'ഇന്ന് രാത്രി കോസ്മിക് രശ്മികൾ ഭൂമിയിലേക്ക്, മൊബൈല്‍ ഓഫ് ചെയ്യുക'; 'കേശവന്‍ മാമന്‍' റീലോഡഡ്! Fact Check
'ഈസമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും'
കേരളത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആദ്യം വൈറലായ വ്യാജ സന്ദേശങ്ങളിലൊന്നാണ് കോസ്‌മിക് രശ്‌മികളെ കുറിച്ചുള്ളത്. ഇന്ന് രാത്രി കോസ്മിക് രശ്മികൾ ഭൂമിയിലേക്ക് പതിക്കുമെന്നും അതിനാല്‍ രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നതാണ് സന്ദേശം. ഈസമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും എന്നും സന്ദേശത്തില്‍ പറയുന്നു. സംശയമുള്ളവര്‍ നാസ എന്ന് സെര്‍ച്ച് ചെയ്‌ത് വിശ്വാസം വരുത്തണമെന്നും പറഞ്ഞുള്ള ആ സന്ദേശം വീണ്ടും വൈറലായിരിക്കുകയാണ്.
പ്രചാരണം
ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും വീണ്ടും വൈറലായിരിക്കുകയാണ് കോസ്‌മിക് രശ്‌മികളെ കുറിച്ചുള്ള സന്ദേശം. ഫേസ്‌ബുക്കില്‍ സി.വി എ കുട്ടി എന്നയാള്‍ 2023 ഒക്ടോബര്‍ 16ന് പോസ്റ്റ് ചെയ്‌ത സന്ദേശം ഇങ്ങനെ... 'ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക വളരെ നിർബന്ധമായും. സിംഗപ്പൂർ ടിവി പുറത്തുവിട്ട വിവരമാണിത്. ഇതു വായിച്ചു നിങ്ങൾ നിങ്ങളുടെ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും കൂട്ടുകാരെയും അറിയിക്കുക. ഇന്നു രാത്രി 12:30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക് രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. അതുക്കൊണ്ട് ദയവു ചെയ്തു നിങ്ങളുടെ മൊബൈൽ ഓഫ് ചെയ്യുക. ഈസമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും. സംശയം ഉള്ളവർ ഗൂഗിളിൽ NASAഎന്ന് സെർച്ച് ചെയ്യുക. BBCന്യൂസ് നോക്കുക. എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക'.
വസ്‌തുത
സാമൂഹ്യമാധ്യമങ്ങളിലെ മലയാളികള്‍ക്ക് വളരെ സുപരിചിതമായ സന്ദേശമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഈ സന്ദേശത്തിന് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളോളം പഴക്കമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇതേ സന്ദേശം 2015 മുതല്‍ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ കണ്ടെത്താനായി. 2015 മുതലുള്ള എല്ലാ വര്‍ഷങ്ങളിലും ഈ സന്ദേശം ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തിരിച്ചറിയാതെ ഇപ്പോഴും സന്ദേശം പലരും ഷെയര്‍ ചെയ്യുകയാണ്.
2015 മുതലുള്ള സമാന എഫ്‌ബി പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
നിഗമനം
ഇന്ന് രാത്രി കോസ്മിക് രശ്മികൾ ഭൂമിയിലേക്ക് വരുമെന്നും അതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യണം എന്നുമുള്ള സന്ദേശത്തില്‍ കഴമ്പില്ല എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. കോസ്‌മിക് രശ്‌മികളെ കുറിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, ആരും വിശ്വസിക്കരുത്.
Read more: 'രാജസ്ഥാനിൽ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്, ചെരിപ്പിനടി'; വീഡിയോയും വസ്‌തുതയും- Fact Check