'ഓസീസ് താരത്തിന്‍റെ ബാറ്റില്‍ സ്‌പ്രിങ്'! ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തും? വീഡിയോ വൈറല്‍
ഇന്ത്യയും ഓസ്ട്രേലിയയും നിലവില്‍ ട്വന്‍റി 20 പരമ്പരയില്‍ മുഖാമുഖം കളിച്ചുകൊണ്ടിരിക്കുകയാണ്
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയിരുന്നു. ലോകകപ്പ് ആവേശം കഴിഞ്ഞ് ടീമുകളെല്ലാം അടുത്ത പരമ്പരകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും ആവട്ടെ ട്വന്‍റി 20 പരമ്പരയില്‍ മുഖാമുഖം കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ശ്രദ്ധേയമായ ഒരു വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
'ഓസ്ട്രേലിയന്‍ താരത്തിന്‍റെ ബാറ്റില്‍ സ്പ്രിങ് കണ്ടെത്തി. ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തും' എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ thefauxysports എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് 2023 നവംബര്‍ 20-ാം തിയതിയാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും പോസ്റ്റിനൊപ്പമുണ്ട്. ലോകകപ്പ് ഫൈനലിന് പിറ്റേദിനം അപ്‌ലോഡ് ചെയ്‌ത വീഡിയോ ആറ് ദിവസങ്ങള്‍ കൊണ്ട് ഇതിനകം 2 കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ പറയുന്നത് പോലെ ഓസീസ് താരങ്ങളുടെ ബാറ്റില്‍ സ്പ്രിങ് കണ്ടെത്തിയതിനാല്‍ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്താന്‍ ഐസിസി തീരുമാനിച്ചോ?
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്‌തവവിരുദ്ധമാണ്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന thefauxysports എന്ന ഇന്‍സ്റ്റ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇതൊരു ആക്ഷേപഹാസ്യ അക്കൗണ്ടാണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. സ്പോര്‍ട്‌സ് സറ്റയര്‍ കണ്ടന്‍റുകളാണ് അക്കൗണ്ടിലുള്ളത് എന്ന് thefauxysportsന്‍റെ ബയോയില്‍ നല്‍കിയിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ പോലെ സമാനരീതിയിലുള്ള നിരവധി സറ്റയര്‍ വീഡിയോകള്‍ ഈ ഇന്‍സ്റ്റ അക്കൗണ്ടില്‍ കാണാം. മുംബൈയിലെ വാംഖഡെയില്‍ സ്ഥാപിച്ചിരിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതിമ നീക്കംചെയ്യും എന്നത് അടക്കമുള്ള വിചിത്ര അവകാശവാദങ്ങളാണ് thefauxysportsലെ വീഡിയോകളിലുള്ളത്.
ഇന്‍സ്റ്റ അക്കൗണ്ടിന്‍റെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തും എന്ന് ഒരു വീഡിയോയില്‍ അവകാശപ്പെടുന്നത് തെറ്റാണ്. വീഡിയോയില്‍ പറയുന്നത് പോലെ ഓസ്ട്രേലിയന്‍ താരങ്ങളുടെ ബാറ്റില്‍ സ്പ്രിങ് കണ്ടെത്തിയിട്ടില്ല. ഒരു സറ്റയര്‍ അക്കൗണ്ടാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.
Read more: Fact Check: നിരന്നിരുന്ന് മദ്യപിക്കുന്ന സ്ത്രീകള്‍, വ്യാജ പ്രചാരണം പൊളിഞ്ഞു, യാഥാര്‍ഥ്യം ഇതാ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം