സുശാന്തിൻ്റെ തകർപ്പൻ നൃത്തം വൈറൽ; ഒപ്പമുള്ളത് ആരെന്ന് തേടിറങ്ങിയ ദേശീയമാധ്യമങ്ങൾക്ക് സംഭവിച്ചത്
ഷൂട്ടിംഗിന് ഇടയിലും പരിപാടികള്‍ക്ക് ഇടയിലുമുള്ള സുശാന്തിന്‍റെ പോസിറ്റീവ് എനര്‍ജിയേക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടുള്ള സഹോദരപുത്രിക്കൊപ്പമുള്ള വീഡിയോയുടെ വസ്തുതയെന്താണ്?
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ നിരവധി വീഡിയോകള്‍ വൈറലായിരുന്നു. ഷൂട്ടിംഗിന് ഇടയിലും പരിപാടികള്‍ക്ക് ഇടയിലുമുള്ള സുശാന്തിന്‍റെ പോസിറ്റീവ്നെസ് ചര്‍ച്ച ചെയ്യുന്നതായിരുന്നു അവയില്‍ പലതും. അത്തരത്തില്‍ ഏറ പ്രചാരം നേടിയതും ദേശീയ മാധ്യമങ്ങള്‍ അടക്കം നല്‍കിയ അദ്ദേഹത്തിന്‍റെ ബന്ധുവിനൊപ്പമുള്ള നൃത്ത വീഡിയോയുടെ വസ്തുത എന്താണ്?
പ്രചാരണം
വിഷാദ രോഗം മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന പ്രചാരണം വ്യാപകമാവുന്നതിനിടെയാണ് ആജ് തക് എക്സിക്യുട്ടീവ് എഡിറ്ററായ അഞ്ജന ഓം കശ്യപ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചത്. സുശാന്തും അനന്തരവളും തമ്മിലുള്ള ഒരു മനോഹര നിമിഷം എന്ന കുറിപ്പോടെയാണ് അഞ്ജന ഓം കശ്യപ് വീഡിയോ പങ്കുവച്ചത്.
സുശാന്തിന്‍റെ സഹോദരി പുത്രി മല്ലികാ സിംഗിനൊപ്പം നൃത്തം ചെയ്യുന്ന സുശാന്ത് എന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വ്യക്തമാക്കുന്നു.വീഡിയോ വൈറലായതോടെ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഡിയോ വാര്‍ത്തയാക്കി.
കുടുംബത്തോടൊപ്പം മനോഹര നിമിഷങ്ങള്‍ പങ്കിടുന്ന സുശാന്ത്, സുശാന്തിന് കുടുംബത്തോടുള്ള അടുപ്പം വ്യക്തമാക്കുന്ന വീഡിയോ എന്നതടക്കമുള്ള വിശേഷണത്തോടെയാണ് വീഡിയോ പ്രചരിച്ചത്
വസ്തുത
മനോഹരമായി നൃത്തം വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ സുശാന്തിനൊപ്പമുള്ളത് സഹോദരിയുടെ മകള്‍ അല്ല. പഞ്ചാബി കൊറിയോഗ്രാഫറായ മന്‍പ്രീത് ടൂറാണ്.
വസ്തുതാ പരിശോധനാരീതി
2017ല്‍ റാബ്ത എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ഇടയിലുള്ളതാണ് നിലവില്‍ വൈറലായ ദൃശ്യം. 2017 ജൂണ്‍ 4 ന് മന്‍പ്രീത് ഈ ചിത്രീകരണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വസ്തുതാ പരിശോധക വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തി.
ജൂണ്‍ 7 ന് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും മന്‍പ്രീത് പങ്കുവച്ചിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്തകളില്‍ കാണുന്ന എല്ലാക്കാര്യവും വിശ്വസിക്കരുതെന്ന കുറിപ്പോടെ മന്‍പ്രീത് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്.
നിഗമനം
സഹോദരി പുത്രിക്കൊപ്പം നൃത്തം ചെയ്യുന്ന സുശാന്ത് സിംഗ് രാജ്പുത്. ഇത്രയധികം പോസിറ്റീവ് എനര്‍ജിയുള്ളയാള്‍ എങ്ങനെ വിഷാദരോഗിയാവും എന്ന രീതിയിലുള്ള പ്രചാരണത്തിനായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിധരിപ്പിക്കുന്നതാണ്.