ഇസ്രയേലില്‍ ഹമാസ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് ഇങ്ങനെയോ? വീഡിയോ വൈറല്‍- Fact Check
ഇസ്രയേലില്‍ നടന്നുകൊണ്ടിരുന്ന ഒരു സംഗീത പരിപാടിയില്‍ ഹമാസിന്‍റെ ആളുകള്‍ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഇസ്രയേലില്‍ സാധിക്കുന്ന മാര്‍ഗങ്ങളിലൂടെയെല്ലാം പ്രവേശിച്ച് അതിശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് ഹമാസ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്‌തത്. ഇസ്രയേലിനും ഗാസയ്‌ക്കും ഇടയിലുള്ള വലിയ കമ്പിവേലി മറികടക്കാന്‍ പല വഴികള്‍ ഹമാസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കാന്‍ ചില വീഡിയോകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ സജീവമാവുകയും ചെയ്തു. ഇതിലൊരു ദൃശ്യമാണ് ഏറെപ്പേര്‍ പാരച്യൂട്ടില്‍ ആളുകള്‍ക്കിടയിലേക്ക് പറന്നിറങ്ങുന്നത്. ഈ വീഡിയോ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്‍റെത് തന്നെയോ?
പ്രചാരണം
ഇസ്രയേലില്‍ നടന്നുകൊണ്ടിരുന്ന ഒരു സംഗീത പരിപാടിയില്‍ ഹമാസിന്‍റെ ആളുകള്‍ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'ഹമാസിന്‍റെ പാരച്യൂട്ടുകള്‍ വരുമ്പോള്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നത് ആലോചിച്ചു നോക്കൂ' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 2023 ഒക്ടോബര്‍ 9-ാം തിയതിയാണ് വീഡിയോ ഇന്‍സ്റ്റയിലെത്തിയത്. സമാന വീഡിയോ ട്വിറ്ററിലും കാണാം.
ഇന്‍സ്റ്റഗ്രാം വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
ട്വിറ്റർ വീഡിയോ
വസ്‌തുത
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ ഹമാസ്- ഇസ്രയേല്‍ സംഭവവികാസങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഒക്ടോബര്‍ ഏഴാം തിയതിയാണ് ഹമാസ് ഇസ്രയേലില്‍ കനത്ത ആക്രമണം നടത്തിയത്. ഇതിന് ശേഷം ഒക്ടോബര്‍ 9-ാം തിയതി ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, അതിന് മുമ്പ് സെപ്റ്റംബര്‍ 27-ാം തിയതി ടിക്‌ടോക്കിലും വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് എന്ന് മനസിലാക്കിയതില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. അതായത്, ഇപ്പോഴത്തെ ഇസ്രയേല്‍- ഹമാസ് പോരാട്ടം ആരംഭിക്കുന്നതിന് ഏറെ നാള്‍ മുമ്പേ വീഡിയോ പ്രചരിക്കുന്നുണ്ട്.
പിന്നെ എവിടെ നിന്ന്?
ഈജിപ്തിലെ കെയ്‌റോയില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംഗീത പരിപാടിക്കിടെയല്ല, ഒരു ഫുട്ബോള്‍ കോര്‍ട്ടിലേക്ക് പാരച്യൂട്ടില്‍ ആളുകള്‍ വന്നിറങ്ങുന്നതായാണ് വീഡിയോയില്‍ കാണുന്നത്. മാത്രമല്ല, നിരവധി പേര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുമ്പോള്‍ ആളുകള്‍ ഭയപ്പെടുന്നതിന് പകരം അവര്‍ക്കടുത്തേക്ക് ആകാംക്ഷയോടെ ഓടിച്ചെല്ലുന്നതായാണ് വീഡിയോയില്‍ കാണുന്നത് എന്നതും പ്രചാരണം വ്യാജമാണ് എന്നുറപ്പിക്കുന്നു.
അസോസിയേറ്റഡ് പ്രസ് നല്‍കിയ വാര്‍ത്ത
Read more: ആ വീഡിയോ അൾജീറിയയിലെ വെടിക്കെട്ട്; ഗാസയില്‍ ഹമാസിനെതിരായ ഇസ്രയേല്‍ വ്യോമാക്രമണം അല്ല! Fact Check