കൊവിഡിന്‍റെ അന്തകനോ 'കൊവിഡോള്‍'; മരുന്ന് കണ്ടെത്തിയെന്ന പ്രചാരണം ശരിയോ?

ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കൊവിഡിന് പച്ച മരുന്ന് കണ്ടെത്തി എന്ന പ്രചാരണവുണ്ട്. 'കൊവിഡോള്‍' എന്നാണത്രേ ഇതിന്‍റെ പേര്. എന്താണ് ഇതിലെ വസ്‌തുത.

Tanzania found herbal medicine for COVID 19 this is the fact

കൊവിഡ് 19 ഗുരുതരമായവരില്‍ ജനറിക് സ്റ്റിറോയ്ഡായ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമെന്ന കണ്ടെത്തലാണ് മരുന്ന് പരീക്ഷണങ്ങളിലെ ഒടുവിലത്തെ വാര്‍ത്ത. എന്നാല്‍ കൊവിഡിന്‍റെ അന്തകന്‍ എന്ന് പറയാനാവുന്ന മരുന്നോ വാക്‌സിനോ ഇതുവരെ എത്തിയിട്ടില്ല. അതേസമയം, ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കൊവിഡിന് പച്ച മരുന്ന് കണ്ടെത്തി എന്ന പ്രചാരണവുണ്ട്. 'കൊവിഡോള്‍' എന്നാണത്രേ ഇതിന്‍റെ പേര്. എന്താണ് ഇതിലെ വസ്‌തുത.

പ്രചാരണം ഇങ്ങനെ

'കൊവിഡ് ഭേദമാക്കാന്‍ മരുന്നുമായി ടാൻസാനിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ ആരോഗ്യ സമിതി ഇതിന് അംഗീകാരം നല്‍കി. പ്രസിഡന്‍റ് ജോണ്‍ മഗുഫുളിയുടെയും ആരോഗ്യമന്ത്രി അമി മ്വൊലീമ്യൂവിന്‍റെയും നേട്ടമാണിത്'. ടാൻസാനിയന്‍ പ്രസിഡന്‍റ്, ആരോഗ്യമന്ത്രി എന്നിവരുടെയും കൊവിഡോളിന്‍റെയും ചിത്രം സഹിതമാണ് പ്രചാരണം. 

 

വസ്‌തുത എന്ത്

എന്നാല്‍, ഈ പ്രചാരണം തെറ്റാണ് എന്നാണ് വാര്‍ത്തകള്‍. കൊവിഡിന് മരുന്ന് കണ്ടെത്തിയതായി ടാൻസാനിയന്‍ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ മാത്രം നടക്കുന്ന പ്രചാരണം വിശ്വാസത്തിലെടുക്കേണ്ട എന്നാണ് പ്രതികരണം.

വസ്‌തുതാ പരിശോധനാ രീതി

ആഫ്രിക്കന്‍ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ 'പെസാചെക്ക്' ആണ് ഇത് സംബന്ധിച്ച് വസ്‌തുതാ പരിശോധന നടത്തിയത്. കൊവിഡിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും പരീക്ഷണങ്ങളില്‍ വിജയിക്കാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടമാണ് എന്നും ടാൻസാനിയന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി പെസാചെക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍റര്‍നാഷണല്‍ ഫാക്‌ട് ചെക്കിംഗ് നെറ്റ്‌വര്‍ക്കിന്‍റെ അംഗീകാരമുള്ള വസ്‌തുതാ പരിശോധനാ വെബ്‌സൈറ്റാണ് പെസാചെക്ക്

നിഗമനം

കൊവിഡ് 19ന് മരുന്നോ വാക്‌സിനോ കണ്ടെത്താന്‍ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല. വാക്‌സിനായി തീവ്ര പരിശ്രമങ്ങള്‍ ലോകത്ത് നടക്കുകയാണ്. ഗുരുതര രോഗികളില്‍ ചില മരുന്നുകള്‍ ഉപയോഗിക്കാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. കൊവിഡോള്‍ കൊവിഡ് മാറ്റുമെന്ന് ശാസ്‌ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 

Tanzania found herbal medicine for COVID 19 this is the fact

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Latest Videos
Follow Us:
Download App:
  • android
  • ios