നെറ്റിയില്‍ കുറിതൊട്ട് വിഎസ് അച്യുതാനന്ദന്‍; ആ വൈറല്‍ ചിത്രം വ്യാജം

അവിശ്വാസിയായ വിഎസ് നെറ്റിയില്‍ ചന്ദനക്കുറിയിട്ട് ഇരിക്കുന്ന ഫോട്ടോയാണ് പലരും ഷെയര്‍ ചെയ്യുന്നത്

V S Achuthanandan Fake Photo viral as he celebrating 100th birthday jje

പുന്നപ്ര വയലാര്‍ സമര നായകന്‍ വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിഎസും കുടുംബവും അനുയായികളും അദേഹത്തിന്‍റെ നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അവിശ്വാസിയായ വിഎസ് നെറ്റിയില്‍ ചന്ദനക്കുറിതൊട്ട് ഇരിക്കുന്ന ഫോട്ടോയാണ് പലരും ഷെയര്‍ ചെയ്യുന്നത്. ഈ ചിത്രം ശരിയോ? ഫോട്ടോയുടെ വസ്‌തുത വിശദമായി പരിശോധിക്കാം. 

പ്രചാരണം

വിഎസിന് കുടുംബക്ഷേത്രത്തില്‍ നാളെ പ്രത്യേക പൂജ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത സഹിതമാണ് കുറിതൊട്ടുള്ള അദേഹത്തിന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ പലരും പോസ്റ്റ് ചെയ്യുന്നത്. 'സഖാക്കളെ ഈ വാർത്ത ശരിയാണോ ? അന്ന് ഗൗരിയമ്മ - ഇന്ന് വി.എസ്. --നാളെ പിണറായി... ''എല്ലാം അവസാനിക്കാറായി എന്ന് തോന്നൽ വന്നാൽ പിന്നെ സിദ്ധാന്തം വെറും മണ്ണാങ്കട്ട... നേതൃത്വം ആട്ടിൻ കാട്ടം കാണിച്ച് കൊടുത്ത് അത് മുന്തിരിയാണെന്ന് പറഞ്ഞാൽ അതെ അത് മുന്തിരിയാണെന്ന് പറഞ്ഞ് തിന്നുന്ന അണികളും...' ലാൽസലാം' എന്ന കുറിപ്പോടെയാണ് ബാവ മാഷ് കാളിയത്ത് എന്നയാള്‍ 2023 ഒക്ടോബര്‍ 18ന് വിഎസിന്‍റെ വിവാദ ഫോട്ടോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതേ ചിത്രം മറ്റ് നിരവധി പേരും പോസ്റ്റ് ചെയ്‌‌തിരിക്കുന്നത് കാണാം. ലിങ്ക് 1, 2, 3.  

V S Achuthanandan Fake Photo viral as he celebrating 100th birthday jje

വസ്‌തുത

നെറ്റിയില്‍ കുറി ഇട്ടിട്ടുള്ളതായി പ്രചരിക്കുന്ന വിഎസ് അച്യുതാനന്ദന്‍റെ ചിത്രം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. വിഎസിന്‍റെ ഒരു ചിത്രത്തില്‍ ആരോ കുറി എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ്. പ്രചരിക്കുന്ന കുറിയുള്ള ചിത്രത്തില്‍ വിഎസ് ചുവപ്പ് നിറത്തിലുള്ള കസേരയില്‍ ടീഷര്‍ട്ടും കറുത്ത കണ്ണടയും അണിഞ്ഞ് ചാരിയിരിക്കുന്നതായാണ് ദൃശ്യമാകുന്നത്. ഈ ചിത്രത്തിന്‍റെ ഒറിജിനല്‍ ചിത്രം 2021ല്‍ വിഎസിന്‍റെ 98-ാം പിറന്നാള്‍ ദിനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയില്‍ കാണാം. ഈ ചിത്രത്തില്‍ വിഎസിന്‍റെ നെറ്റിയില്‍ ചന്ദനക്കുറിയില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ വിഎസ് ഇരിക്കുന്നതായി കാണുന്ന അതേ കസേരയും വേഷവും കണ്ണടയുമാണ് 2021ലെ വാര്‍ത്തയിലുള്ള ഫോട്ടോയിലുമുള്ളത്. ചിത്രത്തിന്‍റെ പശ്ചാത്തലത്തിനും മാറ്റമില്ല. 

2021ലെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ സമാന ചിത്രം

V S Achuthanandan Fake Photo viral as he celebrating 100th birthday jje

നിഗമനം

വിഎസ് അച്യുതാനന്ദന്‍ നെറ്റിയില്‍ ചന്ദനക്കുറി തൊട്ടതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. വിഎസിന്‍റെ പഴയ ചിത്രത്തില്‍ നെറ്റിയില്‍ കുറി എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് വ്യാജ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നാളെ ഒക്ടോബര്‍ 20നാണ് വിഎസിന്‍റെ നൂറാം ജന്‍മദിനം. 

Read more: ഗാസയിലെ ആശുപത്രിയില്‍ കൂട്ടക്കുരുതിയുണ്ടാക്കിയത് ഹമാസ് റോക്കറ്റ് എന്ന് വീഡിയോ, സത്യമോ- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios