കൈകള്‍ കുത്തി നടന്ന് ഭക്തന്‍ അയോധ്യയിലേക്കോ; ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം അറിയാം
21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് Punam Keshari എന്ന വെരിഫൈഡ് എക്‌സ് യൂസര്‍ 2024 ജനുവരി 17ന് പോസ്റ്റ് ചെയ്തിരിക്കുന്നത്
അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇത്തരത്തില്‍ അയോധ്യയില്‍ നിന്ന് എന്നവകാശപ്പെടുന്ന ഒരു വീഡിയോ കാഴ്ചക്കാരെ ഞെട്ടിക്കുകയാണ്. കാലുകള്‍ക്ക് പകരം ഇരു കൈകളും കുത്തി ടാര്‍ റോഡിലൂടെ നടന്നുപോകുന്ന ഒരു ഭക്തന്‍റെ വീഡിയോയാണിത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി പോകുന്ന തീര്‍ഥാടകന്‍റെ ദൃശ്യമാണിത് എന്ന അവകാശവാദത്തോടെ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് Punam Keshari എന്ന വെരിഫൈഡ് എക്‌സ് യൂസര്‍ 2024 ജനുവരി 17ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വ്യത്യസ്തനായ തീര്‍ഥാടകന്‍ കൈകള്‍ കുത്തി നടന്ന് അയോധ്യയിലെ പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ് എന്ന് വീഡിയോയ്‌ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഇതിനകം പതിനയ്യായിരത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
വസ്തുതാ പരിശോധന
ഈ വീഡിയോ അയോധ്യ ഉദ്ഘാടനവുമായി ബന്ധപ്പെട്ടതാണോ എന്ന് വിശദമായി പരിശോധിച്ചു. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ SPG BHARAT എന്ന യൂട്യൂബ് ചാനലിലെ വീഡിയോയില്‍ എത്തിച്ചേര്‍ന്നു. 2024 ജനുവരി 11നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ഡിസ്ക്രിപ്ഷന്‍ ട്രാന്‍സ്‌ലറ്റേറിന്‍റെ സഹായത്തോടെ പരിശോധിച്ചു. ബിഹാറിലെ സഹര്‍സ ജില്ലക്കാരനായ നിഹാല്‍ കുമാര്‍ സിംഗ് എന്നയാള്‍ 110 കിലോമീറ്റര്‍ കൈകള്‍ ഉപയോഗിച്ച് നടന്ന് ഝാർഖണ്ഡിലെ ദോഘറിലേക്ക് പോകുന്നുവെന്നാണ് ഈ വീഡിയോ പറയുന്നത് എന്ന് ഇതിലൂടെ മനസിലാക്കാനായി.
നിഗമനം
ഇരു കൈകളും കുത്തി ഒരു തീര്‍ഥാടകന്‍ അയോധ്യയിലേക്ക് പോകുന്ന എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബിഹാറില്‍ നിന്ന് ഝാർഖണ്ഡിലെ ഒരു തീര്‍ഥാടന കേന്ദ്രത്തിലേക്കാണ് യഥാര്‍ഥത്തില്‍ ഈ യാത്ര പോവുന്നത്.
Read more: ബിജെപി ചിഹ്നമുള്ള ടീഷര്‍ട്ട് ധരിച്ച് രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടോ? ചിത്രത്തിന്‍റെ സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം