'കുട്ടികളെ തട്ടിക്കോണ്ടുപോയി അവയവങ്ങള്‍ കവരുന്ന തമിഴ്‌നാട് സംഘം പിടിയില്‍'; വീഡിയോയും സത്യവും
ദൃശ്യങ്ങള്‍ ആളുകളില്‍ ഭയം വിതയ്ക്കുന്ന സാഹചര്യത്തില്‍ വസ്‌തുത എന്താണ് എന്ന് വിശദമായി പരിശോധിക്കാം
പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന തമിഴ് സംഘങ്ങളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തുവെന്നും ഇവരുടെ പക്കലില്‍ നിന്ന് ജീവനില്ലാത്ത ഏഴ് കുട്ടികളെ കണ്ടെത്തിയെന്നുമുള്ള കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ഇല്ലാതെ കുറിപ്പ് മാത്രമായും പ്രചാരണം സജീവമാണ്. ആളുകളില്‍ ദൃശ്യങ്ങള്‍ ഭയം വിതയ്ക്കുന്ന സാഹചര്യത്തില്‍ വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് വിശദമായി പരിശോധിക്കാം.
NB: ആളുകളെ പരിഭ്രാന്തരാക്കുന്ന വീഡിയോ വാര്‍ത്തയില്‍ ഉള്‍ച്ചേര്‍ക്കുന്നില്ല
പ്രചാരണം
വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും വീഡിയോ സഹിതം പ്രചരിക്കുന്ന കുറിപ്പ് ചുവടെ ചേര്‍ക്കുന്നു.
'ജാഗ്രത പാലിക്കുക
വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഒരു തമിഴ്നാട് സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ കുഞ്ഞുങ്ങളെ കീറി കിഡ്നി കണ്ണ് ലിവർ മറ്റ് അവയവങ്ങൾ ഓരോന്നായി ഭരണിയിൽ സൂക്ഷിക്കുകയായിരുന്നു ഒരു ഭയാനകമായ കാഴ്ചയായിരുന്നു പോലീസിന് കാണാൻ കഴിഞ്ഞത് ഈ കൃത്യം ചെയ്യുമ്പോൾ ഒരു കുഞ്ഞു മരിച്ചിട്ട് പോലും ഇല്ലായിരുന്നു ഇത്രയും പൈശാചികമായ ഒരു ക്രൂരകൃത്യം ഇന്നുവരെ തമിഴ്നാട് പോലീസിന് കാണാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ എല്ലാവരും നമ്മളുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നമ്മൾ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുക ജാഗ്രത പാലിക്കുക*'
വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ സ്ക്രീന്‍ഷോട്ട്
ഇതേ കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം...
വസ്‌തുതാ പരിശോധന
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ദൃശ്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചാല്‍ ഇത് മൂന്ന് വ്യത്യസ്ത വീഡിയോകളും ഒരു ചിത്രവും എഡിറ്റ് ചെയ്ത് ചേര്‍ത്ത് നിര്‍മിച്ചതാണ് എന്ന് കാണാം. അതിനാല്‍ തന്നെ ഇവ മൂന്നും ഓരോന്നായി വസ്‌തുതാ പരിശോധനയ്ക്ക് വിധേയമാക്കി.
വീഡിയോ- 1
മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ നിലത്ത് കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് ആദ്യ വീഡിയോ. കുട്ടികളുടെ ശരീരത്തില്‍ കഴുത്തിന് താഴേക്ക് വലിയ മുറിവിന്‍റെ പാട് കാണാം. തമിഴ്നാട്ടിലെ അല്ല, രാജസ്ഥാനിലെ നഗോറില്‍ നിന്നുള്ള വീഡിയോയാണിത്. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പറയുന്നത് പോലെയല്ല, 2022 ജൂലൈയില്‍ ഒരു കുഴിയില്‍ മുങ്ങിമരിച്ച നാല് കുട്ടികളെ നിലത്തുവിരിച്ച പ്ലാസ്റ്റിക്കില്‍ കിടത്തിയിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത് എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുട്ടികളുടെ ശരീരത്തില്‍ കാണുന്ന വലിയ മുറിവിന്‍റെ അടയാളം പോസ്റ്റ്മോര്‍ട്ടം ചെയ്‌ത ശേഷം തുന്നിക്കെട്ടിയതിന്‍റെ പാടുകളാണ്.
വീഡിയോ- 2
രണ്ടാമത്തെ വീഡിയോയാവട്ടെ ഒരു സ്‌ക്രിപ്റ്റഡ് വീഡിയോയില്‍ നിന്നുള്ള ഭാഗമാണ്. കുട്ടികളെ തട്ടിക്കോണ്ട് പോകുന്നതായി കാണുന്ന ഈ വീഡിയോ ഭാഗം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ക്യാമറയില്‍ ഷൂട്ട് ചെയ്‌തതാണ്. ഇതൊരു യഥാര്‍ഥ സംഭവത്തിന്‍റെ വീഡിയോ അല്ല എന്ന് ഇതില്‍ നിന്ന് വ്യക്തം.
ചിത്രം- 1
ഒരു കുട്ടിയുടെ അസ്ഥികൂടത്തിന്‍റെ ചിത്രമാണ് അടുത്തതായി വീഡിയോയില്‍ കാണുന്നത്. അവയവ കടത്തുമായി ബന്ധപ്പെട്ട് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്.
വീഡിയോ- 3
ഒരാളെ കൊന്ന് ശരീരഭാഗങ്ങള്‍ കീറിമുറിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് അടുത്തത്. എന്നാല്‍ ഈ വീഡിയോ കുട്ടികളെ തട്ടിക്കോണ്ടുപോകുന്നതുമായി ബന്ധപ്പെട്ടതല്ല. മെക്‌സിക്കോയിലെ ലഹരിമാഫിയ നടത്തിയ ക്രൂരമായ കൊലപാതകത്തിന്‍റെത് എന്ന പറയപ്പെടുന്ന ദൃശ്യമാണിത് എന്നാണ് തെളിവുകള്‍ വെളിവാക്കുന്നത്.
നിഗമനം
കുട്ടികളെ തട്ടിക്കോണ്ടുപോയി അവയവങ്ങള്‍ കൈക്കലാക്കുന്ന രണ്ട് സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ പിടിയിലായി എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കുട്ടികളെ കടത്തുന്നതുമായി ബന്ധമില്ലാത്ത മൂന്ന് വീഡിയോകളും ഒരു ചിത്രവും എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഒറ്റ ദൃശ്യമാക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
Read more: ചാഞ്ചാട്ടം ഇടതിലും? ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാവോ ഇത്? സത്യാവസ്ഥ അറിയാം