Fact Check: മദ്യപിച്ച് ലക്കുകെട്ട് തെലങ്കാനയില്‍ ഡി കെ ശിവകുമാറിന്‍റെ തെരഞ്ഞെടുപ്പ് റാലി എന്ന് വ്യാജ പ്രചാരണം
തെലങ്കാനയിലെ താണ്ടൂറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡി കെ ശിവകുമാര്‍ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന ആരോപണത്തോടെയാണ് വീഡിയോ
ഹൈദരാബാദ്: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. തെലങ്കാനയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. നവംബര്‍ 30നാണ് തെലങ്കാന പോളിംഗ് ബൂത്തിലെത്തുക. തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പിന്നാലെ ഡി കെ ശിവകുമാറിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതിന്‍റെ വസ്‌തുതയില്‍ ഇനി സംശയം വേണ്ടാ.
പ്രചാരണം
തെലങ്കാനയിലെ താണ്ടൂറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡി കെ ശിവകുമാര്‍ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന ആരോപണത്തോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. 'ഡി കെ ശിവകുമാര്‍ താണ്ടൂറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെയ്യുന്നതെന്താണെന്ന് നോക്കൂ' എന്ന് പറഞ്ഞാണ് 2023 ഒക്ടോബര്‍ 28ന് ഒരു ട്വീറ്റ്. 'താണ്ടൂറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡി കെ ശിവകുമാര്‍' എന്ന തലക്കെട്ടോടെയാണ് മറ്റൊരു ട്വീറ്റ്. നടക്കുമ്പോള്‍ ഡി കെയുടെ കാലുകള്‍ ഉറക്കാത്തത് വീഡിയോയില്‍ കാണാം.
ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുത
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ട്വീറ്റുകളില്‍ പറയുന്നത് പോലെ ഡി കെ ശിവകുമാര്‍ മദ്യപിച്ച ശേഷം നടക്കാന്‍ പ്രയാസപ്പെടുന്നതിന്‍റെ വീഡിയോ അല്ല. ഒരു വര്‍ഷം മുമ്പ് 2022ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ ഒരു കാല്‍നട യാത്രയില്‍ നിന്നുള്ള വീഡിയോയാണ് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെത് എന്ന തലക്കെട്ടുകളില്‍ പ്രചരിക്കുന്നത്. ഇതിന്‍റെ വാര്‍ത്ത 2022 ജനുവരി 9ന് കന്നഡ മാധ്യമമായ ന്യൂസ്‌ഫസ്റ്റ് കന്നഡ പ്രസിദ്ധീകരിച്ചത് യൂട്യൂബില്‍ കാണാം. പദയാത്രയില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് യൂട്യൂബില്‍ വിവരണമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്ന് അദേഹം മദ്യപിച്ചിരുന്നതായി വാര്‍ത്തകളൊന്നും കണ്ടെത്താനായിട്ടില്ല.
നിഗമനം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാനയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മദ്യപിച്ച് ലക്കുകെട്ടതായി ആരോപിച്ച് പ്രചരിക്കുന്ന വീഡിയോ വസ്‌തുതാവിരുദ്ധമാണ്. ഒരു വര്‍ഷം പഴക്കമുള്ളതും കര്‍ണാടകയിലെ ഒരു പദയാത്രയില്‍ നിന്നുള്ളതുമായ ദൃശ്യങ്ങളാണിത്. ഡി കെ ശിവകുമാര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായിട്ടുമില്ല.
Read more: തൊഴില്‍രഹിതനാണോ നിങ്ങള്‍, ദുഖിക്കേണ്ടാ; മാസംതോറും നല്ലൊരു തുക അക്കൗണ്ടിലെത്തും! കേന്ദ്ര പദ്ധതി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം