ഹമാസ് വീണ്ടും വ്യോമാക്രമണം തുടങ്ങിയെന്ന് എക്‌സില്‍ പ്രചാരണം; ദൃശ്യങ്ങള്‍ വീഡിയോ ഗെയിമിലേത്...Fact Check
മിസൈല്‍ ആക്രമണത്തിന്‍റെ എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പേര്‍ പങ്കുവെച്ചിട്ടുണ്ട്
ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കിയിരിക്കുകയാണ്. 2023 ഒക്ടോബര്‍ ഏഴാം തിയതി ഗാസ മുനമ്പില്‍ നിന്ന് ഹമാസ് ഇസ്രയേല്‍ അതിര്‍ത്തി നഗരങ്ങളിലേക്ക് മിന്നലാക്രമണം നടത്തിയതാണ് പുതിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. അതിര്‍ത്തികളില്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്‍റെ കണ്ണുവെട്ടിക്കാന്‍ തുടര്‍ച്ചയായി മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു ഹമാസ് ചെയ്‌തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മിസൈല്‍ ആക്രമണത്തിന്‍റെ എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ദൃശ്യത്തിന് ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധമൊന്നുമില്ല.
പ്രചാരണം
സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്ന ഒരു വീഡിയോ ഇതിനകം പതിനായിരക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. 'ബ്രേക്കിംഗ്- ഇസ്രയേല്‍ പ്രദേശങ്ങളില്‍ ഹമാസ് അടുത്ത വ്യോമാക്രമണം തുടങ്ങിയിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് 2023 ഒക്ടോബര്‍ 9-ാം തിയതി @AGCast4 എന്ന യൂസര്‍ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത മിസൈലുകള്‍ മാനത്തേക്ക് നിമിഷനേരം കൊണ്ട് പായുന്നതാണ് 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ശരിതന്നയോ ഈ വീഡിയോയിലെ ദൃശ്യങ്ങള്‍?
വീഡിയോ
വസ്‌തുത
ഇസ്രയേലില്‍ വീണ്ടും ഹമാസ് നടത്തിയ വ്യോമാക്രമണത്തിന്‍റെ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ദൃശ്യം ഒരു വീഡിയോ ഗെയിമില്‍ നിന്നുള്ളതാണ് എന്നാണ് ഫാക്ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്. വീഡിയോയുടെ ഒരു ഫ്രെയിം എടുത്ത് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ 2022 ജൂണ്‍ 9ന് ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഒരു വീഡിയോയുടെ ലിങ്ക് ലഭ്യമായി. ഇങ്ങനെയുള്ള പഴയ വീഡിയോയാണോ ഇപ്പോഴത്തെ ഇസ്രയേല്‍- ഹമാസ് സംഘര്‍ത്തിന്‍റെത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എന്നറിയാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി. ഇതോടെ വ്യക്തമായത് ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യം യഥാര്‍ഥം പോലുമല്ല, സിമുലേഷന്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതാണ് എന്നാണ്.
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം
2022 ഫെബ്രുവരി 21-ാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ള 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ നിന്നുള്ള ചെറിയ ക്ലിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. മിലിറ്ററി സിമുലേഷന്‍- അര്‍മ 3 എന്ന തലക്കെട്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോണിത് എന്ന് യൂട്യൂബിലുള്ള വിവരണഭാഗത്ത് നല്‍കിയിരിക്കുന്നതായി കാണാം. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ള വീഡിയോ ചുവടെ.
നിഗമനം
ഹമാസ് ഇസ്രയേലില്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി എന്നത് ശരിയാണെങ്കിലും വ്യോമാക്രമണത്തിന്‍റെത് എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ നിര്‍മ്മിച്ച സിമുലേഷന്‍ വീഡിയോയാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ഹമാസ് ആക്രമണത്തിന്‍റെ യഥാര്‍ഥ വീഡിയോയല്ല പ്രചരിക്കുന്നത്.
Read more: വീട് നിന്നിടത്ത് പൊടിപടലം മാത്രം, ഗാസയില്‍ ബോംബിട്ട് ഇസ്രയേല്‍, പക്ഷേ ദൃശ്യങ്ങള്‍...Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം