'വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ കേരളീയം അടി'; വീഡിയോയുടെ വസ്‌തുത
'വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ "കേരളീയം" അടി, പ്രവർത്തകർ നേതാക്കളെ ഓടിച്ചിട്ട് തല്ലി' എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്
കല്‍പറ്റ: വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ "കേരളീയം" അടി... പ്രവർത്തകർ നേതാക്കളെ ഓടിച്ചിട്ട് തല്ലി എന്ന തലക്കെട്ടോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണിത് എന്നും നേതാക്കളെ പ്രവര്‍ത്തകര്‍ കായികമായി നേരിട്ടു എന്നും പറഞ്ഞ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ഫേസ്‌ബുക്ക് പോസ്റ്റുകളിലും വാട്‌സ്‌ആപ്പ് ഫോര്‍വേഡുകളിലും പറയുന്നത് പോലെയല്ല വീഡിയോയുടെ വസ്‌തുത എന്നതാണ് യാഥാര്‍ഥ്യം.
പ്രചാരണം
'വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ "കേരളീയം" അടി.... 😜പ്രവർത്തകർ നേതാക്കളെ ഓടിച്ചിട്ട് തല്ലി...മിക്കവാറും നാളെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്'... എന്നാണ് സന്തോഷ് കുമാര്‍ എന്ന യൂസര്‍ 2023 നവംബര്‍ 12ന് ഫേസ്‌ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമാനമായ കുറിപ്പുകളോടെ മറ്റ് നിരവധിയാളുകളും ഇതേ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണാം. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കേരളീയം പരിപാടി വലിയ വിവാദമായ പശ്ചാത്തലത്തിലാണ് എഫ്‌ബി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കുറെയാളുകള്‍ പതാകയുമായി പ്രകടനം നടത്തുന്നതും സംഘര്‍ഷമുണ്ടാകുന്നതും പൊലീസിന് നേരെ കയ്യേറ്റശ്രമമുണ്ടാകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പോസ്റ്റുകളുടെ ലിങ്ക് 1, 2, 3, 4, 5. ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുകയും ചെയ്യുന്നു.
വസ്‌തുതാ പരിശോധന
വയനാട്ടിലെ മാനന്തവാടിയില്‍ വച്ച് 2016 നവംബര്‍ മൂന്നിന് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോയാണ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം എന്ന കുറിപ്പുകളോടെ പ്രചരിക്കുന്നത്. മാനന്തവാടി നഗരത്തിലെ ഫുട്‌പാത്തുകള്‍ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്ന് എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ ആരംഭിച്ചിരുന്നു. എന്നാല്‍ എല്ലാ കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് സിപിഐ നഗരസഭയിലേയ്‌ക്ക് നടത്തിയ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ കയ്യാങ്കളിയായി മാറുകയായിരുന്നു. ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് അന്ന ്ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2016 നവംബര്‍ മൂന്നിന് നല്‍കിയ വാര്‍ത്തയിലെ ചിത്രവും ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയും ഒരേ സംഭവത്തിന്‍റേതാണ് എന്ന് തെളിയിക്കുന്ന സൂചനകള്‍ താഴെയുള്ള ഫോട്ടോയില്‍ കാണാം. രണ്ട് ചിത്രങ്ങളിലും ഒരേ കെട്ടിടങ്ങളും ചുവപ്പ് നിറത്തിലുള്ള ബോര്‍ഡും പശ്ചാത്തലത്തില്‍ കാണാനാവുന്നതാണ്.
നിഗമനം
വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ "കേരളീയം" അടി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ല, മാനന്തവാടിയില്‍ 2016ല്‍ നടന്ന സിപിഎം-സിപിഐ സംഘര്‍ഷത്തിന്‍റെതാണ്.
Read more: ഗാസ; കണ്ടവരെല്ലാം വാവിട്ടുകരഞ്ഞ ആ വീഡിയോയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യം പുറത്ത്! Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം