Fact Check: ആളുകളെ കുഴക്കി പ്ലാസ്റ്റിക് അരി, നിര്‍മ്മിക്കുന്നത് ഇങ്ങനെ! വീഡിയോ കണ്ട് ഭയന്നവര്‍ അറിയേണ്ടത്

പഴയ പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്തു ഒറിജിനൽ അരി നിർമ്മിക്കുന്നു, വീഡിയോ കണ്ടു നോക്കൂ! എന്ന് മലയാളത്തിലുള്ള തലക്കെട്ടോടെയാണ് വീഡിയോ

plastic rice true or fake here is the reality Fact Check 2023 11 16 jje

പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് മുട്ട പോലെ ഏറെ ചര്‍ച്ചയായ ഭക്ഷ്യവസ്‌തുവാണ് പ്ലാസ്റ്റിക് അരി. പ്ലാസ്റ്റിക് അരിയുടേത് എന്ന വാദങ്ങളോടെ നിരവധി വീഡിയോകള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും വീഡിയോ സഹിതം ഈ പ്രചാരണം സജീവമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വീഡിയോയുടെ വസ്‌തുത വിശദമായി പരിശോധിക്കാം. 

പ്രചാരണം

പഴയ പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്തു ഒറിജിനൽ അരി നിർമ്മിക്കുന്നു, വീഡിയോ കണ്ടു നോക്കൂ! എന്ന് മലയാളത്തിലുള്ള തലക്കെട്ടോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ രാഹുല്‍ കെ.ടി എന്ന യൂസര്‍ 2023 നവംബര്‍ ഏഴാം തിയതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അരിയോട് സാദൃശ്യമുള്ള എന്തോ പദാര്‍ഥം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോ. അരിയെയും ചോറിനേയും കൂടാതെ പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്‍റെയും റീ സൈക്കിള്‍ ചെയ്യുന്നതിന്‍റേയും ദൃശ്യങ്ങളും ഈ വീഡിയോയിലുണ്ട്. അരിക്കൊപ്പം പ്ലാസ്റ്റിക്കും കാണിക്കുന്നതാണ് പ്ലാസ്റ്റിക് അരി നിര്‍മ്മിക്കുന്ന പ്രൊസസാണ് വീഡിയോയില്‍ എന്ന ബലം സംശയപ്പെടുത്തുന്നത്. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് പറയുന്നവരെയും പ്ലാസ്റ്റിക് പുഴുങ്ങിയാല്‍ ചോറാവുമോ എന്ന് ചോദിക്കുന്നവരെയും വീഡിയോയ്‌ക്ക് താഴെ കമന്‍റ് ബോക്‌സില്‍ കാണാം. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

plastic rice true or fake here is the reality Fact Check 2023 11 16 jje

വസ്‌തുതാ പരിശോധന

വീഡിയോയില്‍ കാണുന്നത് പ്ലാസ്റ്റിക് അരിയല്ല, ഫോര്‍ട്ടിഫൈഡ് റൈസ് (സമ്പുഷ്‌ടീകരിച്ച അരി) എന്ന ഉല്‍പന്നത്തിന്‍റെ നിര്‍മ്മാണമാണ്. അരിയിലെ പോഷകം കൂട്ടാനായി പ്രത്യേകം സംസ്‌കരിച്ചാണ് ഫോര്‍ട്ടിഫൈഡ് റൈസ് നിര്‍മ്മിക്കുന്നത്. സാധാരണ അരി പൊടിച്ച് അതിലേക്ക് വിറ്റാമിനുകള്‍ അടങ്ങിയ മിശ്രിതം ചേര്‍ത്താണ് ഫോര്‍ട്ടിഫൈഡ് റൈസിന്‍റെ നിര്‍മ്മാണം. പ്രചരിക്കുന്ന വീഡിയോയിലെ ഒരു ഭാഗം ഫോര്‍ട്ടിഫൈഡ് റൈസ് നിര്‍മ്മാണ കമ്പനിയായ Fortifit Nutrition Pvt. Ltd അവരുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ളതായി വസ്‌തുതാ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

plastic rice true or fake here is the reality Fact Check 2023 11 16 jje

എന്താണ് ഫോര്‍ട്ടിഫൈഡ് റൈസ്?

ഫോര്‍ട്ടിഫൈഡ് റൈസ് എന്താണ് എന്നതിനെ കുറിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിശദ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തോതില്‍ അരി ഉപഭോഗമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു സംവിധാനമാണ് റൈസ് ഫോർട്ടിഫിക്കേഷൻ. അരിമില്ലുകളിലെ പ്രൊസസിംഗ് പ്രക്രിയയ്ക്കിടയില്‍ അരിയിലെ പോഷകങ്ങള്‍ നഷ്‌ടപ്പെടുന്നത് ഈ മാര്‍ഗത്തിലൂടെ ഒഴിവാക്കാം എന്നും സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ  വെബ്‌സൈറ്റില്‍ പറയുന്നു. അരിയിലെ പോഷകം കൂട്ടാനായി റൈസ് ഫോർട്ടിഫിക്കേഷനിലൂടെ പ്രത്യേകം വിറ്റാമിനുകളും ധാതുക്കളും ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഫോര്‍ട്ടിഫൈഡ് റൈസിന്‍റെ ഗുണമേന്‍മകളും പ്രധാന ബ്രാന്‍ഡുകളും നിര്‍മ്മാണ രീതിയും FSSAIയുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. വായിക്കാനുള്ള ലിങ്ക്... 

നിഗമനം

പ്ലാസ്റ്റിക് അരിയുടെ നിര്‍മ്മാണ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. റൈസ് ഫോർട്ടിഫിക്കേഷൻ പ്രക്രിയയുടെ വീഡിയോയാണ് പ്ലാസ്റ്റിക് അരി നിര്‍മ്മാണം എന്ന അവകാശവാദങ്ങളോടെ പലരും സാമൂഹ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

Read more: പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios