കൊവിഡ് രോഗികള്‍ കിടക്കുന്നത് ആശുപത്രിക്ക് പുറത്ത്! ഞെട്ടിക്കുന്ന വീഡിയോ ഇന്ത്യയിലെയോ? പ്രചാരണവും വസ്‌തുതയും
ഹൈദരാബാദില്‍ കൊവിഡ് രോഗികളെ കിടത്തുന്നത് ആശുപത്രിക്ക് പുറത്താണ് എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്ത് ദില്ലി ഉള്‍പ്പടെ പല നഗരങ്ങളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ ഹൈദരാബാദില്‍ സൗകര്യങ്ങള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ കൊവിഡ് രോഗികളെ കിടത്തുന്നത് ആശുപത്രിക്ക് പുറത്താണ് എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജനങ്ങളുടെ ആശങ്ക കൂട്ടിയ ഈ പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്ത്?.
പ്രചാരണം ഇങ്ങനെ
ഹൈദരാബാദ് പഴയ സിറ്റിയിലെ സാഹചര്യം അപകടകരമാണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി വീഡിയോകളാണ് ഫേസ്‌ബുക്കില്‍ നിന്ന് കണ്ടെത്താനായത്.
വസ്‌തുത എന്ത്?
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ളതല്ല, പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ളതാണ് വീഡിയോ എന്നതാണ് യാഥാര്‍ഥ്യം. ലാഹോറിലെ ഒരു ആശുപത്രിയില്‍ എമര്‍ജന്‍സി വാര്‍ഡില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് രോഗികളെ ആശുപത്രിക്ക് പുറത്തേക്ക് മാറ്റിയതിന്‍റെ വീഡിയോയാണ് ഇത്.
വസ്‌തുതാ പരിശോധനാ രീതി
ലാഹോറിലെ ആശുപത്രിയില്‍ ജൂണ്‍ 13നാണ് എമര്‍ജന്‍സി വാര്‍ഡില്‍ തീപിടുത്തമുണ്ടായത് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വാര്‍ത്തയിലുള്ള സമാന വീഡിയോയാണ് ഹൈദരാബാദിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്. ഹൈദരാബാദിലെ ആശുപത്രിയില്‍ ബെഡുകളുടെ പരിമിതിമൂലം കൊവിഡ് രോഗികള്‍ ആശുപത്രിക്ക് പുറത്ത് കിടക്കുന്ന സംഭവമല്ല വീഡിയോയില്‍ എന്ന് ഇതോടെ വ്യക്തമാവുകയാണ്.
Read more: 'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈന തന്നെ! വാര്‍ത്ത വിശ്വസനീയമോ?
നിഗമനം
ഇന്ത്യയില്‍ പലയിടത്തും ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നും ഹൈദരാബാദില്‍ രോഗികള്‍ ആശുപത്രിക്ക് പുറത്താണ് കഴിയുന്നത് എന്നുമുള്ള പ്രചാരണം വ്യാജമാണ്. പാകിസ്ഥാനില്‍ നിന്നുള്ള വീഡിയോയാണ് ഹൈദരാബാദിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്. ഈ വീഡിയോയ്‌ക്ക് കൊവിഡുമായി യാതൊരു ബന്ധവുമില്ല.
Read more: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പെട്രോള്‍ പമ്പ് തകര്‍ത്തോ?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...