സ്നേഹത്തില്‍ പൊതിഞ്ഞ പാവക്കുട്ടികള്‍, ഈ സമ്മാനമെല്ലാം പലസ്‌തീനിലെ കുട്ടികള്‍ക്കോ?
ഗ്യാലറിയില്‍ നിന്ന് മൈതാനത്ത് സ്നേഹപൂര്‍വം എറിയുന്ന ഈ പാവകളെല്ലാം പലസ്‌തീനിലെ കുട്ടികള്‍ക്കുള്ളതാണ് എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ പറയുന്നത്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളില്‍ പലസ്‌തീന് പിന്തുണയുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. എല്ലാം നഷ്‌ടപ്പെട്ട പലസ്തീന്‍ കുട്ടികളെ ആശ്വസിപ്പിക്കാന്‍ ഇതിന്‍റെ ഭാഗമായി പല വലിപ്പത്തിലും രൂപത്തിലുമുള്ള പാവക്കുട്ടികള്‍ സമ്മാനിക്കുകയാണോ ഫുട്ബോള്‍ ആരാധകര്‍. ഗ്യാലറിയില്‍ നിന്ന് മൈതാനത്ത് സ്നേഹപൂര്‍വം എറിയുന്ന ഈ പാവകളെല്ലാം പലസ്‌തീനിലെ കുട്ടികള്‍ക്കുള്ളതാണ് എന്നാണ് വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് നിരവധി പേര്‍ പറയുന്നത്.
പ്രചാരണം
'ഫുട്ബോള്‍ മൈതാനം പലസ്‌തീന് വേണ്ടിയുള്ള പോരാട്ടവേദിയാവുന്നു. പലസ്തീന് അനുകൂലമായി നിലപാടെടുക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു' എന്നാണ് വീഡിയോ സഹിതം ദീപക് ജങ്കിദ് എന്ന യൂസര്‍ ട്വീറ്റ് ചെയ്‌തത്. ഫ്രീ ഗാസ അടക്കമുള്ള ഹാഷ്‌ടാഗുകളോടെയാണ് ട്വീറ്റ്. സമാന അവകാശവാദത്തോടെ നിരവധി ട്വീറ്റുകള്‍ കാണുന്ന സാഹചര്യത്തിന്‍റെ ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
വസ്‌തുത
വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ വ്യക്തമായത് ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമില്ലാതെന്നും പാവക്കുട്ടികള്‍ ആരാധകര്‍ സമ്മാനിക്കുന്നത് പലസ്തീനിടെ കുട്ടികള്‍ക്കല്ല എന്നുമാണ്. തുര്‍ക്കിയിലെ ഭൂകമ്പ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കാന്‍ ടര്‍ക്കിഷ് ക്ലബ് ബെസിക്റ്റാസ് ആരാധകരാണ് മൈതാനത്തേക്ക് പാവകള്‍ എറിഞ്ഞുനല്‍കുന്നത്. 2023 ഫെബ്രുവരി മാസത്തിലായിരുന്നു ഈ സംഭവം എന്നാണ് മാധ്യമവാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത് ഈവര്‍ഷം ഒക്ടോബര്‍ ഏഴിന് മാത്രമാണ്.
നിഗമനം
യുദ്ധം ജീവിതം തകര്‍ത്ത പലസ്തീനിലെ കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ ഫുട്ബോള്‍ ആരാധകര്‍ കളിപ്പാവകള്‍ നല്‍കുന്നതായുള്ള വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധമൊന്നുമില്ല. തുര്‍ക്കിയില്‍ നിന്ന് ഈവര്‍ഷാദ്യമുള്ള വീഡിയോയാണ് പലസ്തീനുമായി തെറ്റായി ബന്ധിപ്പിച്ച് ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നത്.