കൈയില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ ടാറ്റൂ ചെയ്‌ത വിരാട് കോലി; വൈറല്‍ ഫോട്ടോ വ്യാജം
വിരാട് കോലിയുടെ കൈയിലെ പുതിയ ടാറ്റൂ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്
ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കോലിയുടെ കൈയില്‍ ടീം ഇന്ത്യയുടെ മൂന്ന് ഐസിസി ട്രോഫികള്‍ ടാറ്റൂ ചെയ്‌ത് വച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം.
പ്രചാരണം
'വിരാട് കോലിയുടെ കൈയിലെ പുതിയ ടാറ്റൂ'- എന്ന കുറിപ്പോടെയാണ് ചിത്രം നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 2024 ടി20 ലോകകപ്പ് ട്രോഫിയുടെ ചിത്രവും ഈ ടാറ്റൂവിലുണ്ട് എന്ന് ആരാധകര്‍ ചിത്രം ചൂണ്ടിക്കാട്ടി അവകാശപ്പെടുന്നു.
വസ്‌തുതാ പരിശോധന
ആരാധകര്‍ പലരും അവകാശപ്പെടുന്നത് പോലെ വിരാട് കോലിയുടെ കൈയില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ ടാറ്റൂ ചെയ്‌ത് പതിപ്പിച്ചിട്ടുണ്ടോ. വസ്‌തുത അറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ യഥാര്‍ഥ ഫോട്ടോ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഈ ചിത്രത്തില്‍ കോലിയുടെ കൈയില്‍ മൂന്ന് ഐസിസി ട്രോഫികളുടെ ടാറ്റൂ കാണാനില്ല എന്നതാണ് യാഥാര്‍ഥ്യം.
Kohli's headshots ahead of T20 WC, He can make any damn jersey look good. ❤️🐐 pic.twitter.com/cbcu1u4Xn8
— Yashvi (@BreatheKohli) June 3, 2024
കോലിയുടെ കൈയില്‍ ഐസിസി ട്രോഫികളുടെ ടാറ്റൂ ഇല്ലെന്ന് മറ്റൊരു തെളിവും വ്യക്തമാക്കുന്നു. ഫോട്ടോയുടെ ഒറിജിനല്‍ ഗെറ്റി ഇമേജസില്‍ കാണാം. എന്നാല്‍ ഗെറ്റിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോട്ടോയിലും കോലിയുടെ കൈയില്‍ ഐസിസി കിരീടങ്ങളുടെ മുദ്ര ഇല്ല.
നിഗമനം
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി മൂന്ന് ഐസിസി ട്രോഫികള്‍ കൈയില്‍ ടാറ്റൂ ചെയ്‌തിരിക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. കോലിയുടെ കൈയില്‍ മൂന്ന് ഐസിസി ട്രോഫികളുടെ ടാറ്റൂ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത ഫോട്ടോയാണ് പ്രചരിക്കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം