'ശിരോവസ്ത്രമില്ല, കുമ്പളയില്‍ ബസില്‍ ഹിന്ദു സ്ത്രീയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ശകാരിച്ചു' എന്ന് വ്യാജ പ്രചാരണം
ബസിലെ സാരി ധരിച്ച യാത്രക്കാരിയുമായി മുസ്ലീം വിദ്യാർഥിനികള്‍ തർക്കിച്ചത് അവരുടെ വേഷധാരണത്തെ ചൊല്ലിയല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തി
കുമ്പള: കാസർകോട് ജില്ലയില്‍ കുമ്പള കൻസ വനിത കോളേജിലെ വിദ്യാർഥിനികള്‍ ബസ് തടഞ്ഞ സംഭവം വർഗീയമായി ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. കുമ്പള-മുള്ളേരിയ കെഎസ്‌ടിപി റോഡിൽ ഭാസ്ക്കര നഗറിൽ കോളേജിന് മുന്നില്‍ ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വിദ്യാർഥിനികള്‍ ബസ് തടഞ്ഞത്. വിദ്യാർഥിനികള്‍ ബസ് തടയുന്നതിന്‍റെ വീഡിയോയാണ് വർഗീയചുവയോടെ സാമൂഹ്യമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) പലരും പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രചാരണവും വസ്‌തുതയും വിശദമായി അറിയാം.
പ്രചാരണം
അനന്ദി നായർ എന്ന യൂസർ 2023 ഒക്ടോബർ 27-ാം തിയതി ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണുന്നത് ബസിനുള്ളില്‍ പർദയും ശിരോവസ്‌ത്രവും ധരിച്ച വിദ്യാർഥിനികളും സാരിയുടുത്ത മറ്റൊരു സ്ത്രീയും തമ്മില്‍ വാക്കുതർക്കം നടക്കുന്നതായാണ്. ഇതിനെ കുറിച്ച് അനന്ദി നായരുടെ ട്വീറ്റ് ഇങ്ങനെ. 'ബുർഖ ധരിക്കാതെ ആരെയും ബസില്‍ കയറാന്‍ അനുവദിക്കില്ല എന്ന് മുസ്ലീം വനിതകള്‍ പറയുകയാണ്. ഹിന്ദുക്കള്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ ഇപ്പോള്‍ ശിരോവസ്ത്രം ധരിച്ച ശേഷം മാത്രമേ സാധിക്കൂ. ഇക്കാര്യം വാർത്താ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇപ്പോള്‍ അള്ളാഹ് ഓണ്‍ കണ്‍ട്രിയാണ്' എന്നുമുള്ള കുറിപ്പോടെയാണ് 51 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ അനന്ദി നായർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വാർത്ത ചെയ്യുമ്പോള്‍ 9 ലക്ഷത്തോളം പേർ ഈ വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടുകഴിഞ്ഞു.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
സമാനമായി നിരവധി പേരാണ് ഇതേ ആരോപണത്തോടെ വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. വിദേശ മാധ്യമപ്രവർത്തകർ അടക്കം ഈ പ്രചാരണം ട്വിറ്ററില്‍ അഴിച്ചുവിട്ടിട്ടുണ്ട്. ലിങ്ക് 1, 2, 3. മുസ്ലീം സ്ത്രീകളുടെ വസ്‌ത്രധാരണം ഇല്ലാതെ വടക്കന്‍ കേരളത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാന്‍ ഹിന്ദു സ്ത്രീകള്‍ക്ക് അനുവാദമില്ല എന്ന ആരോപണത്തോടെയാണ് എല്ലാ യൂസര്‍മാരും വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുതാ പരിശോധന
വീഡിയോ വര്‍ഗീയമായി സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എന്താണ് ബസില്‍ സംഭവിച്ചത് എന്ന് വിശദമായി നോക്കാം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വീഡിയോ വിശദമായി പരിശോധിച്ചപ്പോള്‍ ഒരിടത്തും വർഗീയമായ ഒരു വാക്ക് പോലും മുസ്ലീം വിദ്യാർഥിനികളോ ബസിലെ മറ്റ് യാത്രക്കാരോ പറയുന്നതായി കേള്‍ക്കാനായില്ല. ബസ് എന്തിന് തടഞ്ഞു എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിദ്യാര്‍ഥിനികളും സാരി ധരിച്ച സ്ത്രീയും തമ്മില്‍ നടക്കുന്നത് എന്നാണ് വീഡിയോ കണ്ടതില്‍ നിന്ന് മനസിലായത്. ഇക്കാര്യം ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തി.
ബസ് കോളേജിന് മുന്നില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭാസ്ക്കര നഗറിൽ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായത് എന്ന് അന്നത്തെ സംഭവത്തിന്‍റെ മാധ്യമവാര്‍ത്തകളില്‍ നിന്ന് കാണാം. ഈ സംഭവത്തിന് വര്‍ഗീയ ചുവയുള്ളതായി മാധ്യമവാര്‍ത്തകളിലൊന്നും കാണാനില്ല. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ.
ബസില്‍ നടന്ന സംഭവത്തിന് യാതൊരു വര്‍ഗീയ സ്വഭാവമുമില്ലെന്ന് കാസര്‍കോടുള്ള മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കുകയും ചെയ്‌തു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ കുമ്പള പൊലീസിനെ ഫാക്ട് ചെക്ക് ടീം സമീപിക്കുകയും ചെയ്‌തു. ബസ് തടഞ്ഞ സംഭവത്തിന് യാതൊരു വര്‍ഗീയ ചുവയുമില്ലെന്ന് കുമ്പള എസ്എച്ച്ഒ അനൂപ് കുമാര്‍ ഇ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാത്രമാണ് സ്ഥലത്തുണ്ടായത് എന്നും ബസ് അവിടെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നിഗമനം
കേരളത്തില്‍ ബുര്‍ഖ ധരിക്കാത്തതിനാല്‍ ഹിന്ദു സ്ത്രീയെ ബസില്‍ യാത്ര ചെയ്യാന്‍ മുസ്ലീം വിദ്യാര്‍ഥിനികള്‍ അനുവദിച്ചില്ല എന്ന് വീഡിയോ സഹിതമുള്ള പ്രചാരണം പൂര്‍ണമായും വ്യാജമാണ്. കോളേജിന് മുന്നില്‍ ബസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം മാത്രമാണ് സംഭവസ്ഥലത്തുണ്ടായിട്ടുള്ളത്.
Read more: Fact Check: ഡ്രൈവറില്ലാ ടാക്‌സി ചെന്നൈയില്‍! വൈറലായി വീഡിയോ, സംഭവം സത്യമോ