ആകാശ എയറിന്‍റെ വിമാനത്തിലെ അറിയിപ്പുകള്‍ സംസ്‌കൃതത്തിലാണോ? വീഡിയോയുടെ വസ്‌തുത
പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥമാണോ എന്നറിയാന്‍ ദൃശ്യങ്ങളുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി
ആകാശ എയർ വിമാന സര്‍വീസിന്‍റെ ഫ്ലൈറ്റിനുള്ളിലെ അനൗണ്‍സ്‌മെന്‍റുകള്‍ നടത്തുന്നത് സംസ്‌കൃതം ഭാഷയിലാണോ? 2024 ജൂണ്‍ 14ന് ട്വിറ്ററില്‍ ഒരു വെരിഫൈഡ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ള വീഡിയോയുടെ തലക്കെട്ടിലാണ് ആകാശ എയര്‍ വിമാനം പുറപ്പെടും മുമ്പുള്ള അറിയിപ്പ് നടത്തുന്നത് സംസ്‌കൃതത്തിലാണ് എന്ന് പറയുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത?
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥമാണോ എന്നറിയാന്‍ ദൃശ്യങ്ങളുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വ്യക്തമായത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന ദൃശ്യം ഡബ് ചെയ്ത് സംസ്‌കൃതത്തിലേക്ക് മാറ്റിയതാണ് എന്നാണ്.
എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന അതേ വീഡിയോ sanskritsparrow എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2024 ജൂണ്‍ ആറിന് പോസ്റ്റ് ചെയ്‌തിട്ടുള്ളത് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. ഈ വീഡിയോയുടെ ഡിസ്‌ക്രിപ്ഷന്‍ നോക്കിയപ്പോള്‍ ദൃശ്യങ്ങളുടെ വസ്‌തുത മനസിലാക്കാനായി. മുകളില്‍ കൊടുത്തിട്ടുള്ള വീഡിയോയിലെ ശബ്‌ദം ഡബ് ചെയ്ത് തയ്യാറാക്കിയതാണ്. ഇതൊരു വിമാനത്തിലും അനൗണ്‍സ് ചെയ്‌തത് അല്ല. ഈ വീഡിയോയ്ക്ക് ആകാശ എയറുമായി യാതൊരു ബന്ധവുമില്ല എന്നും വീഡിയോയുടെ വിവരണത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ദൃശ്യങ്ങളുടെ വസ്‌തുത ഈ വിവരണത്തില്‍ നിന്ന് വ്യക്തമാണ്.
നിഗമനം
ആകാശ എയറില്‍ സംസ്‌കൃതത്തിലാണ് അനൗണ്‍സ് ചെയ്യുന്നത് എന്ന പ്രചാരണം വ്യാജമാണ്. എഡിറ്റ് ചെയ്ത് മൊഴിമാറ്റം ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്.
Read more: ജന്‍-ധന്‍ യോജന പ്രകാരം അക്കൗണ്ടിലേക്ക് പ്രതിമാസം 5000 രൂപ ബോണസോ? സത്യമറിയാം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം