വരിവരിയായി അനേകം താല്‍ക്കാലിക ടോയ്‌ലറ്റുകള്‍; വീഡിയോ അയോധ്യയില്‍ നിന്നുള്ളതോ? സത്യം അറിയാം
വരിവരിയായുള്ള നിരവധി ടോയ്‌ലറ്റുകളുടെ വീഡിയോ അയോധ്യയിലെ രാമക്ഷേത്ര പരിസരത്ത് നിന്നുള്ളത് തന്നെയോ എന്ന് വസ്‌തുതാ പരിശോധന നടത്താം
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഏറെ അതിഥികളും ഭക്തരും പങ്കെടുക്കുന്ന ചടങ്ങിനായി വലിയ സന്നാഹങ്ങള്‍ അയോധ്യയില്‍ തയ്യാറായിവരുന്നു. ഇതിനിടെ പ്രചരിക്കുന്ന ഒരു വീഡിയോ സംശയം ജനിപ്പിക്കുകയാണ്. നിരവധി പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വിശാലമായൊരു മൈതാനം പോലൊരു സ്ഥലത്ത് അനേകം താല്‍ക്കാലിക ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്ര പരിസരത്ത് നിന്നുള്ളത് തന്നെയോ എന്ന് വസ്‌തുതാ പരിശോധന നടത്താം.
പ്രചാരണം
അയോധ്യയില്‍ രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നത്. ഇത്തരത്തില്‍ ഫേസ്‌ബുക്കിലും, എക്‌സിലും പോസ്റ്റ് ചെയ്യപ്പെട്ട രണ്ട് വീഡിയോകള്‍ ചുവടെ കാണാം.
അയോധ്യയിലെ പൊതു ടോയ്‌ലറ്റാണിത് എന്ന അവകാശവാദത്തോടെ മറ്റനേകം പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളുമുണ്ട്. ഇന്ത്യന്‍ ക്ലോസറ്റുകളും യൂറോപ്യന്‍ ക്ലോസറ്റുകളും നിരനിരയായി സ്ഥാപിച്ചിട്ടുള്ളതായി കാണാം.
വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന വീഡിയോ അയോധ്യയില്‍ തയ്യാറാകുന്ന ടോയ്‌ലറ്റ് സൗകര്യങ്ങളുടെതല്ല, വാരണാസിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒരു ക്ഷേത്രത്തിലെ താല്‍ക്കാലിക ശുചിമുറിയുടേതാണ് എന്നതാണ് യാഥാര്‍ഥ്യം. അയോധ്യയിലേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വാരണാസിയിലേതാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ്. മാത്രമല്ല, ഈ ടോയ്‌ലറ്റ് സൗകര്യങ്ങളെ കുറിച്ച് ഒരു വ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട് എന്നും പരിശോധനയില്‍ കണ്ടെത്താനായി.
വൈറല്‍ വീഡിയോയില്‍ കാണുന്ന അതേ ടോയ്‌ലറ്റ് സംവിധാനമാണ് വ്ലോഗിലുമുള്ളത്. ഇതെല്ലാം വ്യക്തമാക്കുന്നത് താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യങ്ങളുടെതായി പ്രചരിക്കുന്ന വീഡിയോ വാരണാസിയില്‍ നിന്നുള്ളതാണ് എന്നാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറെ വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
Read more: അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ജടായു പറന്നിറങ്ങിയോ? വീഡിയോയുടെ സത്യമറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം