Fact Check: കോട്ടയം നാലുമണിക്കാറ്റില്‍ റോഡിനോളം വലിയ പെരുമ്പാമ്പ്? വീഡിയോ വൈറല്‍; സത്യമിത്
നീളമേറെയുള്ള പെരുമ്പാമ്പ് റോഡ് ക്രോസ് ചെയ്‌ത് പോകുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
കോട്ടയം: തിരുവഞ്ചൂരിന് അടുത്തുള്ള വഴിയോര വിശ്രമകേന്ദ്രമായ 'നാലുമണിക്കാറ്റ്' എന്നയിടത്ത് ഭീമന്‍ പെരുമ്പാമ്പിനെ കണ്ടതായി സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറല്‍. നീളമേറെയുള്ള പാമ്പ് റോഡ് മുറിച്ചുകടന്ന് പോകുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോ നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം. എന്താണ് ദൃശ്യം സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വസ്‌തുതയും വിശദമായി അറിയാം.
പ്രചാരണം
വലിയൊരു പെരുമ്പാമ്പ് റോഡ് ക്രോസ് ചെയ്‌ത് പോകുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡിന്‍റെ വീതിയിലേറെ നീളമുണ്ട് ഈ പാമ്പിന്. കോട്ടയത്തെ നാലുമണിക്കാറ്റിലാണ് ഈ പാമ്പിനെ കണ്ടത് എന്നുപറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സ്‌ആപ്പില്‍ നിരവധി പേര്‍ ഈ വീഡിയോ ഇതിനകം ഷെയര്‍ ചെയ്‌തുകഴിഞ്ഞു. വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.
കോട്ടയം നാലുമണിക്കാറ്റിലാണ് ഈ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത് എന്ന അവകാശവാദം ഫേസ്‌ബുക്കിലും സജീവമാണ്. പ്രവാസികള്‍ നമ്മള്‍ എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയില്‍ 2023 ഒക്ടോബര്‍ 30ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. 'കോട്ടയം തിരുവഞ്ചൂര്‍ നാല് മണിക്കാറ്റിന് സമീപം കണ്ട ചെറിയ പെരുമ്പാമ്പ്' എന്ന തലക്കെട്ടാണ് വീഡിയോയ്‌ക്ക് നല്‍കിയിരിക്കുന്നത്. IDL News എന്ന ഫേസ്‌ബുക്ക് പേജില്‍ ഒക്ടോബര്‍ 31-ാം തിയതി സമാന വീഡിയോ ഇതേ അവകാശവാദങ്ങളോടെ നാലുമണിക്കാറ്റില്‍ നിന്നുള്ളത് എന്ന തരത്തില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതും കാണാം. 'തിരുവഞ്ചൂര്‍ നാലുമണിക്കാറ്റിന് സമീപം ഇന്നലെ കണ്ട പെരുമ്പാമ്പ്' എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്.
പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുതാ പരിശോധന
ഈ പാമ്പിന്‍റെ വീഡിയോ നാലുമണിക്കാറ്റില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം. വൈറല്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഈ ദൃശ്യം ഇതിന് മുമ്പ് ഏറെത്തവണ യുട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്ന് വ്യക്തമായി. ഈ പാമ്പിന്‍റെ ദൃശ്യം പകര്‍ത്തിയ ഇടം എന്ന് വാദിച്ച് നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും പരിശോധനയില്‍ വ്യക്തമായി. ബൊക്കാറൊ സ്റ്റീല്‍ സിറ്റി, മാഗൂ, ബസ്‌തര്‍, കാര്‍വാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളുടെ പേര് ഈ പാമ്പുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പ് എന്ന തലക്കെട്ടിലാണ് വീഡിയോ അധികവും പ്രചരിച്ചത്.
കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നുള്ളതാണ് പാമ്പിന്‍റെ വീഡിയോ എന്നും നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വയനാട്ടില്‍ നിന്നുള്ള വീഡിയോ എന്ന തരത്തില്‍ ദേശീയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യ 2022 മാര്‍ച്ച് 20ന് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. വസ്‌തുതാ പരിശോധനയില്‍ ലഭിച്ച മറ്റ് അനവധി ലിങ്കുകളിലും വീഡിയോ 2022ല്‍ അപ്‌ലോഡ് ചെയ്‌തതാണ് എന്ന് നല്‍കിയിട്ടുണ്ട്.
നിഗമനം
പ്രചരിക്കുന്ന പാമ്പിന്‍റെ വീഡിയോ കോട്ടയം നാലുമണിക്കാറ്റില്‍ നിന്നുള്ളതല്ല എന്നുറപ്പ്. ഈ വീഡിയോ എവിടെ നിന്ന് പകര്‍ത്തിയതാണ് എന്ന് വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ദൃശ്യം പഴയതും വിവിധ സ്ഥലങ്ങളുടെ പേരുമായി ചേര്‍ത്ത് മുമ്പ് വ്യാപകമായി പ്രചരിച്ചിരുന്നതുമാണ് എന്നുറപ്പായിട്ടുണ്ട്.