ഇതെന്ത് മറിമായം, ചുവന്നൊഴുകി നൈല്‍ നദി! വീഡിയോ വൈറല്‍, വിശ്വസനീയമോ?
വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ പറയുന്നത് നൈല്‍ നദിയുടെ ഒരു ഭാഗം ചുവപ്പുനിറത്തോടെ ഒഴുകുന്നു എന്നാണ്
നൈല്‍ നദിയെ കുറിച്ച് അറിയാത്തവര്‍ വിരളമായിരിക്കും. നാം ചെറിയ ക്ലാസുകള്‍ തൊട്ട് കേട്ട് തഴമ്പിച്ച, ആഫ്രിക്കന്‍ നദിയാണ് നൈല്‍. ആഫ്രിക്കയിലൂടെ നൈല്‍ നദി ചുവന്നുതുടുത്താണോ ഇപ്പോള്‍ ഒഴുകുന്നത്. സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ പറയുന്നത് നൈല്‍ നദിയുടെ ഒരു ഭാഗം ചുവപ്പുനിറത്തോടെ ഒഴുകുന്നു എന്നാണ്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ എന്ന് നോക്കാം.
പ്രചാരണം
ബ്രേക്കിംഗ്- നൈല്‍ നദിയുടെ ഭാഗങ്ങള്‍ ചുവപ്പായി, എന്തുകൊണ്ടാണ് നദി ചുവന്നത് എന്ന് വ്യക്തമല്ല എന്ന കുറിപ്പോടെ 2023 നവംബര്‍ 14ന് ട്രാക്കര്‍ ഡീപ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയില്‍ ടിക്‌ടോക്കിന്‍റെ ലോഗോയും കാണാം. ഇതിനകം ഒന്നരക്കോടിയിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. സത്യത്തില്‍ വീഡിയോയില്‍ കാണുന്നത് പോലെ ചുവന്നുതുടുത്ത നദി നൈല്‍ തന്നെയോ? പരിശോധിക്കാം.
വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
നൈല്‍ നദിയില്‍ നിന്നുള്ളതല്ല, ചിലിയില്‍ ലഗൂന നദിയില്‍ നിന്നുള്ള വീഡിയോയാണിത് എന്നതാണ് വസ്‌തുത. എന്തുകൊണ്ടാണ് നദിക്ക് ഇങ്ങനെ നിറംമാറ്റം സംഭവിച്ചത് എന്ന നിഗമനം ശാസ്‌ത്രജ്ഞരുടെ ഭാഗത്ത് നിന്നില്ലെങ്കിലും നദിയിലെ അവശിഷ്ടങ്ങളും ചില ആല്‍ഗകളുമാണ് നിറംമാറ്റത്തിന് കാരണമെന്ന് ഒരു വെബ്‌സൈറ്റില്‍ പറയുന്നു. ചിലിയിലെ നദി ചുവന്നതിന്‍റെ ഏറെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. കാണാനായി ലിങ്കുകള്‍ 1, 2 പരിശോധിക്കുക.
നിഗമനം
നൈല്‍ നദിയുടെ ഒരുഭാഗം ചുവന്ന നിറത്തിലായി എന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിലിയില്‍ നിന്നുള്ള ദൃശ്യമാണ് നൈലിന്‍റെത് എന്ന വ്യാജേന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
Read more: ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം എന്ന് വാര്‍ത്ത, ശരിയോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം