രാജ്യത്ത് 10 രൂപ നോട്ടുകള്‍ ഉടന്‍ പിന്‍വലിക്കുന്നതായി തിയതി പ്രചരിക്കുന്നു; സത്യമോ? Fact Check
ഇപ്പോള്‍ 10 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണോ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും
ദില്ലി: രാജ്യത്ത് രൂപാ നോട്ടുകളും നാണയങ്ങളും പിന്‍വലിക്കുന്നതും നിരോധിക്കുന്നതും അത്യപൂര്‍വ സംഭവമല്ല. 1946 മുതല്‍ നോട്ടുകള്‍ രാജ്യത്ത് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. 2016 നവംബര്‍ എട്ടിന് 500ന്‍റെയും 1000ത്തിന്‍റെ നോട്ടുകള്‍ നിരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. സമീപകാലത്ത് 2000 രൂപയുടെ നോട്ടുകളും റിസര്‍വ് ബാങ്ക് തിരിച്ചുവിളിച്ചു. ഇപ്പോള്‍ 10 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണോ?
പ്രചാരണം
'10 രൂപ നോട്ടുകള്‍ മാര്‍ച്ച് 29ഓടെ പിന്‍വലിക്കപ്പെടും'- ആര്‍കെ ശ്രീവാസ്‌തവ് എന്നയാള്‍ ഫേസ്‌ബുക്ക് റീല്‍സായി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പഴയ പത്ത് രൂപ നോട്ടാണ് വീഡിയോയില്‍ കാണുന്നത്. ഇക്കാര്യം സത്യമാണോ എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
10 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന പ്രചാരണത്തിന്‍റെ വസ്തുത അറിയാന്‍ കീവേഡ് സെര്‍ച്ചുകള്‍ നടത്തിയെങ്കിലും മതിയായ തെളിവുകള്‍ ലഭിച്ചില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും, ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം സംബന്ധിച്ച് വിവരമില്ല. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ടോ എന്നറിയാന്‍ പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ (പിഐബി) സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴും അനുകൂല ഫലം ലഭിച്ചില്ല.
കൂടുതല്‍ പരിശോധനകളില്‍ വ്യക്തമായത് 10 രൂപ നോട്ട് പിന്‍വലിക്കുന്നതായുള്ള പ്രചാരണം 2021ലും സജീവമായിരുന്നതാണെന്നും അന്ന് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗമായി പിഐബി തള്ളക്കളഞ്ഞതാണ് എന്നുമാണ്. 5, 10, 100 രൂപയുടെ പഴയ നോട്ടുകള്‍ക്ക് 2021 മാര്‍ച്ചിന് ശേഷം മൂല്യമുണ്ടാവില്ല എന്നായിരുന്നു അക്കാലത്തെ പ്രചാരണം. ഇത് നിഷേധിച്ച പിഐബി പ്രചാരണം വ്യാജമാണ് എന്ന് വ്യക്തമാക്കിയിരുന്നു. അന്നത്തെ ട്വീറ്റ് ചുവടെ കാണാം.
നിഗമനം
രാജ്യത്ത് 10 രൂപ നോട്ട് പിന്‍വലിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതായുള്ള പ്രചാരണം വ്യാജമാണ്. 10 രൂപ നോട്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈയടുത്ത കാലത്ത് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
Read more: ആരാധകര്‍ അറിഞ്ഞേയില്ല, കണ്ണുവെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയില്‍ എത്തി? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം