പുല്ലുമേട് ദുരന്തം നടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയോ മുഖ്യമന്ത്രി? തകൃതിയായുള്ള പ്രചാരണങ്ങളും സത്യവും

പുല്ലുമേട് ദുരന്തം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നതെന്നും, അന്ന് ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഇടതുപക്ഷം ഉപയോഗിച്ചിട്ടില്ല എന്നും വാദിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റുകള്‍

Sabarimala Pullumedu stampede happened during which government ruling in Kerala here is the fact check jje

വീണ്ടുമൊരിക്കല്‍ കൂടി ശബരിമലയിലെ തിരക്കും ഭക്തര്‍ക്കായുള്ള സജ്ജീകരണങ്ങളും ചര്‍ച്ചയാവുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രചാരണം കൊണ്ടുപിടിച്ച് നടക്കുകയാണ്. 102 ശബരിമല തീര്‍ഥാടകര്‍ക്ക് ജീവന്‍ നഷ്ടമായ 2011ലെ പുല്ലുമേട് ദുരന്തം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നതെന്നും, എന്നിട്ടും അന്ന് ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം ശ്രമിച്ചിട്ടില്ല എന്നും വാദിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റുകള്‍ സജീവം. എന്നാല്‍ പുല്ലുമേട് ദുരന്തത്തെയും ഉമ്മന്‍ ചാണ്ടിയെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഈ പ്രചാരണങ്ങള്‍ തെറ്റാണ് എന്നതാണ് വസ്‌തുത. 

പ്രചാരണം

പുല്ലുമേട് ദുരന്തം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തിലെന്നും അന്നുപോലും രാഷ്ട്രീയ മുതലെടുപ്പിന് ഇടതുപക്ഷം ശ്രമിച്ചിട്ടില്ല എന്നും പറയുന്ന നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കില്‍ കാണുന്നത്. അവയുടെ ലിങ്ക് 1, 2, 3 ഇവയില്‍ വായിക്കാം. ഫേസ്‌ബുക്കില്‍ Left Cyber Wing എന്ന പേജില്‍ 2023 ഡിസംബര്‍ 13ന് വന്ന പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 

'ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിക്കിലും തിരക്കിലും പെട്ട് ഒന്നും രണ്ടുമല്ല 102 ശബരിമല തീർത്ഥാടകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 🥲
അന്നു പോലും ഇടത് പക്ഷത്ത് നിന്ന് വർഗീയ മുതലെടുപ്പിന് ആരും ശ്രമിച്ചില്ല.
ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണ്. ഭൂപ്രകൃതി ദുഷ്കരമാണ്. 
വളരെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു എന്നത് തീർത്ഥാടകരെ സംബന്ധിച്ചു വിഷമകരമാണ്.
 പക്ഷെ അതാരുടെയും കുറ്റമല്ലല്ലോ. 
ചരിത്രത്തിലെ ഏറ്റവും മോശമായ മുന്നൊരുക്കം എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളും കോൺഗ്രസ് - സംഘി സഖ്യവും കുത്തിത്തിരിക്കുമ്പോൾ ചാണ്ടി സാർ കാലത്തെ കൂട്ടമരണങ്ങളിൽ പോലും മുതലെടുപ്പ് നടത്താൻ നോക്കാത്തവരാണ് ഇടത്പക്ഷം എന്നത് ചരിത്രമാണ്.
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
NB
ഇവിടെ സംഘികളെ പ്രതിപാദിക്കുന്നില്ല.
മറ്റൊന്നും കൊണ്ടല്ല..
അവർക്ക് അയ്യപ്പൻ വിശ്വാസമല്ല...
നാലോട്ടിനുള്ള ഉപകരണം മാത്രമാണ്'...

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു

Sabarimala Pullumedu stampede happened during which government ruling in Kerala here is the fact check jje

വസ്‌തുത

2011 ജനുവരി 14ന് രാത്രി എട്ടേകാലോടെയാണ് പുല്ലുമേട്ടിൽ 102 അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. അന്ന് വി എസ് അച്യുതാനന്ദന്‍റെ നേൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. 2006 മെയ് 18 മുതല്‍ 2011 മെയ് 10 വരെയായിരുന്നു വി എസ് കേരളത്തിന്‍റെ മുഖ്യമന്ത്രി. ഇതിന് ശേഷം 2011 മെയ് 18നാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിനാല്‍തന്നെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പുല്ലുമേട് ദുരന്തമുണ്ടായത് എന്ന പ്രചാരണം കള്ളമാണ് എന്നുറപ്പിക്കാം. പുല്ലുമേട് ദുരന്തം നടക്കുമ്പോള്‍ വി എസ് ആയിരുന്നു കേരള മുഖ്യമന്ത്രി. 

തെളിവുകള്‍

പുല്ലുമേട് ദുരന്തമുണ്ടായതിന്‍റെ തൊട്ടടുത്ത ദിവസം 2011 ജനുവരി 15ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സംഭവസ്ഥലത്തേക്ക് തിരിക്കുന്നതായുള്ള വാര്‍ത്ത അന്നത്തെ സര്‍ക്കാര്‍ ആരുടേത് എന്നതിന് തെളിവായി ഇവിടെ ചേര്‍ക്കുകയാണ്. സ്ക്രീന്‍ഷോട്ട് ചുവടെ. 

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

Sabarimala Pullumedu stampede happened during which government ruling in Kerala here is the fact check jje

സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന്‍റെ മറ്റൊരു വാര്‍ത്തയും തെളിവായി ഇവിടെ നല്‍കുന്നു. ദേശീയ മാധ്യമമായ എന്‍ഡിടിവി ഇത് സംബന്ധിച്ച് വീഡിയോ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇരു വാര്‍ത്തകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ താഴെ കാണാം. 

Sabarimala Pullumedu stampede happened during which government ruling in Kerala here is the fact check jje

Sabarimala Pullumedu stampede happened during which government ruling in Kerala here is the fact check jje

പുല്ലുമേട് ദുരന്തം- വിവരങ്ങള്‍

2011 ജനുവരി 14ന് പുല്ലുമേട്ടിൽ നിന്നും മകരവിളക്ക് കണ്ട് മടങ്ങിയ 102 ഭക്തര്‍ക്ക് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ 39 പേരും കർണ്ണാടകത്തിൽ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയിൽ നിന്നുമെത്തിയ ഒരാളും ദുരന്തത്തില്‍ മരണമടഞ്ഞു. രണ്ട് ലക്ഷത്തോളം അയ്യപ്പന്മാർ അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നു. മകരവിളക്ക് കണ്ട് സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ വെളിച്ചക്കുറവും, ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നതും, ഇരുവശത്തുമുള്ള കടകൾ മൂലം റോഡിനുണ്ടായ വീതിക്കുറവും, ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിക്കാൻ വനംവകുപ്പ് ഇട്ടിരുന്ന ചങ്ങലയും, വാഹനങ്ങളുടെ അലക്ഷ്യമായ പാര്‍ക്കിംഗും അപകടത്തിന്‍റെ ആക്കം കൂട്ടി എന്നായിരുന്നു നിഗമനങ്ങള്‍.

Read more: 'എന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാര്‍'; കെ സുധാകരന്‍ പ്രസ്‌താവന നടത്തിയതായുള്ള പത്ര കട്ടിംഗ് വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios