നായക്ക് കൊടുക്കാനെടുത്ത ബിസ്കറ്റ് നല്‍കി പ്രവര്‍ത്തകനെ രാഹുല്‍ ഗാന്ധി അപമാനിച്ചോ; വൈറല്‍ വീഡിയോയുടെ സത്യമിത്
രാഹുല്‍ ഗാന്ധി നായക്കുള്ള ബിസ്കറ്റ് ജനങ്ങള്‍ക്ക് നല്‍കി ജനങ്ങളെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഭാരത് ജോഡോ ന്യായ് യാത്ര' നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ യാത്രയില്‍ വച്ച് രാഹുല്‍ ഗാന്ധി ഒരു നായക്ക് ബിസ്കറ്റ് നല്‍കാന്‍ ശ്രമിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നായക്ക് നല്‍കാനായി എടുത്ത ബിസ്കറ്റ് അടുത്ത് നില്‍ക്കുന്ന ഒരു പുരുഷന് രാഹുല്‍ കൈമാറുന്നത് വലിയ വിവാദമായി. രാഹുല്‍ ഗാന്ധി നായക്കുള്ള ബിസ്കറ്റ് ജനങ്ങള്‍ക്ക് നല്‍കി ജനങ്ങളെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ വീഡിയോയുടെ വസ്തുത എന്താണ് എന്ന് വിശദമായി പരിശോധിക്കാം.
പ്രചാരണം
ഫേസ്ബുക്കില്‍ 2024 ഫെബ്രുവരി 5ന് ബി ഗോപകുമാര്‍ എന്ന വ്യക്തി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'പട്ടി ബിസ്‌ക്കറ്റ് കഴിക്കാതിരുന്നപ്പോൾ ʀᴀʜᴜʟ ɢᴀɴᴅʜɪ അത് എടുത്ത് 𝗖𝗼𝗻𝗴𝗿𝗲𝘀𝘀 പ്രവർത്തകന് നൽകി❗' എന്ന കുറിപ്പോടെയാണ് വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 14 സെക്കന്‍ഡാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്‍റെ അരികിലുള്ള ഒരു നായക്ക് ബിസ്കറ്റ് നല്‍കുന്നതും അതിന് ശേഷം ഒരാള്‍ക്ക് നേരെ ബിസ്കറ്റ് നീട്ടുന്നതുമാണ് വീഡിയോയിലുള്ളത്. രാഹുലും പ്രവര്‍ത്തകനും തമ്മില്‍ എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ക്യാമറകള്‍ രാഹുലിന്‍റെ ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്.
വൈറല്‍ വീഡിയോ ചുവടെ
വസ്തുതാ പരിശോധന
രാഹുല്‍ ഗാന്ധിയുടെ വീഡിയോയുടെ വസ്തുത എന്താണ് എന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കീവേഡ് സെര്‍ച്ച് നടത്തി. ഈ പരിശോധനയില്‍ വിവാദ സംഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിക്കുന്ന വീഡിയോ സഹിതം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2024 ഫെബ്രുവരി 6ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു എന്ന് മനസിലാക്കാനായി. രാഹുല്‍ ഗാന്ധിയുടെ പ്രസ് കോണ്‍ഫറന്‍സിന്‍റെ വീഡിയോ ആണിത് എന്ന് അനുമാനിക്കാം. വൈറല്‍ ദൃശ്യത്തില്‍ രാഹുലിനൊപ്പം സംസാരിക്കുന്നതായി കാണുന്ന വ്യക്തി നായയുടെ യഥാര്‍ഥ ഉടമയാണെന്നും സംഭവിച്ചത് എന്താണ് എന്നും രാഹുല്‍ ഗാന്ധി പ്രസ് കോണ്‍ഫറന്‍സില്‍ വിശദീകരിക്കുന്നുണ്ട്.
ചിത്രം- ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
'ഞാന്‍ ബിസ്കറ്റ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നായ പരിഭ്രാന്തി കാട്ടി. ഇതോടെ നായയുടെ ഉടയ്ക്ക് ആ ബിസ്കറ്റ് കൈമാറുകയും അദേഹം നല്‍കിയപ്പോള്‍ നായ അത് ഭക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് സംഭവിച്ചത്'- വീഡിയോയില്‍ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. നായക്ക് നല്‍കുന്ന ബിസ്കറ്റ് പ്രവര്‍ത്തകന് കൊടുത്ത് അപമാനിക്കുകയായിരുന്നില്ല താതെന്നും രാഹുല്‍ ഗാന്ധി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
കൂടുതല്‍ പരിശോധനയില്‍ നായയുടെ ഉടമ സംസാരിക്കുന്ന വീഡിയോയും കണ്ടെത്താനായി. രാഹുല്‍ ഗാന്ധി നായക്ക് ബിസ്കറ്റ് നല്‍കിയെന്നും ഇതില്‍ താന്‍ സന്തോഷവാനാണെന്നും ഉടമ പറയുന്നതായി വീഡിയോയിലുണ്ട്. നായക്ക് കൊടുക്കുന്ന ബിസ്കറ്റ് നല്‍കി രാഹുല്‍ ഗാന്ധി ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
നായയുടെ ഉടമ സംസാരിക്കുന്ന വീഡിയോ താഴെ
നിഗമനം
രാഹുല്‍ ഗാന്ധി നായക്ക് കൊടുക്കുന്ന ബിസ്കറ്റി നല്‍കി ഒരു പ്രവര്‍ത്തകനെ അപമാനിച്ചു എന്ന സോഷ്യല്‍ മീഡിയ പ്രചാരണം കള്ളമാണ്.
Read more: നെല്ല് കൊയ്യാനും റോബോട്ട് എത്തി! വൈറല്‍ വീഡിയോ സത്യമോ? Fact Check