ലോക്‌സഭ സ്പീക്കറുടെ മകള്‍ക്ക് പരീക്ഷയെഴുതാതെ ഐഎഎസ് കിട്ടിയെന്ന് പ്രചാരണം; സത്യമെന്ത്
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ലക്ക് പരീക്ഷയെഴുതാതെ ഐഎഎസ് ലഭിച്ചെന്ന വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ലക്ക് പരീക്ഷയെഴുതാതെ ഐഎഎസ് ലഭിച്ചെന്ന വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഈ സോഷ്യല്‍മീഡിയ വാര്‍ത്ത പ്രചരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മത്സരാധിഷ്ടിത പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. പിതാവിന്റെ ലോക്‌സഭാ സ്പീക്കര്‍ എന്ന പദവി ദുരുപയോഗം ചെയ്താണ് മകള്‍ക്ക് ഐഎഎസ് ലഭിച്ചതെന്ന് പ്രചരിച്ചു. അര്‍ഹരെ തഴഞ്ഞാണ് പിന്‍വാതിലിലൂടെ സ്പീക്കറുടെ മകള്‍ക്ക് പരീക്ഷ പോലും എഴുതാതെ ഐഎഎസ് ലഭിച്ചതെന്നും ചിലര്‍ പ്രചരിപ്പിച്ചു.
എന്താണ് സത്യാവസ്ഥ
പ്രചാരണം സംബന്ധിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ഫാക്ട് ചെക്ക് വിഭാഗം അന്വേഷണം നടത്തി. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും എഎഫ്പി ട്വീറ്റ് ചെയ്തു. 2019ലെ ഐഎഎസ് മെയിന്‍ പരീക്ഷ അഞ്ജലി ബിര്‍ല എഴുതി എന്നത് മാത്രമാണ് യാഥാര്‍ത്ഥ്യമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഈ വിവരം യു പി എസ് സിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാല്‍ മറ്റുള്ള വിവരമെല്ലാം വ്യാജമാണ്.
ഇത് സംബന്ധിച്ച് ദ ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം അഞ്ജലിയെ സമീപിച്ചു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും വ്യാജ പ്രചാരണം കണ്ട് ചിരിച്ചെന്നും അഞ്ജലി പ്രതികരിച്ചു. വ്യാജ പ്രചാരണം നിഷേധിച്ച് ഇന്‍സ്റ്റഗ്രാമിലും അഞ്ജലി കുറിപ്പിട്ടു. സിവില്‍ സര്‍വീസ് ഫലത്തിന്റെ നടപടി ക്രമങ്ങള്‍ പോലും യു പി എസ് സി ആരംഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സിവില്‍ സര്‍വീസ് പരീക്ഷ സുതാര്യമാണെന്നും പിന്‍വാതില്‍ നിയമനം നടക്കില്ലെന്നും സംവിധാനത്തെ ബഹുമാനിക്കണമെന്നും അവര്‍ പറഞ്ഞു.