തമിഴ് നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചോ? തെറ്റിദ്ധാരണ വേണ്ട- Fact Check
വിജയകാന്ത് അന്തരിച്ചതായി മലയാളത്തിലും എഫ്‌ബി പോസ്റ്റുകള്‍ കാണാം, ഇതിന്‍റെ വസ്‌തുത എന്ത്?
ചെന്നൈ: തമിഴ് നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം മരണമടഞ്ഞതായി ഫേസ്‌ബുക്കും ട്വിറ്ററിലും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വിജയകാന്ത് അന്തരിച്ചതായി മലയാളത്തിലും എഫ്‌ബി പോസ്റ്റുകള്‍ കാണാം. തമിഴ് സിനിമ ലോകത്ത് ക്യാപ്റ്റന്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന താരമാണ് വിജയകാന്ത്.
പ്രചാരണം
'തമിഴ് സിനിമയുടെ ക്യാപ്റ്റൻ വിജയകാന്ത്.. അന്തരിച്ചു.. തമിഴ് സിനിമ ലോകത്ത് വ്യത്യസ്ത കഥാപാത്രങ്ങളെ അനശ്വരമാക്കിയ പ്രിയ താരത്തിന്.. ആദരാഞ്ജലികൾ'.. എന്നായിരുന്നു ജയേഷ് പൂവച്ചാല്‍ എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സമാനമായ മറ്റ് പോസ്റ്റുകളും ഫേസ്‌ബുക്കില്‍ കാണാം.
എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
വിജയകാന്തിന്‍റെ വ്യാജ മരണവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അദേഹത്തിന്‍റെ ഭാര്യ പ്രേമലത വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. വിജയകാന്ത് സുഖമായിരിക്കുന്നു എന്ന് പത്രകുറിപ്പില്‍ പ്രേമതല അറിയിച്ചു. വിജയകാന്തിനൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രേമലത, താരത്തിനെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ പാടില്ല എന്നാവശ്യപ്പെട്ടു. വിജയകാന്തിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നതായി പ്രമുഖ തമിഴ് നടന്‍ നാസറും അറിയിച്ചിട്ടുണ്ട്. വിജയകാന്ത് അന്തരിച്ചതായുള്ള വാര്‍ത്തകള്‍ വ്യാജമാണ് എന്ന് ഇതിനാല്‍ ഉറപ്പിക്കാം.
പ്രേമലത പങ്കുവെച്ച ഫോട്ടോ
തമിഴ് ചലച്ചിത്ര ലോകത്തെ പ്രധാന നടന്‍മാരിലൊരാള്‍ എന്നതിന് പുറമെ ഡിഎംഡികെ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് വിജയകാന്ത്. നവംബര്‍ 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. പൊതുവേദികളില്‍ അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു. അതും വീല്‍ചെയറിലായിരുന്നു വിജയകാന്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം