ഗാസയിലെ പരിക്കുകള്‍ നാടകം? രക്തം പൂശി സഹതാപം പിടിച്ചുപറ്റാന്‍ ശ്രമം, സത്യമോ ഞെട്ടിക്കുന്ന വീഡിയോ- Fact Check
ഗാസക്കാർ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി മേക്കപ്പ് അണിഞ്ഞ് ഇരവാദം ഇറക്കി ലോകത്തിന്‍റെ സഹതാപം ഏറ്റുവാങ്ങാന്‍ ശ്രമിക്കുകയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ പറയുന്നത്
ഏറ്റവും പുതിയ ഇസ്രയേല്‍-ഹമാസ് സംഘർഷം പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. 2023 ഒക്ടോബർ ഏഴാം തിയതി ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ സേന കനത്ത വ്യോമാക്രമണമാണ് ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ കനത്ത ആള്‍നാശവും പരിക്കും വരുത്തിയ ഇസ്രയേലിന്‍റെ ആക്രമണത്തിനിടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഗാസയിലെ ജനങ്ങള്‍ സാരമായി പരിക്കേറ്റതായി മേക്കപ്പ് അണിഞ്ഞ് ഇരവാദം ഇറക്കി ലോകത്തിന്‍റെ സഹതാപം ഏറ്റുവാങ്ങാന്‍ ശ്രമിക്കുകയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലും ഇന്‍സ്റ്റഗ്രാം പോസ്റ്റിലും പറയുന്നത്.
പ്രചാരണം
'എന്താണ് ഈ വീഡിയോ എന്നു അറിയാമോ... ഒന്ന് കാണണം. ഇസ്രയേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ പാവം മുസ്ലിംകളുടെ വീഡിയോ എടുക്കും മുന്നേയുള്ള തയ്യാറെടുപ്പാണ്. ഇങ്ങനെയാണ് ഇവർ victim card കളിക്കുന്നത്. ഇങ്ങനെയാണ് ഇവർ വർഷാവർഷം സഹതാപം തരംഗം ഉണ്ടാക്കി ഒരു വർഷം കഴിയാനുള്ള പണം...' എന്നുമാണ് രമിത്ത് എന്ന യൂസറുടെ ട്വീറ്റിലുള്ളത്. 2023 ഒക്ടോബർ 16നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. പരിക്കേറ്റവരായി ചിത്രീകരിക്കാന്‍ രക്തം പൂശി നിരവധി പേരെ കുറേയാളുകള്‍ ചേർന്ന് ഒരുക്കുന്നതാണ് 26 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഇരവാദം മുഴക്കാന്‍ ഗാസയിലെ മുസ്ലീംകള്‍ പുറത്തെടുക്കുന്ന അടവാണ് ഇത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രമിത്ത് എന്ന യൂസർ ആരോപിക്കുന്നത്.
രമിത്ത് എന്നയാളുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
ഇതേ വീഡിയോ കാസ കൊല്ലം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെ. 'ഇത്രേം കാലം ഇസ്രയേൽ പീഡിപ്പിക്കുന്ന എന്ന് പറഞ്ഞു ലോകത്തെ പറ്റിച്ച് പൈസ ഉണ്ടാക്കിയത് ഇങ്ങനെയാണ്. ആ പൈസ വെച്ച് ആയുധം വാങ്ങി ഇസ്രയേലിനെ ആക്രമിക്കും. ഇസ്രയേൽ പലസ്തീനിലെ ദീനികളായ മുസ്ലീംസിനെ പീഡിപ്പിക്കുന്നേയ് എന്നു പറഞ്ഞ് വരുന്ന വീഡിയോകളുടെ 99% വും ദാ... ഇങ്ങനെയാണ്.. ഇപ്പൊൾ നേരിട്ട് കിട്ടി തുടങ്ങിയപ്പോൾ ചമധാനം ആയിക്കാണും'- എന്നുമാണ് കാസ കൊല്ലത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്.
കാസ കൊല്ലത്തിന്‍റെ ഇന്‍സ്റ്റ പോസ്റ്റ്
സമാന വീഡിയോ ഇതേ അവകാശവാദങ്ങളോടെ ഇംഗ്ലീഷ് തലക്കെട്ടുകളിലും ട്വിറ്ററില്‍ കാണാം. ലിങ്ക് 1, 2, 3, 4.
ഇംഗ്ലീഷിലുള്ള ട്വീറ്റുകള്‍
വസ്തുത
മേക്കപ്പിടുന്ന ദൃശ്യം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എന്താണ് വീഡിയോയുടെ വസ്തുത എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. ട്വീറ്റുകളിലും ഇന്‍സ്റ്റഗ്രാം പോസ്റ്റിലും പറയുന്നത് പോലെയല്ല വീഡിയോയുടെ യാഥാർഥ്യം എന്നാണ് വസ്തുതാ പരിശോധനയില്‍ വ്യക്തമായത്.
