'കേരളത്തിലെ സ്‌പൈഡര്‍മാന്‍'; ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഒറ്റകൈയില്‍ തൂങ്ങി അഭ്യാസം! Fact Check
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലെ മറ്റ് ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ 2022 ജൂലൈ 13ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി
ഓടിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ പിന്നില്‍ വലിഞ്ഞുകയറുക, ശ്വാസം നിലയ്ക്കുന്ന അഭ്യാസങ്ങള്‍ കാണിച്ച് നാട്ടുകാരുടെ കിളി പാറിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു വീഡിയോ. 'സ്പൈഡര്‍മാന്‍ കേരളത്തില്‍' എന്ന എഴുത്തോടെയാണ് ഈ വീഡിയോ 2023 ജൂലൈ 31ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കേരളത്തില്‍ നടന്ന സംഭവം തന്നെയോ ഇത്? എംവിഡിയുടെ കണ്ണില്‍ പതിഞ്ഞില്ലയോ ഈ ദൃശ്യങ്ങള്‍. നമുക്ക് വിശദമായി പരിശോധിക്കാം.
വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
പ്രചാരണം
ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറി മുന്നോട്ടെടുക്കുമ്പോള്‍ പിന്നില്‍ പാഞ്ഞുകയറുകയാണ് ഒരാള്‍. ഷര്‍ട്ട് ഊരി കഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന ഇയാള്‍ക്ക് പാന്‍റ്‌സ് മാത്രമാണ് വേഷം. ലോറി മുന്നോട്ട് വേഗത്തില്‍ പോകുമ്പോള്‍ പിന്നില്‍ ഒറ്റകൈ കൊണ്ട് തൂങ്ങി സാഹസം കാണിക്കുകയാണ് ഇയാള്‍. ഇത് പിന്നിലൂടെ വരുന്ന വാഹനത്തിലുള്ളവര്‍ പകര്‍ത്തിയ ദൃശ്യമാണ് ഇന്‍സ്റ്റഗ്രാമില്‍ കേരളത്തില്‍ പ്രചരിക്കുന്നത്. വീഡിയോ പകര്‍ത്തുന്ന പിന്നിലെ വാഹനത്തിലുള്ളവര്‍ മലയാളത്തില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും അട്ടഹസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'നമുക്ക് ഇതിനെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയും സ്‌പൈഡര്‍മാന്‍ എന്ന്' എന്ന എഴുത്തോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഇതിനകം കണ്ട ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളത് തന്നെയോ?
വീഡിയോ
വസ‌്‌തുതാ പരിശോധന
ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്ന് സൂചിപ്പിക്കുന്ന അനേകം തെളിവുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ വീഡിയോയിലുണ്ട്. ടാങ്കര്‍ ലോറിയിലേക്ക് വലിഞ്ഞ് കയറും മുമ്പ് അയാള്‍ സമീപത്ത് കൂടി പോകുന്ന മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. ആ ആള്‍ മലയാളി അല്ല എന്ന് രൂപഭാവം കണ്ടാല്‍ വ്യക്തം. ടാങ്കര്‍ ലോറിക്ക് പിന്നിലെ എഴുത്തുകളാണ് സംശയം ജനിപ്പിച്ച മറ്റൊരു കാര്യം. കേരളത്തില്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള എഴുത്തുകളാണ് ഈ ടാങ്കര്‍ ലോറിക്ക് പിന്നിലുണ്ടായിരുന്നത്. ടാങ്കറിന്‍റെ പിന്നില്‍ 'Pertamina' എന്നെഴുതിയിരിക്കുന്നത് വായിക്കാം. എന്താണ് Pertamina എന്ന് പരിശോധിച്ചപ്പോള്‍ ഇന്തോനേഷ്യയിലെ പൊതുമേഖല എണ്ണ കമ്പനിയുടെ പേരാണ് പെർറ്റാമിന എന്ന് ബോധ്യപ്പെട്ടു. അതിനാല്‍തന്നെ ഇന്തോനേഷ്യന്‍ വാഹനമാണ് വീഡിയോയിലുള്ളത് എന്ന് വ്യക്തമായി.
പെര്‍റ്റാമിന എന്ന എഴുത്ത് ചിത്രത്തിന്‍റെ മധ്യത്തില്‍
വീഡിയോ ഇന്തോനേഷ്യയില്‍ നിന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ സൂക്ഷ്‌മ പരിശോധനകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം നടത്തി. ഈ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ 2023 മാര്‍ച്ച് എട്ടിന് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നതായി കാണാനായി. ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോയില്‍ പക്ഷേ മലയാളം സംസാരിക്കുന്നത് കേള്‍ക്കാനില്ലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മലയാളമുണ്ടായിരുന്നു. അതേസമയം അതേ വീഡിയോയിലെ മ്യൂസിക്കും ചിരിയും ട്വിറ്ററില്‍ കണ്ടെത്തിയ വീഡിയോയിലുമുണ്ട്. കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ മലയാള സംഭാഷണം എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാകാനാണ് സാധ്യത എന്ന് ഇതോടെ ബോധ്യമായി.
ട്വിറ്റര്‍ വീഡിയോ
വീഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ വിശദ പരിശോധന തുടര്‍ന്നപ്പോള്‍ കാര്യങ്ങള്‍ 100 ശതമാനം ബോധ്യപ്പെട്ടു. റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലെ മറ്റ് ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ 2022 ജൂലൈ 13ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. വീഡിയോ പഴയതാണ് എന്ന് ഇതിലൂടെ ഉറപ്പായി. ലഭിച്ച മറ്റൊരു റിസല്‍റ്റ് ഇന്തോനേഷ്യ ന്യൂസ് ഡോട് കോ ഐഡി എന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്നുള്ളതായിരുന്നു. എന്താണ് ഈ വീഡിയോയുടെ വിശദാംശങ്ങള്‍ എന്ന് ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ ഈ വാര്‍ത്തയില്‍ നിന്ന് വായിച്ചെടുത്തു. വാഹനത്തിന്‍റെ പിന്നില്‍ ഒറ്റകൈയില്‍ തൂങ്ങി അഭ്യാസം കാണിക്കുന്നയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് വാര്‍ത്തയുടെ തലക്കെട്ടില്‍ കൊടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് കണ്ടെത്തി സാമൂഹ്യ സേവന വിഭാഗത്തിന് കൈമാറിയെന്നും വാര്‍ത്തയിലുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഓടിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ പിന്നില്‍ വലിഞ്ഞുകയറി ഒറ്റകൈ കൊണ്ട് ഒരാള്‍ സാഹസികമായി യാത്ര ചെയ്യുന്ന ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല, ഇന്ത്യനേഷ്യയിലേതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞു.
Read more: കേരളത്തിലോ? റോഡിലെ പടുകുഴിയില്‍ ബൈക്ക് യാത്രികനും കുട്ടിയും മുങ്ങിത്താണു! സിസിടിവി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം