലിയ പ്രശംസ ക്രിക്കറ്റ് ലോകത്ത് നിന്ന് മുഹമ്മദ് സിറാജിനെ തേടിയെത്തിയപ്പോള്‍ ഇതിലൊരു നല്ല വാക്കുകള്‍ പാക് മുന്‍ താരം ഉമര്‍ അക്രമലിന്‍റെ വകയായിരുന്നു. എന്നാല്‍ ഈ ട്വീറ്റ് (എക്‌സ്) പിന്നീട് കാണാതായതോടെ ആരാധകര്‍ സംശയത്തിലായി. സിറാജിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്‌തിരുന്നോ ശരിക്കും ഉമര്‍? നമുക്ക് പരിശോധിക്കാം.
പ്രചാരണം
ഇന്ത്യ- പാക് താരങ്ങള്‍ തമ്മില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം പങ്കുവെക്കുന്നത് അപൂര്‍വമാണ് എന്നിരിക്കേയാണ് ഏഷ്യാ കപ്പ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തില്‍ മുഹമ്മദ് സിറാജിന് ഉമര്‍ അക്‌മലിന്‍റെ വമ്പന്‍ പ്രശംസ എത്തിയത്. 'യു വാസ് അമേസിംഗ് ഇന്‍ ഫൈനല്‍സ്' എന്ന് മുഹമ്മദ് സിറാജിനെ മെന്‍ഷന്‍ ചെയ്‌ത് ഉമര്‍ അക്‌മല്‍ ട്വീറ്റ് ചെയ്‌തു എന്നാണ് സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഈ ട്വീറ്റിന്‍റെ ഉറവിടം പരിശോധിച്ച പല ആരാധകര്‍ക്കും അക്‌മലിന്‍റെ എക്‌സ് അക്കൗണ്ടില്‍ ഇത് കണ്ടെത്താനായില്ല. ഇതോടെയാണ് ട്വീറ്റ് വ്യാജമോ എന്ന സംശയം ആരാധകര്‍ക്കുണ്ടായത്.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ഉമര്‍ അക്‌മലിന്‍റെ ട്വീറ്റിനെ കുറിച്ചുള്ള വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് നടത്തി കണ്ടെത്തി. മുഹമ്മദ് സിറാജിനെ പ്രശംസിച്ചുള്ള അക്‌മലിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതിപ്പോള്‍ പാക് താരത്തിന്‍റെ എക്‌സ് അക്കൗണ്ടില്‍ കാണാനാവുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഉമര്‍ അക്‌മല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്‌തതാണ് ഇതിന് കാരണം. അക്‌മലിന് നന്ദി പറഞ്ഞ് മുഹമ്മദ് സിറാജ് ലിങ്ക് സഹിതം ട്വീറ്റ് ചെയ്‌തിരുന്നതായി പരിശോധനയില്‍ കണ്ടെത്താനായത് പാക് താരത്തിന്‍റെ ട്വീറ്റ് യഥാര്‍ഥമാണ് എന്ന് ഉറപ്പാക്കി. എന്നാല്‍ സിറാജിന്‍റെ ട്വീറ്റില്‍ നല്‍കിയിരിക്കുന്ന ഉമറിന്‍റെ ട്വീറ്റിന്‍റെ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല എന്നത് പാക് താരം അത് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്ന് വ്യക്തമാക്കുന്നു. 'നന്ദി' എന്നായിരുന്നു ഉമര്‍ അക്‌മലിന് സിറാജിന്‍റെ ട്വീറ്റ്.
സിറാജിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
സംഭവിച്ചത് എന്ത്?
'യു വാസ് അമേസിംഗ് ഇന്‍ ഫൈനല്‍സ്' എന്ന ഉമര്‍ അക്‌മലിന്‍റെ ട്വീറ്റില്‍ ഗ്രാമര്‍ തെറ്റുകള്‍ കടന്നുകൂടിയതായി ആരാധകര്‍ ചൂണ്ടിക്കാട്ടിയതോടെ പാക് താരം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. യു വാസ് അമേസിംഗ് ഇന്‍ ഫൈനല്‍സ് എന്നതിന് പകരം 'യു വേര്‍ അമേസിംഗ് ഇന്‍ ഫൈനല്‍സ്' എന്നായിരുന്നു ഉമര്‍ എഴുതേണ്ടിയിരുന്നത് എന്ന് ട്വീറ്റിന് താഴെ നിരവധി ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു പാക് മുന്‍ താരം. ഏഷ്യാ കപ്പ് ഫൈനലിലെ ആറ് വിക്കറ്റ് നേട്ടത്തില്‍ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ഉമര്‍ അക്‌മല്‍ ട്വീറ്റ് ചെയ്തിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.
ഉമര്‍ അക്‌മലിന്‍റെ തെറ്റ് ആരാധകര്‍ ചൂണ്ടിക്കാണിച്ചതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം