ജന്‍-ധന്‍ യോജന പ്രകാരം അക്കൗണ്ടിലേക്ക് പ്രതിമാസം 5000 രൂപ ബോണസോ? സത്യമറിയാം- Fact Check
പ്രധാനമന്ത്രി ജന്‍-ധന്‍ യോജന പദ്ധതി പ്രകാരം പ്രതിമാസം 5000 രൂപ ബോണസ് ലഭിക്കും എന്നാണ് പ്രചാരണം
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല മെസേജുകളും പോസ്റ്റുകളും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. അത്രയധികം വ്യാജ പ്രചാരണങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. പ്രധാനമന്ത്രി ജന്‍-ധന്‍ യോജന പദ്ധതി പ്രകാരം പ്രതിമാസം 5000 രൂപ ബോണസ് ലഭിക്കും എന്നതാണ് ഇതിലൊരു പ്രചാരണം. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം.
പ്രചാരണം
പ്രധാനമന്ത്രി ജന്‍-ധന്‍ യോജന പ്രകാരം ഓരോ പൗരന്‍റെയും അക്കൗണ്ടില്‍ പ്രതിമാസം ₹5000/-രൂപ ബോണസ് ലഭിക്കും- എന്നാണ് offers wale എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ 2024 മെയ് 31ന് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നത്. പേടിഎം, ജിപെ, ഫോണ്‍പേ എന്നീ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ ലോഗോയുള്ള തംബ്‌നെയ്‌ലും ലിങ്കും പോസ്റ്റിനൊപ്പം കാണാം. 500 രൂപ നോട്ടില്‍ സ്‌പര്‍ശിച്ച് 5000 രൂപ വരെ ക്യാഷ്‌ബാക്ക് നേടൂ എന്ന എഴുത്തും തംബ്‌നെയ്‌ലില്‍ കാണാം.
വസ്‌തുതാ പരിശോധന
ഇവിടെ ക്ലിക്ക് ചെയ്‌ത് 5000 രൂപ നേടൂ എന്ന തലക്കെട്ടോടെയുള്ള ലിങ്കിന്‍റെ വിശ്വാസ്യതയാണ് ആദ്യം പരിശോധിച്ചത്. https://cashzone-offerzz.shop/ എന്ന ഈ വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലാത്തതാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ വെബ്‌സൈറ്റിന്‍റെ അഡ്രസില്‍ .gov എന്ന് കാണാനാവില്ല. മാത്രമല്ല, ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാനും കഴിയും. ജന്‍-ധന്‍ യോജന പദ്ധതിയുടെ ശരിയായ വെബ്സൈറ്റിന്‍റെ വിലാസം https://pmjdy.gov.in എന്നാണ്.
യഥാര്‍ഥ വെബ്‌സൈറ്റ് ചുവടെ
സാധാരണക്കാര്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ അനായാസമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ജന്‍-ധന്‍ യോജന. സാധാരണക്കാര്‍ക്ക് ബാങ്ക്, ഡിജിറ്റല്‍ ഇടപാടുകള്‍ പരിചയപ്പെടുത്തുക ഈ പദ്ധതിയുടെ ലക്ഷ്യമാണ്. മറ്റനേകം സവിശേഷതകളും ഈ പദ്ധതിക്കുണ്ട്. എന്നാല്‍ ജന്‍-ധന്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ല. അതേസമയം പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം ലഭിക്കുകയല്ല, പകരം തുക അക്കൗണ്ടില്‍ നിന്ന് നഷ്‍ടപ്പെടുകയാണ് ചെയ്യുക. അത്തരത്തിലാണ് ഈ ലിങ്ക് ക്രമീകരിച്ചിരിക്കുന്നത്.
നിഗമനം
പ്രധാനമന്ത്രി ജന്‍-ധന്‍ യോജന പദ്ധതി പ്രകാരം പ്രതിമാസം 5000 രൂപ ബോണസ് ലഭിക്കും എന്ന പ്രചാരണം വ്യാജമാണ്. സ്കാം ലിങ്കാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്.