'ഇന്ത്യന്‍ ആര്‍മിക്ക് ബുള്ളറ്റ് പ്രൂഫ് ബസ് കൈമാറി രത്തന്‍ ടാറ്റ', വലിയ കയ്യടി; ചിത്രവും സത്യവും
ഇന്ത്യന്‍ ആര്‍മിക്ക് രത്തന്‍ ടാറ്റ ബുള്ളറ്റ് പ്രൂഫ് ബസുകള്‍ നല്‍കിയതായാണ് വിവിധ ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്
രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തികളിലൊരാളാണ് വ്യവസായിയായ രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പ് എന്ന മഹാസാമാജ്യത്തിന്‍റെ മുന്‍ ചെയര്‍പേഴ്‌സനാണ് അദേഹം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഏറെ സ്വാധീനിക്കുന്നവരിലൊരാളായ രത്തന്‍ ടാറ്റ തന്‍റെ ബിസിനസ് സാമാജ്യത്തിന് പുറത്ത് പൊതുരംഗത്തും സാമൂഹ്യസേവനങ്ങളിലുമെല്ലാം കര്‍മ്മനിരതനാണ്. അതിനാല്‍തന്നെ രത്തന്‍ ടാറ്റയുടെതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിക്ക് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ നല്‍കിയിരിക്കുകയാണോ അദേഹം. സാമൂഹ്യമാധ്യമങ്ങളിലെ ശക്തമായ പ്രചാരണത്തിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
ഇന്ത്യന്‍ ആര്‍മിക്ക് രത്തന്‍ ടാറ്റ ബുള്ളറ്റ് പ്രൂഫ് ബസുകള്‍ നല്‍കിയതായാണ് വിവിധ ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. സമാന തരത്തിലുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും കാണാം. ഇന്ത്യന്‍ സൈന്യത്തിന്‍റെ സുരക്ഷയ്ക്കായി മുന്‍കൈയെടുത്ത അദേഹത്തിനെ പ്രശംസിക്കുന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം. രത്തന്‍ ടാറ്റയുടെയും ബസുകളുടെയും ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റുകള്‍.
പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുത
എന്നാല്‍ രത്തന്‍ ടാറ്റ ഇന്ത്യന്‍ ആര്‍മിക്ക് ബുള്ളറ്റ് പ്രൂഫ് ബസുകള്‍ നല്‍കിയതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണ്. രത്തന്‍ ടാറ്റ അല്ല, ഹൈദരാബാദ് ആസ്ഥാനമായുള്ള നിര്‍മാതാക്കളായ Mishra Dhatu Nigam Limited (MIDHANI) സിആര്‍പിഎഫിന് 2017ല്‍ ബസ് കൈമാറിയതിന്‍റെ ചിത്രമാണ് ടാറ്റയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന ബസിന്‍റെ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ സിആര്‍എപിഎഫ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ഈ ബസിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നതായി കാണാന്‍ സാധിച്ചു. 'മിഥാനി' ഗ്രൂപ്പ് കൈമാറിയ ബസ് എന്നാണ് സിആര്‍പിഎഫിന്‍റെ ട്വീറ്റില്‍ പറയുന്നത്.
സിആര്‍പിഎഫിന്‍റെ ട്വീറ്റ്
ബസ് ഡിസൈന്‍ ചെയ്തത് മിഥാനി ഗ്രൂപ്പാണെങ്കിലും വാഹനത്തില്‍ ടാറ്റയുടെ ലോഗോ കാണുന്നതാണ് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായത് എന്ന് സംശയിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം