മെക്‌സിക്കോ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കടലില്‍ ഉപേക്ഷിക്കുന്നോ? ഞെട്ടിക്കുന്ന വീഡിയോയെ കുറിച്ചറിയാം
വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന 20 സെക്കന്‍ഡ് വീഡിയോയാണ് സംശയം ജനിപ്പിക്കുന്നത്
മെക്‌സിക്കോ സിറ്റി: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ഈ നിര്‍ദേശം കാറ്റില്‍പ്പറത്തി മൃതദേഹങ്ങള്‍ കടലില്‍ തള്ളുകയാണോ മെക്‌സിക്കോ. വാട്‌സ്ആപ്പും ഫേസ്‌ബുക്കും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന 20 സെക്കന്‍ഡ് വീഡിയോയാണ് സംശയം ജനിപ്പിക്കുന്നത്.
പ്രചാരണം ഇങ്ങനെ
കൊവിഡ് ബാധിച്ച് മരിച്ചയാളുകളുടെ ശവശരീരം ഹെലികോപ്റ്ററുകളുപയോഗിച്ച് കടലില്‍ തള്ളുകയാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍. ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് 40,000ത്തിലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. 2.7 മില്യണിലധികം ആളുകള്‍ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. സമാനമായ പോസ്റ്റുകള്‍ ട്വിറ്ററിലും കണ്ടെത്താം. വാട്‌സ്ആപ്പിലും വീഡിയോ വൈറലായിട്ടുണ്ട്.
സംഭവം സത്യമോ?
വീഡിയോയ്‌ക്ക് കൊവിഡ് 19മായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത. 2018ലെ വീഡിയോയാണ് തെറ്റായ തലക്കെട്ടുകളോടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
വസ്‌തുതാ പരിശോധനാ രീതി
രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത് എന്ന് വസ്‌തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലാണ് വ്യക്തമായത്. വളരെ ഉയരത്തില്‍നിന്ന് പാരാട്രൂപ്പ് അംഗങ്ങള്‍ ചാടുന്നതാണ് വീഡിയോയിലുള്ളത് എന്ന് 2018ലെ ഒരു ട്വീറ്റ് പറയുന്നു. ഇതേ ദൃശ്യം യൂട്യൂബിലും കണ്ടെത്താന്‍ കഴിയും.
നിഗമനം
ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മരണപ്പെടുന്നവരുടെ മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ എന്നുള്ള പ്രചാരണം തെറ്റാണ്. രണ്ട് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നേടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...