നിലമ്പൂരില്‍ സിംഹം പെട്രോള്‍ പമ്പില്‍ എത്തിയോ? വീഡിയോയുടെ വസ്‌തുത എന്ത്- Fact Check

റീല്‍ ഷെയര്‍ ചെയ്‌തയാള്‍ അവകാശപ്പെടുന്നത് പോലെയാണോ വീഡിയോയുടെ വസ്‌തുത

Viral video of Lion at petrol pump in Nilambur here is the fact

തിരുവനന്തപുരം: കേരളത്തിലെ നിലമ്പൂരില്‍ നിന്നെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. നിലമ്പൂരില്‍ സിംഹം പെട്രോള്‍ പമ്പിലിറങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

'നിലമ്പൂര്‍ അകമ്പാടം റൂട്ടിലുള്ള പെട്രോള്‍ പമ്പില്‍ ദേ ഒരു സിങ്കം ഉല്ലാസയാത്ര ചെയ്യുന്നു. ജനങ്ങള്‍ ജാഗ്രതയ്' എന്ന കുറിപ്പോടെയാണ് റീല്‍സ് വീഡിയോ 2024 സെപ്റ്റംബര്‍ 15ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പെട്രോള്‍ പമ്പിലേക്ക് സിംഹം നടന്നുവരുന്നതിന്‍റെയും തിരികെ പോകുന്നതിന്‍റെയും സ്ലോ-മോഷന്‍ വീഡിയോയാണിത്. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

Viral video of Lion at petrol pump in Nilambur here is the fact

വസ്‌തുതാ പരിശോധന

റീല്‍ ഷെയര്‍ ചെയ്‌തയാള്‍ അവകാശപ്പെടുന്നത് പോലെയാണോ വീഡിയോയുടെ വസ്‌തുത എന്ന് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്‍റെ ഭാഗമായി വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതിന്‍റെ ഫലം പറയുന്നത് ഈ വീഡിയോ ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ നിന്നുള്ളതാണ് എന്നാണ്. 

Viral video of Lion at petrol pump in Nilambur here is the fact

ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ സിംഹത്തെ കണ്ടു എന്ന തലക്കെട്ടോടെ ദേശീയ മാധ്യമമായ മിറര്‍ നൗ സമാന വീഡിയോ 2024 സെപ്റ്റംബര്‍ 9ന് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. ഗുജറാത്ത് എന്ന ഹാഷ്‌ടാഗോടെ വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്നും കാണാം. വീഡിയോ കേരളത്തിലെ നിലമ്പൂരില്‍ നിന്നുള്ളതല്ല, ഗുജറാത്തിലെ ഗിറില്‍ നിന്നുള്ളതാണ് എന്ന് ഇതില്‍ നിന്ന് വ്യക്തം. 

Viral video of Lion at petrol pump in Nilambur here is the fact

നിഗമനം

നിലമ്പൂര്‍ അകമ്പാടം റൂട്ടിലുള്ള പെട്രോള്‍ പമ്പില്‍ സിംഹത്തെ കണ്ടതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. നിലമ്പൂരില്‍ ഇങ്ങനെയൊരു സംഭവം നടന്നതായി യാതൊരു സ്ഥിരീകരണവുമില്ല. 

Read more: എല്ലാ സ്ത്രീകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 15000 രൂപ വിതരണം ചെയ്യുന്നോ? വീഡിയോയുടെ സത്യമിത്- Fact Check    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios