പാകിസ്ഥാനിലും നോട്ട് നിരോധനം! ഉടനടി 5000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രചാരണം; പക്ഷേ... Fact Check
ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കോപ്പി എന്ന പേരിലൊരു ഓര്‍ഡറും ട്വീറ്റിനൊപ്പം കാണാം
ലാഹോര്‍: നോട്ട് നിരോധനത്തിന് തയ്യാറെടുക്കുകയാണോ പാകിസ്ഥാന്‍. പാകിസ്ഥാന്‍ 5000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്നാണ് വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നടക്കം സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) വിജ്ഞാപനം പ്രചരിക്കുന്നത്. ഇന്ത്യയെ പോലെ നോട്ട് നിരോധനത്തിലേക്ക് നീങ്ങുകയാണോ പാകിസ്ഥാന്‍? പ്രചാരണം ശരിയോ എന്ന് നോക്കാം.
പ്രചാരണം
5000 രൂപ നോട്ടിന്‍റെ ഉപയോഗവും വിതരണവും നിരോധിച്ചുകൊണ്ട് പാകിസ്ഥാന്‍ വിജ്ഞാപനമിറക്കി എന്ന് പറഞ്ഞുകൊണ്ടാണ് 𝐔𝐒𝐃/𝐏𝐊𝐑 എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് ട്വീറ്റ്. ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കോപ്പി എന്ന പേരിലൊരു ഓര്‍ഡറും ട്വീറ്റിനൊപ്പം കാണാം. 'സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നോട്ട് നിരോധനം, 5000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളും അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളും വഴി അവസാന തിയതിക്ക് മുമ്പ് മാറ്റിയെടുക്കാം. നോട്ട് നിരോധിക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ നടത്തും' എന്നും വിജ്ഞാനപനത്തില്‍ പറയുന്നു. 60000ത്തോളം പേര്‍ ഈ ട്വീറ്റ് ഇതിനകം കണ്ടുകഴിഞ്ഞ സാഹചര്യത്തില്‍ സംഭവം സത്യമോ എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
പാകിസ്ഥാനില്‍ 5000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതായുള്ള വിജ്ഞാപനം വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. നോട്ട് നിരോധിക്കുന്നതായുള്ള വാര്‍ത്ത വ്യാജമാണ് എന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണുന്നതായും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ ഫാക് ചെക്ക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട് എന്ന് വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. ട്വീറ്റ് ചുവടെ കാണാം.
മാത്രമല്ല, വാര്‍ത്താവിനിമയ മന്ത്രി മുര്‍ത്താസ സോളങ്കിയും പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനമാണ് എന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് അരക്ഷിരാവസ്ഥ സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ എന്ന് മുര്‍ത്താസ ആരോപിക്കുന്നു.
നിഗമനം
പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനമാണ് എന്നും പാകിസ്ഥാന്‍ 5000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നില്ല എന്നും ഔദ്യോഗിക പ്രതികരണങ്ങളില്‍ നിന്ന് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം