മൊറോക്കോ ഭൂകമ്പം: നവജാത ശിശുവിനെ രക്ഷിക്കുന്ന, കരയിച്ച ആ വീഡിയോയില്‍ ട്വിസ്റ്റ്- Fact Check

ഈ വീഡിയോ മൊറോക്കോയില്‍ നിന്നോ അവിടുത്തെ ഭൂകമ്പത്തിന് ശേഷം പുറത്തുവന്ന ദൃശ്യമോ അല്ല എന്ന് ഏവരും മനസിലാക്കേണ്ടതുണ്ട്

Video viral as Infant rescued after Morocco earthquake 2023 but here is the reality fact check jje

കാണ്‍പൂര്‍: ആ കാഴ്‌ച ഒരു നിമിഷം പോലും ആളുകള്‍ക്ക് കണ്ടുനില്‍ക്കാനാവില്ല. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ളൊരു നവജാത ശിശുവിനെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍. മൊറോക്കോന്‍ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ട ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലെങ്ങും ഈ വീഡിയോയാണ്. മോറോക്കന്‍ ദുരന്ത കാഴ്‌ചകളുടെ ഏറ്റവും നടുക്കുന്ന വീഡിയോയായി ഇത് പലരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയാണ്. എന്നാല്‍ ഈ വീഡിയോ മൊറോക്കോയില്‍ നിന്നോ അവിടുത്തെ ഭൂകമ്പത്തിന് ശേഷം പുറത്തുവന്ന ദൃശ്യമോ അല്ല എന്ന് ഏവരും മനസിലാക്കേണ്ടതുണ്ട്. 

പ്രചാരണം

'മൊറോക്കോയില്‍ 6.8 തീവ്രത രേഖപ്പടെത്തിയ ഭൂകമ്പത്തിന് ശേഷം മണ്ണിനിടയില്‍ നിന്ന് കണ്ടെത്തിയ നവജാത ശിശുവാണിത്. ഈ കുട്ടിക്കായി പ്രാര്‍ഥിക്കുക' എന്ന തലക്കെട്ടോടെയാണ് ഒരു റീല്‍ ഫേസ്‌ബുക്കില്‍ കാണുന്നത്. വേദനയോട് കൂടി മാത്രം നമുക്ക് കാണാനാവുന്ന ദൃശ്യങ്ങള്‍. ഇത് കൂടാതെ മറ്റ് നിരവധി പോസ്റ്റുകളും ട്വിറ്ററിലും ഫേസ്‌ബുക്കിലും തപ്പിയാല്‍ കണ്ടെത്താം. 

Video viral as Infant rescued after Morocco earthquake 2023 but here is the reality fact check jje

വസ്‌തുത

ഈ വീഡിയോ മൊറോക്കോയില്‍ നിന്നുള്ളതല്ല എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. കാണ്‍പൂരിലെ ദെഹാത്ത് ജില്ലയില്‍ ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയ വാര്‍ത്ത ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് സെപ്റ്റംബര്‍ പത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 8-9 മണിക്കൂര്‍ പ്രായം മാത്രമുള്ള കുഞ്ഞിനെ അതുവഴി നടന്നുപോയ കര്‍ഷക ദമ്പതികള്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വാര്‍ത്ത. മണ്ണിലെ അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടത്. ജീവനുണ്ടായിരുന്ന കുട്ടിയെ ഉടനടി കണ്ടെത്തി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. 

ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നവജാത ശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി കാണ്‍പൂര്‍ പൊലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കുട്ടി സുഖമായിരിക്കുന്നതായി കാണ്‍പൂര്‍ പൊലീസ് വീഡിയോയിലൂടെ പിന്നീട് അറിയിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയ വാര്‍ത്ത അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതിനാല്‍തന്നെ മൊറോക്കോയില്‍ നിന്നുള്ള വീഡിയോയാണ് നവജാത ശിശുവിനെ രക്ഷിക്കുന്നത് എന്ന പ്രചാരണം വ്യാജമാണ്. 

Read more: ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പിഴ ഈടാക്കും? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios