ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പെട്രോള്‍ പമ്പ് തകര്‍ത്തോ?
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വില വര്‍ധനവ് എന്ന വിമര്‍ശനം ശക്തമായിരിക്കേ ഒരു വീഡിയോ വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ 20-ാം ദിവസവും പെട്രോള്‍- ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വില വര്‍ധനവ് എന്ന വിമര്‍ശനം ശക്തമായിരിക്കേ ഒരു വീഡിയോ വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജനങ്ങള്‍ പെട്രോള്‍ പമ്പ് കത്തിക്കുന്നതാണ് വീഡിയോയില്‍. ഇങ്ങനെയൊരു സംഭവമുണ്ടോ?.
പ്രചാരണം ഇങ്ങനെ
വലിയൊരു കൂട്ടം ആളുകള്‍ പെട്രോള്‍ പമ്പ് ആക്രമിക്കുന്നതാണ് രണ്ട് മിനുറ്റും എട്ട് സെക്കന്‍റുമുള്ള ദൃശ്യത്തില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ. '19 ദിവസവും തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചു. ജനങ്ങള്‍ക്കു ഉപകാരമില്ലാത്ത പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെ ജനങ്ങള്‍ തെരുവിലിറങ്ങി'??. വാട്‌സ്ആപ്പിന് പുറമേ, ഫേസ്‌ബുക്കിലും ഈ വീഡിയോ വ്യാപകമായി കാണാം.
വീഡിയോ വാസ്‌തവമോ?
രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് സമീപകാലത്തെ ഇന്ധന വില വര്‍ധനവിനെതിരായ ജന പ്രതിഷേധം എന്ന രീതിയില്‍ പ്രചരിക്കുന്നത്. ഒഡീഷയിലെ പുരിയില്‍ 2018ല്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വസ്‌തുതാ പരിശോധനാ രീതി
പെട്രോള്‍ മോഷണം ആരോപിച്ച് പമ്പ് ആക്രമിക്കുകയായിരുന്നു ജനക്കൂട്ടം. ഇന്ധന വില വര്‍ധനയെ തുടര്‍ന്നുള്ള പ്രതിഷേധം എന്ന കുറിപ്പുകളോടെ അന്നും ഈ വീഡിയോ വൈറലായിരുന്നു. എന്നാല്‍ സംഭവത്തിന് ഇന്ധന വിലവര്‍ധനയുമായി ബന്ധമൊന്നുമില്ലെന്ന് അന്ന് തെളിഞ്ഞിരുന്നു. ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങള്‍ അന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലഭിച്ച പെട്രോളില്‍ കുറവുണ്ട് എന്ന് ഒരാളുടെ പരാതിയെ തുടര്‍ന്ന് പമ്പ് ആക്രമിക്കുകയായിരുന്നു തദ്ദേശവാസികള്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Read more: 'കൊവിഡ് വാക്‌സിന്‍ കണ്ടെത്തി നൈജീരിയ'; ആശ്വാസ വാര്‍ത്ത സത്യമോ? അറിയേണ്ടതെല്ലാം
നിഗമനം
ഇപ്പോഴത്തെ ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രക്ഷുബ്‌ധരായ ജനം പെട്രോള്‍ പമ്പ് ആക്രമിച്ചു എന്ന നിലയ്‌ക്ക് പ്രചരിക്കുന്ന വീഡിയോ രണ്ട് വര്‍ഷം പഴക്കമുള്ളതാണ്. ഇന്ധന വില വര്‍ധനയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
വീഡിയോ കാണാം
"
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...