'എന്തൊരു തട്ടിപ്പ്, ഗാസയില്‍ കണ്ണുതുറന്ന് മൃതദേഹം'; വൈറല്‍ വീഡിയോയുടെ ചുരുളഴിഞ്ഞു! Fact Check
ഈ വാദത്തിന് തെളിവായി പല വീഡിയോകളും ആളുകള്‍ എടുത്തുകാണിക്കുന്നുണ്ട്
ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ ഇടം ഗാസ മുനമ്പാണ്. ഗാസയില്‍ കുട്ടികളടക്കം ആയിരക്കണക്കിന് പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതൊന്നും സത്യമല്ലെന്നും ഗാസയില്‍ പലരും പരിക്കും മരണവും അഭിനയിക്കുകയാണ് എന്നുമുള്ള ഒരു ആരോപണം സജീവമാണ്. ഈ വാദത്തിന് തെളിവായി പല വീഡിയോകളും പലരും എടുത്തുകാണിക്കുന്നുണ്ട്. അവയിലൊരു വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കാം.
പ്രചാരണം
'അദേഹത്തെ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്' എന്ന കുറിപ്പോടെയാണ് വീഡിയോ The Mossad: Satirical, Yet Awesome എന്ന അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 9 സെക്കന്‍ഡാണ് 2023 നവംബര്‍ ആറാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം. ഇതിനകം മൂന്ന് ദിവസം കൊണ്ട് നാല്‍പത്തിയഞ്ച് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരനിരയായി വെള്ളത്തുണിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന മൃതദേഹങ്ങളില്‍ ഒന്ന് കണ്ണുകള്‍ തുറക്കുന്നതും ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് നിരവധി യൂസര്‍മാരും ഈ വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുതാ പരിശോധന
എന്നാല്‍ തലക്കെട്ടുകളില്‍ അവകാശപ്പെടുന്നത് പോലെ ഗാസയില്‍ നിന്നുള്ള വീഡിയോയല്ല ഇത് എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ 2023 ഓഗസ്റ്റ് 18ന് ഒരു ടിക്‌ടോക് യൂസര്‍ പോസ്റ്റ് ചെയ്‌തതായി കാണാം. എന്നാല്‍ ഇതിന് നാളുകള്‍ ശേഷം ഒക്ടോബര്‍ 7ന് മാത്രമാണ് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിക്കുന്നത്. മലേഷ്യയില്‍ നിന്നുള്ള വീഡിയോയാണ് ഗാസയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത് എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പരിശോധനയില്‍ കണ്ടെത്താനായി. ഇക്കാരണങ്ങളാല്‍ വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധമൊന്നുമില്ല എന്ന് ഉറപ്പിക്കാം.
ഫോബ്‌സ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
മൃതദേഹം കണ്ണ് തുറക്കുന്നു എന്ന് പറഞ്ഞ് ഗാസയിലേതെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോ മലേഷ്യയില്‍ നിന്നുള്ളതാണ്. നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം