ഒറ്റപ്രസവത്തില്‍ 9 കുട്ടികള്‍, നിറവയറുമായി ഗര്‍ഭിണി, വീഡിയോ വിശ്വസനീയമോ? Fact Check
ഈ സെപ്റ്റംബര്‍ മാസത്തിലാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) വീഡിയോ പ്രത്യക്ഷപ്പെട്ടത്
ഒരു പ്രസവത്തില്‍ ഒന്നിലേറെ കുട്ടികള്‍ ഇന്ന് അത്യപൂര്‍വ സംഭവമൊന്നുമല്ല. എന്നാല്‍ ഒന്‍പത് കുട്ടികളെ ഒന്നിച്ച് ഒരമ്മ ഗര്‍ഭപാത്രത്തില്‍ ചുമന്നാലോ! ഒറ്റപ്രസവത്തില്‍ 9 കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയുടെ ദൃശ്യങ്ങള്‍ എന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഞരമ്പുകളെല്ലാം തെളിഞ്ഞ് പുറത്തുകാണും വിധത്തില്‍ വലിയ നിറവയറുമായി യുവതി ആശുപത്രി ബെഡില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍. കുട്ടികളെ നിരത്തി കിടത്തിയിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സത്യം തന്നെയോ ഈ വീഡിയോ?
പ്രചാരണം
ഈ സെപ്റ്റംബര്‍ മാസത്തിലാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) വീഡിയോ പ്രത്യക്ഷപ്പെട്ടത്. വലിയ വയറുമായി ആശുപത്രി ബെഡിലിരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. നിരത്തി കിടത്തിയിരിക്കുന്ന ഒന്‍പത് കുട്ടികളെ കാണിക്കുന്നുമുണ്ട് വീഡിയോയില്‍. വലിയ വയറുമായി യുവതി നില്‍ക്കുന്ന വീഡിയോയുടെ ചില ട്വീറ്റുകളില്‍ കാണാം. '9 കുട്ടികളുമായി ഒന്‍പത് മാസം കഴിഞ്ഞ അമ്മ. അമ്മമാര്‍ മഹത്തരമാണ്' എന്നിങ്ങനെയുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എക്‌സില്‍ നിരവധി പേര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത് കാണാം. ട്വീറ്റുകള്‍ കാണാന്‍ ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3.
വസ്‌തുത
പലരും വീഡിയോയുടെ തലക്കെട്ടുകളില്‍ എഴുതിയിരിക്കുന്നതല്ല ദൃശ്യങ്ങളുടെ വസ്‌തുത. വയറില്‍ അര്‍ബുദവും കരള്‍രോഗവും ബാധിച്ച യുവതിയുടെ ദൃശ്യമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയായതിനാലല്ല, അർബുദം ഗുരുതരമായതിനെ തുടർന്ന് ഇവരുടെ വയറ് വീര്‍ക്കുകയായിരുന്നു. മെലിഞ്ഞ സ്ത്രീയായിരുന്ന ഇവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ടാണ് ഈ മാറ്റമുണ്ടായത്. അതിനാല്‍തന്നെ ഒന്‍പത് കുട്ടികളെ ഗര്‍ഭംധരിച്ച അമ്മയുടെ വയറിന്‍റെ വീഡിയോ അല്ല പ്രചരിക്കുന്നത്. അതേസമയം വീഡിയോയില്‍ കാണിക്കുന്ന കുട്ടികളുടെ ഭാഗം എവിടെ നിന്നുള്ളതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല.
വാര്‍ത്തയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം