'12 വയസുകാരിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ട ഇന്ത്യക്കാരന്‍ യുകെയില്‍ പിടിയില്‍'; മാപ്പിരക്കല്‍ വീഡിയോ സത്യമോ?
ഒരു പെണ്‍കുട്ടിയെ ലൈംഗിക ഉദേശ്യത്തോടെ കണ്ടുമുട്ടാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ യുകെ മെട്രോ സ്റ്റേഷനില്‍ വച്ച് പിടികൂടിയതും അയാള്‍ മാപ്പിരക്കുന്നതുമാണ് വീഡിയോയില്‍ എന്നാണ് പ്രചാരണം
ലണ്ടന്‍: ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് നാണക്കേടായി ഒരു വീഡിയോ പ്രചരിക്കുകയാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗിക ഉദേശ്യത്തോടെ കണ്ടുമുട്ടാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ യുകെ മെട്രോ സ്റ്റേഷനില്‍ വച്ച് പിടികൂടിയതും അയാള്‍ മാപ്പിരക്കുന്നതുമാണ് വീഡിയോയില്‍ എന്നാണ് പ്രചാരണം. അടുത്തിടെ നടന്ന സംഭവം എന്ന പേരിലാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ വാസ്‌തവം എന്ന് പരിശോധിക്കാം.
പ്രചാരണം
'ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 12 വയസ് മാത്രമുള്ള പെണ്‍കുട്ടിയോട് ലൈംഗികബന്ധത്തിന് ശ്രമിച്ച ഇന്ത്യയില്‍ നിന്നുള്ള പ്രജു പ്രസാദ് യുകെ മെട്രോയില്‍ വച്ച് പിടിയിലായി. യുകെയിലെ പീഡോഫൈല്‍ ഹണ്ടേഴ്‌സാണ് ഇയാളെ പിടികൂടിയത്' എന്നുമാണ് വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് സുശീല്‍ ഷിണ്ഡെ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പിടികൂടിയ പൊലീസുകാരോട് ഇയാള്‍ കാലില്‍ പിടിച്ച് മാപ്പിരക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 'ഇന്ത്യന്‍ വംശജനായ റിഷി സുനക് യുകെ പ്രധാനമന്ത്രിയായതോടെ ചിലര്‍ കരുതിയിരിക്കുന്നത് യുകെ അഖണ്ഡ ഭാരത്തിന്‍റെ ഭാഗമാണ്' എന്ന കുറിപ്പോടെ മറ്റൊരാളും വീഡിയോ പങ്കുവെച്ചിരിക്കുന്നത് കാണാം. ഇത്തരത്തില്‍ നിരവധി പേര്‍ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത് എക്‌സില്‍(ട്വിറ്റര്‍) കാണാം.
ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ
വസ്‌തുത
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2017 മുതല്‍ ഇന്‍റര്‍നെറ്റില്‍ കാണാമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞു. പ്രചരിക്കുന്ന വീഡിയോയില്‍ നിന്നൊരു സ്ക്രീന്‍ഷോട്ട് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ പ്രജു പ്രസാദ് പിടിയിലായതുമായി ബന്ധപ്പെട്ട് 2017ല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കണ്ടെത്താനായി. ലൈംഗികബന്ധം ലക്ഷ്യമിട്ടുകൊണ്ട് 12കാരിയെ കണ്ടുമുട്ടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇയാള്‍ പിടിയിലായത് എന്ന് ദി സണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രജുവിന് 24 വയസാണ് പ്രായമെന്നും റിപ്പോര്‍ട്ടിലുണ്ട്. 'നിങ്ങളിവിടെ വന്നത് ലൈംഗികബന്ധത്തിനായി പന്ത്രണ്ട് വയസുകാരിയെ കാണാനാണ്' എന്ന് പ്രജു പ്രസാദിനോട് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
2017 മുതല്‍ വീഡിയോ ഇന്‍റര്‍നെറ്റിലുണ്ട് എന്നതിന് തെളിവ് ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം