വാഹനം പോകുമ്പോള്‍ വെള്ളം ചീറ്റുന്ന വിചിത്ര റോഡ്; വീഡിയോ ഇന്ത്യയില്‍ നിന്നോ? Fact Check
വിചിത്രമായ ഈ റോഡ് ഇന്ത്യയില്‍ ഉള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം
വിവിധ ഇന്ത്യന്‍ റോഡുകളെ കുറിച്ച് വിചിത്രമായ പല വീഡിയോകളും ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവയിലേറെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തതാണ്. ഇത്തരത്തില്‍ വൈറലാവുന്ന ഒരു പുതിയ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം.
പ്രചാരണം
പൊട്ടിപ്പൊളിഞ്ഞ ഒരു ഹൈവേ റോഡാണ് വീഡിയോയില്‍ കാണുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുഴികളില്‍ നിന്ന് മോട്ടോറില്‍ നിന്നെന്ന പോലെ ശക്തമായ വെള്ളം ചീറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെ മൂന്ന് കുഴികളില്‍ നിന്ന് ഇത്തരത്തില്‍ വെള്ളം ചീറ്റുന്നത് കാണാം. അപകടത്തില്‍പ്പെടാതെ ആളുകള്‍ സാഹസികമായി യാത്ര ചെയ്യുന്ന ഈ റോഡ് ഇന്ത്യയിലാണ് എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്തുകൊണ്ട് ഒരാള്‍ കുറിച്ചിരിക്കുന്നത്.
വസ്‌തുതാ പരിശോധന
വിചിത്രമായ ഈ റോഡ് ഇന്ത്യയില്‍ ഉള്ളതാണോ എന്നറിയാന്‍ വീഡിയോയുടെ ഫ്രയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വ്യക്തമായത് ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നല്ല, മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ നിന്നുള്ളതാണ് എന്നാണ്. റോഡ് ഗ്വാട്ടിമാലയിലാണ് എന്ന് വ്യക്തമാക്കുന്ന ഒരു ട്വീറ്റ് ചുവടെ കാണാം.
ഈ റോഡ് ഗ്വാട്ടിമാലയിലാണ് എന്ന് വ്യക്തമാക്കുന്ന മറ്റനേകം സോഷ്യല്‍ മീഡിയ പോസ്റ്റുകളുമുണ്ട്. മാത്രമല്ല, റോഡ് ഇന്ത്യയിലേത് അല്ല എന്ന് കാണിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗത്തിന്‍റെ ട്വീറ്റും കാണാം.
നിഗമനം
വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം ചീറ്റുന്ന ഇന്ത്യന്‍ റോഡ് എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ നിന്നുള്ള വീഡിയോയാണിത്.
Read more: സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിച്ചതായി വ്യാജ പ്രചാരണം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം