ആഢംബരത്തിന്‍റെ അവസാന വാക്ക്, കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് കല്യാണ വേദി; വീഡിയോ എവിടെ നിന്ന്?
രണ്ട് കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണ റിസപ്‌ഷന്‍ വേദി എന്ന തലക്കെട്ടില്‍ എ.ജെ. അര്യാടന്‍പാക്കല്‍ എന്നയാണ് വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്
ബെംഗളൂരു: പല നിറങ്ങളിലുള്ള കറന്‍സി നോട്ടുകള്‍, അവ മനോഹരമായി അടുക്കിവച്ച് അലങ്കരിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ് ഒരു കല്യാണ വേദിയുടെ വീഡിയോ. നോട്ടുകള്‍ കൊണ്ട് പണക്കൊഴുപ്പ് കാട്ടിയ ഈ കല്യാണം എവിടെ നടന്നതാണ്?
പ്രചാരണം
രണ്ട് കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണ റിസപ്‌ഷന്‍ വേദി എന്ന തലക്കെട്ടില്‍ എ.ജെ. അര്യാടന്‍പാക്കല്‍ എന്നയാളാണ് വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27-ാം തിയതിയാണ് ഫേസ്‌ബുക്കില്‍ ഇദേഹം ഒരു മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്‌തത്. പൂക്കളുടെയും പൂമാലകളുടേയും ആകൃതിയില്‍ വിവിധ നിറങ്ങളിലുള്ള നോട്ടകള്‍ കൊണ്ടാണ് ഈ കല്യാണ വേദി അലങ്കരിച്ചിരിക്കുന്നത്. അതിമനോഹര വര്‍ക്കാണിത് എന്ന് പലരും വീഡിയോയ്‌ക്ക് കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
വസ്‌തുത
എന്നാല്‍ കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം അല്ല ഇത് എന്നാണ് വസ്‌തുതാ പരിശോധനയില്‍ വ്യക്തമാകുന്നത്. ബെംഗളൂരുവിലുള്ള ഒരു ക്ഷേത്രത്തിലെ അലങ്കാരത്തിന്‍റെ ദൃശ്യങ്ങളാണിത്. ക്ഷേത്രവും ക്ഷേത്ര പരിസരവും ലക്ഷങ്ങള്‍ വിലയുള്ള നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയായിരുന്നു. ഗണേശ ചതുർത്ഥിക്ക് എല്ലാ വര്‍ഷവും ഇവിടെ വ്യത്യസ്തമായ ഇത്തരം അലങ്കാരങ്ങള്‍ നടത്താറുണ്ട് എന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ ട്വീറ്റില്‍ പറയുന്നു. 2023 സെപ്റ്റംബര്‍ 18-ാം തിയതിയാണ് ഈ വീഡിയോ എന്‍ഡിടിവി ട്വീറ്റ് ചെയ്തിരിക്കുന്നത്. അമ്പലം കറന്‍സി നോട്ടുകള്‍ കൊണ്ട് വ്യത്യസ്തമായി അലങ്കരിച്ചിരിക്കുന്നത് മറ്റേറെ മാധ്യമങ്ങളും വാര്‍ത്തയാക്കിയതാണ്.
നിഗമനം
കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച വിവാഹ വേദി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. ഗണേശ ചതുർത്ഥിക്ക് ബെംഗളൂരുവിലെ ഒരു ക്ഷേത്രത്തിലാണ് ഈ വ്യത്യസ്ത അലങ്കാരം നടത്തിയത്.