'പ്രധാനമന്ത്രിയുടെ വക മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്'! സന്ദേശം വൈറല്‍, അപേക്ഷിക്കേണ്ടതുണ്ടോ?
ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമുള്ള മെസേജ് വാട്‌സ്ആപ്പിലും ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്
2024 പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദേഹത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയും എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. ഈ ഓഫര്‍ മുന്നോട്ടുവെച്ച് ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമുള്ള മെസേജ് വാട്‌സ്ആപ്പിലും ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
'ഫ്രീ റീച്ചാര്‍ജ് യോജന. ബിജെപിക്ക് കൂടുതല്‍ വോട്ട് ചെയ്യാനും 2024 പൊതുതെരഞ്ഞെടുപ്പിലും അധികാരത്തിലെത്തിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് യൂസര്‍മാര്‍ക്കും മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നു. മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് ഓഫര്‍ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നുമാണ് വാട്‌സ്‌ആപ്പില്‍ വൈറലായിരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. https://www.bjp.org@bjp2024.crazyoffer.xyz എന്ന ലിങ്കും ഒക്ടോബര്‍ 31 ആണ് ഓഫര്‍ ലഭിക്കാനുള്ള അവസാന തിയതിയെന്നും വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ കാണാം.
സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്
പ്രധാനമായും വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന ഫ്രീ റീച്ചാര്‍ജ് ഓഫര്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും കാണാം. രണ്ടിന്‍റെയും സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ.
വസ്‌തുത
ഓരോ സേവനദാതാക്കള്‍ക്കും വ്യത്യസ്തമായ റീച്ചാര്‍ജ് പ്ലാനുകള്‍ ഉള്ളതിനാലും സന്ദേശിനൊപ്പമുള്ള ലിങ്ക് വിശ്വസനീയമായി തോന്നാതിരുന്നതിനാലും വസ്‌തുതാ പരിശോധന നടത്തി. ഇത്തരമൊരു ഓഫര്‍ ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടില്ല എന്നതാണ് വസ്‌തുത. മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി ബിജെപിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ വിവരമില്ല. ഫ്രീ റീച്ചാര്‍ജ് സംബന്ധിച്ച ആധികാരികമായ വാര്‍ത്തകളൊന്നും തന്നെ പരിശോധനയില്‍ കണ്ടെത്താനായില്ല.
പ്രചരിക്കുന്ന ലിങ്കിന്‍റെ ആധികാരികതയും വിശദമായി പരിശോധിച്ചു. https://www.bjp.org/home എന്നതാണ് ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ ഐഡി. എന്നാല്‍ റീച്ചാര്‍ജ് ഓഫര്‍ നല്‍കുന്നതായി സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റിന്‍റെ യുആര്‍എല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി https://www.bjp.org@bjp2024.crazyoffer.xyz എന്നാണ്. ഈ വെബ്‌സൈറ്റിന്‍റെ ഡൊമൈന്‍ കാണിക്കുന്നത് യുഎസിലാണ് (അമേരിക്ക). ഇതോടെ സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്ക് ബിജെപിയുടെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ അല്ല എന്ന് ഉറപ്പായി.