എന്തൊരു ദുരവസ്ഥ; പലസ്‌തീന്‍ അനുകൂല പ്രകടനം എന്ന പേരില്‍ കൊവിഡ് കാല വീഡിയോ വൈറല്‍! Fact Check
ബാഴ്‌സലോണയില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി എന്ന കുറിപ്പുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും നിറഞ്ഞിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഏറെ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് സത്യം പുറത്തുകൊണ്ടുവന്നിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു വീഡിയോയുടെ കൂടി വസ്‌തുത പരിശോധിക്കാം. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി എന്ന കുറിപ്പുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
പ്രചാരണം
റഷ്യ ടുഡെ (RT) അടക്കമുള്ള വിവിധ രാജ്യാന്തര മാധ്യമങ്ങളുടെ വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നടക്കം പ്രത്യക്ഷപ്പെട്ട വീഡിയോയാണിത്. സ്‌പെയിനിലെ ബാഴ്‌സലോണയുടെ തെരുവുകളില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി എന്ന തലക്കെട്ടുകളോടെയാണ് വീഡിയോ നിരവധി അക്കൗണ്ടുകള്‍ ട്വിറ്ററില്‍ (എക്‌സ്) പങ്കുവെച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ 18-ാം തിയതിയാണ് റഷ്യ ടുഡെ വീഡിയോ ട്വീറ്റ് ചെയ്‌തത്. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷമാണ് ബാഴ്‌സലോണയില്‍ പ്രതിഷേധമുണ്ടായത് എന്നും റഷ്യ ടുഡെയുടെ ട്വീറ്റിലുണ്ട്.
ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റോഡില്‍ മുഖാമുഖം വന്നിരിക്കുന്ന പൊലീസിനെയും പ്രതിഷേധക്കാരെയും കാണാം. ഉയരമുള്ള ഏതോ കെട്ടിടത്തിന്‍റെ മുകളില്‍ വച്ചാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ട്വീറ്റുകളില്‍ പറയുന്നത് പോലെ ബാഴ്‌സലോണയില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയോ ഇത്?
അവകാശവാദങ്ങളില്‍ ചിലത് ചുവടെ
വസ്‌തുത
ദൃശ്യം പഴയതാണ് എന്ന് ട്വീറ്റുകള്‍ക്ക് താഴെ നിരവധി ആളുകള്‍ കമന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിനാല്‍ വീഡിയോ വിശദ പരിശോധനയ്‌ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിധേയമാക്കി. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഈ അടുത്ത ദിവസങ്ങളില്‍ നിരവധി പേര്‍ സമാന വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുള്ളതായി കണ്ടു. ലിങ്ക് 1, 2, 3, 4, 5. ബാഴ്‌സലോണയില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷം എന്നാണ് എല്ലാ ട്വീറ്റുകളിലും പറയുന്നത്. ഇതോടൊപ്പം 2020 നവംബര്‍ 2ന്, അതായത് മൂന്ന് വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റും വീഡിയോ സഹിതം കണ്ടെത്താനായി.
2020ലെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ ചൊല്ലി പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു എന്നാണ് ട്വീറ്റില്‍ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. 2020ലെ ട്വീറ്റില്‍ കാണുന്നതും ഇപ്പോള്‍ പ്രചരിക്കുന്നതുമായ വീഡിയോകള്‍ എല്ലാം ഒരേ സ്ഥലത്ത് നിന്നുതന്നെയുള്ളതാണ് എന്ന് ഇരു ദൃശ്യങ്ങളിലെയും റോഡും അരികിലുള്ള കെട്ടിടങ്ങളും റോഡിലെ BUS എന്ന എഴുത്തും തെളിയിക്കുന്നു.
NB: പുതിയതും പഴയതുമായ വീഡിയോകളില്‍ റോഡില്‍ കാണുന്ന BUS എന്ന എഴുത്ത്
വീഡിയോ പഴയതാണ് എന്ന് മുകളില്‍ പറഞ്ഞ 2020ലെ ട്വീറ്റില്‍ നിന്ന് ഉറപ്പായെങ്കിലും കൊവിഡ് ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയില്‍ നിന്നുള്ളതാണോ എന്നുറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി. വീഡിയോ കൊവിഡ് കാല ബാഴ്‌സലോണയില്‍ നിന്നുള്ളതാണ് എന്ന് കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായി. പലസ്‌തീന്‍ അനുകൂലികളുടെ പ്രതിഷേധം എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സഹിതം 2020 നവംബര്‍ രണ്ടിന് ഡെയ്‌ലി മെയില്‍ വാര്‍ത്ത നല്‍കിയത് കണ്ടെത്തിയതോടെയാണ് വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചത്. ബാഴ്‌സലോണയില്‍ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നവരും പൊലീസും തമ്മിലുള്ള സംഘര്‍ഷമാണിത് എന്ന് ഡെയ്‌ലി മെയിലിന്‍റെ വാര്‍ത്തയില്‍ കൃത്യമായി പറയുന്നു.
ഡെയ്‌ലി മെയില്‍ വാര്‍ത്തയില്‍ നിന്ന്
നിഗമനം
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പലസ്‌തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ 2020ല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്തെതാണ്.
Read more: 'ഗാസയിലെ കുട്ടികളെ ചേര്‍ത്തുനിര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പലസ്‌തീന് പിന്തുണ'; വീഡിയോ സത്യമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം