മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജനം തടഞ്ഞോ? വീഡിയോയുടെ സത്യമറിയാം- Fact Check
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വീഡിയോ സഹിതമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്
ദില്ലി: ഇന്ത്യാ മുന്നണി നേതാവ് രാഹുല്‍ ഗാന്ധി ഈ ജൂലൈയില്‍ മണിപ്പൂരിലെ പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാണ്. മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവന്നു എന്നാണ് പ്രചാരണം. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.
പ്രചാരണം
2024 ജൂലൈ 10ന് വിവിധ ഫേസ്‌ബുക്ക് അക്കൗണ്ടുകളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വീഡിയോ സഹിതം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് മിനുറ്റും എട്ട് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഗോബാക്ക് എന്ന മുദ്രാവാക്യം വിളി കേള്‍ക്കാം. 'മണിപ്പൂരിൽ കുത്തിതിരിപ്പിനായെത്തിയ റൗൾ വിൻസിയെ (രാഹുൽ ഗാന്ധിയെ)ആട്ടി പുറത്താക്കുന്ന മണിപ്പൂർ ജനത! പ്രകോപനപരമായ പ്രസംഗങ്ങൾ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ മണിപ്പൂരിൽ നിന്ന് മടങ്ങിപ്പോകാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടു'- എന്നുമാണ് വീഡിയോ അടക്കമുള്ള വിവിധ എഫ്‌ബി പോസ്റ്റുകളിലുള്ളത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്ക് 1, 2, 3.
വസ്‌തുതാ പരിശോധന
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ കുറിച്ച് വിശദമായി തിരക്കിയെങ്കിലും ദേശീയ മാധ്യമങ്ങളിലൊന്നും രാഹുലിനെ തടഞ്ഞതായി വാര്‍ത്തകള്‍ കണ്ടെത്താനായില്ല. വീഡിയോ സൂക്ഷമമായി നിരീക്ഷിച്ചപ്പോള്‍ ദൃശ്യത്തില്‍ ഒരിടത്ത് 'അന്യായ് യാത്ര' എന്നൊരു പ്ലക്കാര്‍ഡ് കാണാനായി. വിശദ പരിശോധനയില്‍ വീഡിയോയുടെ ഒറിജനല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 2024 ജനുവരി 21ന് വെരിഫൈഡ് എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചതാണ് എന്ന് വ്യക്തമായി. മണിപ്പൂരിലെ അംബാഗനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ നടന്ന പ്രതിഷേധം എന്ന തലക്കെട്ടിലാണ് വീഡിയോ എഎന്‍ഐ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
നിഗമനം
2024 ജൂലൈയിലെ മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടായി എന്ന വാദം തെറ്റാണ് എന്ന് ഉറപ്പിക്കാം. അസമില്‍ നിന്നുള്ള ജനുവരി മാസത്തെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
Read more: കൈയില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ ടാറ്റൂ ചെയ്‌ത വിരാട് കോലി; വൈറല്‍ ഫോട്ടോ വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം