മുഹമ്മദ് ഷമിയെ സാനിയ മിര്‍സ വിവാഹം കഴിച്ചോ? വൈറല്‍ ചിത്രത്തിന്‍റെ സത്യമെന്ത്
സാനിയ മിര്‍സയെ കുറിച്ചും ഒരു വിവാഹ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയാണ്
ഹൈദരാബാദ്: ഇന്ത്യന്‍ മുന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊയ്‌ബ് മാലിക്കും വിവാഹമോചനം നേടിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഡിവോഴ്സിന് പിന്നാലെ മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തതും വലിയ വാര്‍ത്തയായി. ഇപ്പോള്‍ സാനിയ മിര്‍സയെ കുറിച്ചും ഒരു വിവാഹ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ സാനിയ മിര്‍സ വിവാഹം കഴിച്ചു എന്നാണ് പ്രചാരണം. ഇരുവരും വിവാഹിതരാവാന്‍ പോവുകയാണ് എന്നും പ്രചാരണമുണ്ട്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
'ബ്രേക്കിംഗ് ന്യൂസ്: മുഹമ്മദ് ഷമിയുമായുള്ള വിവാഹം സാനിയ മിര്‍സ അറിയിച്ചിരിക്കുന്നു. ഐപിഎല്ലിന് തൊട്ടുമുമ്പ് മാര്‍ച്ച് മാസം ഇരുവരും വിവാഹിതരാവും. വിഖ്യാത നടന്‍ ലിയോനാർഡോ ഡികാപ്രിയോയെ പോലെയുണ്ട് ഷമിയെ കാണാണെന്ന് സാനിയ പറഞ്ഞു' എന്നുമാണ് ഒരു യൂസര്‍ 2024 ജനുവരി 23ന് ചെയ്ത ട്വീറ്റിലുള്ളത്. സാനിയയും ഷമിയും ചേര്‍ന്നുനില്‍ക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം കാണാം. ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
മുഹമ്മദ് ഷമിയെ സാനിയ മിര്‍സ കല്യാണം കഴിച്ചോ എന്ന ചോദ്യവുമായി ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തവരുമുണ്ട്.
വസ്‌തുതാ പരിശോധന
മുഹമ്മദ് ഷമിയും സാനിയ മിര്‍സയും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം സഹിതമാണല്ലോ പ്രചാരണം. അതിനാല്‍ തന്നെ ഈ ചിത്രത്തിന്‍റെ ആധികാരികത എന്താണ് എന്നാണ് ആദ്യം പരിശോധിച്ചത്. ചിത്രത്തിലെ സാനിയയുടെ ഭാഗം മാത്രം പരിശോധിച്ചപ്പോള്‍ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ 2022 ഏപ്രില്‍ 12ന് സാനിയയുടെയും മാലിക്കിന്‍റെയും 12-ാം വിവാഹ വാര്‍ഷിക ദിനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്നുള്ളതാണ് എന്ന് മനസിലാക്കാനായി. സാനിയ- ഷൊയ്ബ് വിവാഹത്തിന്‍റെ ചിത്രമായിരുന്നു സാനിയയുടെ പിതാവ് വിവാഹ വാര്‍ഷികദിനത്തില്‍ പോസ്റ്റ് ചെയ്തത്.
മാത്രമല്ല, 2010 ഏപ്രില്‍ 15ന് ഹൈദരാബാദില്‍ നടന്ന വിവാഹ റിസപ്ഷനില്‍ നിന്നെടുത്ത സാനിയ മിര്‍സയുടെയും ഷൊയ്ബ് മാലിക്കിന്‍റെയും ചിത്രമാണിത് എന്ന് കീവേഡ് സെര്‍ച്ചില്‍ വ്യക്തമാവുകയും ചെയ്തു. ഈ ചിത്രം സഹിതം അന്ന് വാര്‍ത്ത ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം മുഹമ്മദ് ഷമിയുടെ ചിത്രവും പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ നിന്ന് വ്യക്തമായത് വിവാഹ റിസപ്ഷനില്‍ സാനിയക്കൊപ്പം നില്‍ക്കുന്ന മാലിക്കിന്‍റെ ചിത്രത്തിലേക്ക് ഷമിയുടെ തല വെട്ടിയൊട്ടിച്ചാണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ്. മാത്രമല്ല, സാനിയ മിര്‍സയെ മുഹമ്മദ് ഷമി വിവാഹം കഴിച്ചോ എന്നറിയാന്‍ ഇന്‍റര്‍നെറ്റില്‍ പരതിയപ്പോള്‍ ആധികാരികമായ വാര്‍ത്തകളൊന്നും ലഭിച്ചുമില്ല.
നിഗമനം
ഇന്ത്യന്‍ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും വിവാഹിതരായി/ വിവാഹിതരാവാന്‍ പോകുന്ന എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്. കൃത്രിമമായി സൃഷ്ടിച്ച ഫോട്ടോ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തകൃതിയായി നടക്കുന്നത്.