മയാമിയിലെ ഷോപ്പിംഗ് മാളില്‍ അന്യഗ്രഹജീവി പ്രത്യക്ഷപ്പെട്ടോ? കേരളത്തില്‍ വൈറലായ വീഡിയോയുടെ സത്യമിത്
മയാമിയില്‍ അന്യഗ്രഹജീവിയെ കണ്ടതായുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തില്‍ എന്താണ് അതിന്‍റെ വസ്‌തുത എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു
അന്യഗ്രഹജീവികളെ കണ്ടെത്തിയതായുള്ള കിംവദന്തികള്‍ക്ക് ഇക്കാലത്ത് യാതൊരു പഞ്ഞവുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അവ്യക്തമായ എന്ത് കണ്ടാലും ഉടനെ അന്യഗ്രഹജീവി എന്ന് അതിനെ വിളിക്കുകയാണ് ആളുകളുടെ പതിവ്. അമേരിക്കയിലെ മയാമിയില്‍ ഷോപ്പിംഗ് മാളില്‍ അന്യഗ്രഹജീവിയെ കണ്ടതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം തകൃതിയായി നടക്കുകയാണ്. വീഡിയോയും ചിത്രങ്ങളും സഹിതമാണ് ഈ പ്രചാരണങ്ങള്‍. കേരളത്തിലടക്കം പ്രചാരണം സജീവമായ സാഹചര്യത്തില്‍ എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു.
പ്രചാരണം
അമേരിക്കയിലെ മയാമിയില്‍ ഒരു ഷോപ്പിംഗ് മാളില്‍ അന്യഗ്രഹജീവി പ്രത്യക്ഷപ്പെട്ടുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വ്യാപക പ്രചാരണം. മാളില്‍ നിന്നുള്ള നിരവധി വീഡിയോകളും അതിന്‍റെ സ്ക്രീന്‍ഷോട്ടുകളുമാണ് യൂട്യൂബും, എക്‌സും, ഫേസ്‌ബുക്കും, ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. പ്രത്യക്ഷപ്പെട്ട ട്വീറ്റുകളിലൊന്ന് ചുവടെ കാണാം.
ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളത്തിലുള്ള തലക്കെട്ടുകളോടെ കേരളത്തിലും മയാമിയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ചര്‍ച്ചയായി. Aad Hi എന്ന യൂസര്‍ 2024 ജനുവരി 8-ാം തിയതി ഫേസ്‌ബുക്കില്‍ ഒരു കൊളാഷിനൊപ്പം പങ്കുവെച്ച കുറിപ്പ് ചുവടെ കൊടുത്തിരിക്കുന്നു. വൈറല്‍ വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ടുകളാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'Aliens in miami
ഇതെന്താ സംഭവം insta തുറന്നാൽ ഫുൾ ഇതിനെ പറ്റിയാണ് ഇപ്പൊ ന്യൂസ്.
ഇത്രയും പോലീസ് ഒക്കെ എന്തിനാ വന്നത്
ഇതെന്താ ഇഷ്യൂ എന്ന് officially വല്ല clarification ഉം വന്നോ?
#Aliens #miami'
ചിത്രം- ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
അന്യഗ്രഹജീവിയോ? എന്ന ചോദ്യം ഫേസ്‌ബുക്ക് പോസ്റ്റിലെ കൊളാഷില്‍ കാണാം. നിരവധി പൊലീസ് കാറുകള്‍ സംഭവസ്ഥലത്ത് ലൈറ്റുകള്‍ തെളിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതും, അന്യഗ്രഹജീവിയോ എന്ന ചോദ്യത്തോടെ എന്തോ ഒരു നിഴല്‍ഭാഗം ചുവപ്പ് വട്ടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും കൊളാഷില്‍ വ്യക്തമാണ്.
വസ്‌തുതാ പരിശോധന
മയാമിയില്‍ അന്യഗ്രഹ ജീവി പ്രത്യക്ഷപ്പെട്ടതായുള്ള ഈ പ്രചാരണം സത്യമാണോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിച്ചു. പ്രചരിക്കുന്ന കൊളാഷ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ഇതിനായി ആദ്യം ചെയ്‌തത്. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങളിലൊന്ന് അമേരിക്കന്‍ മാധ്യമം ന്യൂസ്‌വീക്ക് 2024 ജനുവരി 5-ാം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു.
