ബിസിസിഐ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് ടീമിലേക്ക്? Fact Check
സഞ്ജു സാംസണ്‍ ബിസിസിഐയുമായുള്ള ബന്ധം ഉപേക്ഷിച്ച് അയര്‍ലന്‍ഡ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നതായായിരുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്ത
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും വിക്കറ്റ് കീപ്പറായ സഞ്ജുവിനെ 15 അംഗ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. ഏഷ്യാ കപ്പിന് പിന്നാലെയാണ് ഏകദിന ലോകകപ്പിലും സഞ്ജുവിന് ഇടംപിടിക്കാന്‍ കഴിയാതെ പോയത്. തുടര്‍ച്ചയായി തഴയപ്പെടുന്നതിനാല്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിനായി കളിക്കാന്‍ പോവുകയാണോ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍? ഫേസ്‌ബുക്കിലെ ഒരു പോസ്റ്റാണ് സഞ്ജു മറ്റൊരു രാജ്യത്തിനായി കളിക്കുന്നു എന്ന് അവകാശപ്പെടുന്നത്.
പ്രചാരണം
സഞ്ജു സാംസണ്‍ ബിസിസിഐയുമായുള്ള ബന്ധം ഉപേക്ഷിച്ച് അയര്‍ലന്‍ഡ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നതായി സ്പോര്‍ട്‌സ്‌വിക്കീ ബംഗാളി എന്ന ഓണ്‍ലൈനിന്‍റെ ഫേസ്‌ബുക്ക് പേജിലാണ് റിപ്പോര്‍ട്ട് വന്നത്. 'ബിസിസിഐയുടെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതോടെ സഞ്ജു ഇനിമുതല്‍ അയര്‍ലന്‍ഡിനായി കളിക്കും. ആദ്യം ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കി, ഇപ്പോള്‍ ഏകദിന ലോകകപ്പില്‍ നിന്നും. മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പലപ്പോഴും ബഞ്ചിലിരുത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചെയ്തത്' എന്നും സ്പോര്‍ട്‌സ്‌വിക്കീ ബംഗാളിയുടെ വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പിന്നീടവര്‍ ഫേസ്‌ബുക്ക് പേജില്‍ നിന്ന് പിന്‍വലിച്ചു.
വസ്‌തുത
ഇപ്പോഴും ടീം ഇന്ത്യയുടെ പദ്ധതികളിലുള്ള താരമാണ് സഞ്ജു സാംസണ്‍ എന്നതാണ് സത്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഇതുവരെ ബിസിസിഐയോട് ബൈ പറഞ്ഞിട്ടില്ല. താരം അയര്‍ലന്‍ഡ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നതായി സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടുമില്ല. ടീം ഇന്ത്യ വിടുന്നതായി സഞ്ജുവോ, താരം അയര്‍ലന്‍ഡിനായി കളിക്കുമെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സഞ്ജുവിന്‍റെ ഇന്‍സ്റ്റഗ്രാമിലോ അയര്‍ലന്‍ഡ് ക്രിക്കറ്റിന്‍റെ വെബ്‌സൈറ്റിലോ, സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഇതുസംബന്ധിച്ച് ഒരു വാര്‍ത്തയും കണ്ടെത്താനായിട്ടില്ല. ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ന്യൂസ്‌ചെക്കറും വ്യാജ വാര്‍ത്തയുടെ വസ്‌തുത പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറും എന്ന വാര്‍ത്ത മുമ്പും പ്രചരിച്ചിരുന്നു. സഞ്ജുവിന് മുന്നില്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഓഫര്‍ വച്ചതായായിരുന്നു 2022 ഡിസംബറിലെ വാര്‍ത്ത.