വീഡിയോയില്‍ കാണുന്ന ഒരു കാര്യം ശരിയാണ്, മേക്കപ്പ് ഇട്ട് ആളുകള്‍ പരിക്ക് അഭിനയിക്കുക തന്നെയാണ്. എന്നാല്‍ ഇത് ഇസ്രയേല്‍ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് സാരമായി പരിക്കേറ്റു എന്ന് ഗാസയിലെ ജനങ്ങള്‍ ലോകജനതയെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതല്ല. രാജ്യാന്തര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ 2021ലെ ഒരു വാർത്തയാണ് ഈ നിഗമനത്തിലെത്താന്‍ സൂചനയായത്. സിനിമ മേക്കപ്പിലും സ്പെഷ്യല്‍ ഇഫക്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗാസയിലെ ഒരുപറ്റം യുവ ആർട്ടിസ്റ്റുകളുടെ കമ്പനിയെ കുറിച്ചുള്ള റിപ്പോർട്ട് തുർക്കി ചാനലായ ടിആർടി വേള്‍ഡ് 2017 മാർച്ച് 2ന് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തിരുന്നു എന്ന് റോയിട്ടേഴ്സിന്‍റെ വാർത്തയില്‍ പറയുന്നു. രണ്ട് നിർണായക തെളിവുകള്‍ ടിആർടി വേള്‍ഡിന്‍റെ വീഡിയോ റിപ്പോർട്ട് പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു.
ടിആർടി വേള്‍ഡിന്‍റെ വീഡിയോ
1. ദൃശ്യങ്ങളില്‍ കാണുന്ന മേക്കപ്പ് ആർട്ടിസ്റ്റുകള്‍ ഫ്രഞ്ച് ഡോക്ടർമാരുടെ ഒരു ട്രെയിനിംഗ് പരിപാടിക്കായി ആളുകളെ മേക്കപ്പ് അണിയിച്ച് തയ്യാറാക്കുന്നതിന്‍റെ വീഡിയോയാണിത് എന്ന് ടിആർടി വേള്‍ഡിന്‍റെ മാധ്യമപ്രവർത്തക വിശദീകരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 2. മെഡിക്കല്‍ സിമുലേഷന്‍ പരിപാടിയാണ് ഇതെന്ന് വീഡിയോയിലുള്ള ബാനറില്‍ രേഖപ്പെടുത്തിയിരിക്കുന്നതും കാണാവുന്നതാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റുവെന്ന് കാണിക്കാന്‍ ഗാസക്കാർ മേക്കപ്പിട്ട് അഭിനയിക്കുകയാണ് എന്ന വാദം കള്ളമാണെന്ന് ഈ രണ്ട് കാരണങ്ങള്‍ അടിവരയിടുന്നു.
ചിത്രത്തിലെ ബാനറും മെഡിക്കല്‍ സംഘത്തിന്‍റെ വേഷവും ശ്രദ്ധിക്കുക
വീഡിയോ മുമ്പും
ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ 2021ലെ ഇസ്രയേല്‍-ഹമാസ് സംഘർഷ സമയത്തും തെറ്റായ തലക്കെട്ടുകളോടെ പ്രചരിച്ചിരുന്നു എന്നും ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ വച്ചുള്ള റിവേഴ്സ് ഇമേജ് സെർച്ചില്‍ വ്യക്തമായിട്ടുണ്ട്. അന്നും ഗാസയിലെ ജനങ്ങള്‍ പരിക്ക് അഭിനയിച്ച് ഇരവാദം മുഴക്കുന്നു എന്നായിരുന്നു വീഡിയോ ഷെയർ ചെയ്തവരുടെ അവകാശവാദം. 2021ല്‍ പ്രചരിച്ചിരുന്ന വീഡിയോയുടെ ലിങ്ക്.
2021 ട്വീറ്റുകളിലൊന്നിന്‍റെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഗാസയിലെ ജനങ്ങളുടെ പരിക്ക് അഭിനയം എന്ന ആരോപണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഇത്രയും വിവരങ്ങളില്‍ നിന്ന് ഉറപ്പിക്കാം. 2017ല്‍ ഗാസയില്‍ ഫ്രഞ്ച് ഡോക്ടർമാരുടെ ഒരു പരിശീലന പരിപാടിക്കായി ആളുകളെ മേക്കപ്പ് ചെയ്ത് ഒരുപറ്റം യുവ ആർട്ടിസ്റ്റുകള്‍ തയ്യാറാക്കുന്ന ദൃശ്യമാണിത്. നിലവിലെ (2023) ഇസ്രയേല്‍-ഹമാസ് സംഘർഷങ്ങളില്‍ സാരമായി പരിക്കേറ്റെന്ന് ഇരവാദം മുഴക്കാന്‍ ഗാസയിലെ ജനങ്ങള്‍ പരിക്ക് അഭിനയിക്കാനായി മേക്കപ്പ് അണിയുന്ന ദൃശ്യങ്ങള്‍ അല്ല ഇത്.
Read more: എന്തൊരു ദുരവസ്ഥ; പലസ്‌തീന്‍ അനുകൂല പ്രകടനം എന്ന പേരില്‍ കൊവിഡ് കാല വീഡിയോ വൈറല്‍! Fact Check