ചിത്രം- ന്യൂസ് വീക്ക് വാര്‍ത്തയുടെ ഭാഗം
അന്യഗ്രഹജീവികളെ കുറിച്ചല്ല, ഒരുകൂട്ടം കൗമാരക്കാരുടെ വിചിത്രമായ ഒരു നടപടിയെ കുറിച്ചാണ് ഈ വാര്‍ത്തയില്‍ വിവരിക്കുന്നത്. മയാമിയിലെ തുറസായ ഷോപ്പിംഗ് മാളിലെത്തി പരസ്പരം പടക്കം കത്തിച്ചെറിഞ്ഞും സംഘര്‍ഷമുണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ നാല് കൗമാരക്കാതെ അറസ്റ്റ് ചെയ്‌തതായി വാര്‍ത്തയില്‍ വിശദീകരിക്കുന്നു. ഫേസ്‌ബുക്കില്‍ Aad Hi എന്ന യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കൊളാഷിലെ ചിത്രങ്ങള്‍ ന്യൂസ്‌വീക്കിന്‍റെ വാര്‍ത്തയിലും കാണാം. സംഭവസ്ഥലം ശാന്തമാക്കാന്‍ അറുപതിലധികം പൊലീസ് കാറുകളാണ് മാളിനടുത്തേക്ക് പാഞ്ഞെത്തിയത് എന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
സംഭവദിവസമായ 2024 ജനുവരി രണ്ടിന് മാളിന് സമീപത്തുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മയാമി പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. ഈ ട്വീറ്റിന് താഴെ, മയാമി ഷോപ്പിംഗ് മാളില്‍ എന്താണ് നടന്നത് എന്ന് ആളുകള്‍ തിരക്കിയിരിക്കുന്നത് കാണാം.
ചിത്രം- മിയാമി പൊലീസിന്‍റെ ട്വീറ്റ്
സംഭവിച്ചത് എന്ത്?
ഈ വര്‍ഷാദ്യം മയാമിയിലെ ഷോപ്പിംഗ് മാളില്‍ പുതുവത്സര പാര്‍ട്ടിക്കിടെ പടക്കം പൊട്ടിച്ചും പരസ്‌പരം ഏറ്റുമുട്ടിയും കൗമാരക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പൊലീസ് സംഘം കാറുകളില്‍ പാഞ്ഞെത്തുകയായിരുന്നു. പക്ഷേ ഈ സംഭവത്തിന്‍റെ വീഡിയോ ടിക് ടോക്കും ഇന്‍സ്റ്റഗ്രാമും എക്‌സും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ അടിക്കുറിപ്പുകളോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മാളില്‍ 10 അടി ഉയരമുള്ള അന്യഗ്രഹജീവിയെ കണ്ടുവെന്നും ഇതേത്തുടര്‍ന്നാണ് പൊലീസ് വാഹനങ്ങള്‍ ഇരച്ചെത്തിയത് എന്നുമായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍. എട്ടടി ഉയരമുള്ള അന്യഗ്രഹജീവിയാണ് ഇതെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ അവ്യക്തമായ വീഡിയോയില്‍ അന്യഗ്രഹജീവിയുടെതായി പറയുന്ന നിഴല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടന്നുപോകുന്നതിന്‍റെതാണ് എന്ന് സംശയിക്കുന്നതായി ന്യൂസ്‌വീക്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലെ തന്നെയോ മയാമിയിലെ സംഭവം എന്ന് ഉറപ്പിക്കാന്‍ കീവേഡ് സെര്‍ച്ചുകളും നടത്തി. ഇതില്‍ മയാമി ഹെറാള്‍ഡ് എന്ന മാധ്യമം 2024 ജനുവരി 2ന് വെരിഫൈഡ് എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വാര്‍ത്ത കണ്ടെത്താനായി. ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്‌തതുപോലെ മാളില്‍ പടക്കം കത്തിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്‌തതിന് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്‌തതി മയാമി ഹെറാള്‍ഡിന്‍റെ ട്വീറ്റിലുമുണ്ട്.
മാത്രമല്ല, മാളില്‍ അന്യഗ്രഹജീവിയെ കണ്ടതായുള്ള പ്രചാരണം വ്യാജമാണ് എന്ന് മയാമി പൊലീസ് വിശദീകരിക്കുന്ന വീഡിയോയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ കണ്ടെത്താനായി. ഇന്‍സ്റ്റഗ്രാമിലാണ് മയാമി പൊലീസ് ഈ വീഡിയോ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
നിഗമനം
അമേരിക്കയിലെ മയാമിയിലുള്ള ഷോപ്പിംഗ് മാളില്‍ അന്യഗ്രഹജീവിയെ കണ്ടു എന്ന പ്രചാരണം വ്യാജമാണ്. മാളില്‍ ഒരുകൂട്ടം കൗമാരക്കാര്‍ പടക്കംപൊട്ടിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് അന്യഗ്രഹ ജീവി പ്രത്യക്ഷപ്പെട്ടതിന് ശേഷമുള്ള രംഗം എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ കേരളത്തിലടക്കം പലരും പ്രചരിപ്പിക്കുന്നത്.
Read more: വരിവരിയായി അനേകം താല്‍ക്കാലിക ടോയ്‌ലറ്റുകള്‍; വീഡിയോ അയോധ്യയില്‍ നിന്നുള്ളതോ? സത്യം അറിയാം