സംഗീത പരിപാടിയില്‍ നിന്ന് ഹമാസ് തട്ടിക്കോണ്ടുപോയ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടെരിച്ചോ? വീഡിയോയുടെ സത്യം
തട്ടിക്കോണ്ടുപോയ പെണ്‍കുട്ടിയെ ഹമാസ് ജീവനോടെ ചുട്ടുകൊന്നു എന്നാണ് വീഡിയോ സഹിതമുള്ള പ്രചാരണം
ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഒരു സംഗീത പരിപാടിക്കിടയിലേക്ക് കടന്നുകയറിയുള്ള ശക്തമായ ആക്രമണവുമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ആളുകളെ വെടിവച്ച് കൊല്ലുകയും തട്ടിക്കോണ്ട് പോവുകയും ഹമാസ് ചെയ്‌തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തട്ടിക്കോണ്ട് പോയൊരു പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നു എന്നൊരു പ്രചാരണം വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമാണ്. ഇങ്ങനെയൊരു സംഭവം അടുത്തിടെ നടന്നോ എന്ന് വ്യക്തമല്ലെങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമില്ല എന്നതാണ് യാഥാര്‍ഥ്യം.
പ്രചാരണം
ഒരു 14 വയസുകാരിയെ ഇസ്രയേലില്‍ നിന്ന് പിടികൂടി ഹമാസ് തീകൊളുത്തിയതായി മന്‍സൂര്‍ റോസ്‌താമി എന്ന വ്യക്തി ഫേസ്‌ബുക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. 'ഇതിലും വൃത്തികെട്ടതും വെറുപ്പുള്ളവരുമായ കാട്ടാളന്മാർ നമുക്കുണ്ടോ? ഇസ്രയേലിൽ നിന്ന് പിടിക്കപ്പെട്ട 14 വയസുകാരിയെ അവർ ജീവനോടെ ചുട്ടുകൊന്നു' എന്ന കുറിപ്പോടെയാണ് ഒരു മിനുറ്റും 22 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഫ്‌ബിയില്‍ 2023 ഒക്ടോബര്‍ 12ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
(കാഴ്‌ചക്കാരെ അസ്വസ്‌തമാക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല)
സമാന വീഡിയോയുടെ സ്ക്രീന്‍ഷോട്ട് മറ്റൊരാള്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചതും കാണാം. 'അതിഭീകരമായ ദൃശ്യമാണ് എന്നതിനാല്‍ ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നില്ല. ഇസ്രയേലിലെ സംഗീത പരിപാടിയില്‍ നിന്ന് പിടികൂടിയ സ്ത്രീയെ ഹര്‍ഷാരവം മുഴക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തീകൊളുത്തി' എന്ന എഴുത്തോടെയാണ് മെലാനി കൊനിചോവ്‌സ്‌കി റിങ്കല്‍ എന്നയാള്‍ ഫേസ്‌ബുക്കില്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഒക്ടോബര്‍ പത്തിന് പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ഫേസ്‌ബുക്ക് പോസ്റ്റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ
വസ്‌തുത
എന്നാല്‍ സംഗീത പരിപാടിക്കിടെ തട്ടിക്കോണ്ടുപോയ പെണ്‍കുട്ടിയെ ഹമാസ് ജീവനോടെ ചുട്ടെരിച്ചതായി പ്രചരിക്കുന്ന വീഡിയോ ഗ്വാട്ടിമാലയില്‍ 2015ല്‍ ഒരു 16കാരിയെ ആള്‍ക്കൂട്ടം തീകൊളുത്തിയതിന്‍റെതാണ് എന്നതാണ് യാഥാര്‍ഥ്യം. അന്ന് ഈ വാര്‍ത്ത രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തതിരുന്നു. പെണ്‍കുട്ടിയെ മര്‍ദിച്ചവശയാക്കിയ ശേഷം ജീവനോടെ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്ന് ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമാണ് എന്ന് ആരോപിച്ചാണ് ഗ്വാട്ടിമാലയില്‍ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം തീകൊളുത്തി കൊന്നത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
സിഎന്‍എന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
Read more: ഗാസയിൽ ഇസ്രയേല്‍ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിട്ടോ; വീഡിയോ പ്രചരിക്കുന്നു- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം